Quantcast

പി.ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ച പ്രവർത്തകനെ സി.പി.എം പുറത്താക്കി

ജയരാജനെ പിന്തുണച്ച് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച എൻ.ധീരജ് കുമാറിനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്

MediaOne Logo

  • Published:

    6 March 2021 6:12 PM IST

പി.ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ച പ്രവർത്തകനെ സി.പി.എം പുറത്താക്കി
X

നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരായ പ്രതിഷേധങ്ങളെ തള്ളി സി.പി.എം. ജയരാജനെ പിന്തുണച്ച് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ബ്രാഞ്ച് കമ്മിറ്റി അംഗം എൻ.ധീരജ് കുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പരസ്യപ്രതികരണം നടത്തിയിരുന്നു. ധീരജിന്റെ നേതൃത്വത്തിലായിരുന്നു അമ്പാടിമുക്കിൽ നിന്നും ബിജെപി - ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിൽ എത്തിയത്. പി.ജെ ആർമി അടക്കമുള്ള ഫേസ് ബുക്ക് പേജുകളിലും പ്രതിഷേധം ശക്തമാണ്.

പി ജയരാജന്‍ മത്സരിക്കണമെന്നത് പ്രവര്‍ത്തകരുടെ വികാരമാണെന്ന് ധീരജ് പറഞ്ഞു. താന്‍ ബൂത്ത് സെക്രട്ടറി കൂടിയാണ്. 300ഓളം വീടുകളുടെ ചാര്‍ജുണ്ട്. ജനങ്ങള്‍ ഇങ്ങോട്ട് ചോദിക്കുന്നുണ്ട് അദ്ദഹം മത്സരിക്കില്ലേയെന്ന്. കണ്ണൂരിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ശക്തനായ നേതാവാണ് പി.ജയരാജനെന്നും അദ്ദേഹം പ്രതികരിച്ചു.

പി ജയരാജന്‍റെ നേതൃത്വത്തിലാണ് ധീരജ് ഉള്‍പ്പെടെയുള്ളവരെ സിപിഎമ്മില്‍ എത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പി ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ച് അമ്പാടിമുക്കില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരിലുള്ള ഫേസ് ബുക്ക് പേജിലും പി ജയരാജനായി പ്രചാരണമുണ്ടായി. പാർട്ടി നേതൃത്വത്തിന്‍റെ ശാസനയടക്കമുള്ള അച്ചടക്ക നടപടിയിലേക്ക് പി ജയരാജനെ എത്തിച്ചതും ഈ പ്രചാരണങ്ങളായിരുന്നു.

അതേസമയം പി. ജയരാജനെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടക്കുന്ന പ്രതിഷേധങ്ങളെ തള്ളി പി ജയരാജന്‍ തന്നെ രംഗത്തുവന്നു. പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുകയെന്നും അതിനെ സ്വാധീനിക്കാൻ ആരും ശ്രമിക്കേണ്ടതില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജയരാജന്‍റെ പ്രതികരണം.

TAGS :

Next Story