Quantcast

കോഹ്‌ലിക്ക് സച്ചിന്റെ ഉപദേശം

പത്ത് വിക്കറ്റിനപ്പുറം ഒരു ബൗളര്‍ക്ക് ഒരു കളിയില്‍ നേടാന്‍ കഴിയില്ല. എന്നാല്‍ ബാറ്റ്‌സ്മാന്റെ നേട്ടങ്ങള്‍ക്ക് പരിധിയില്ല. സന്തോഷിച്ചോളൂ, പക്ഷേ...

MediaOne Logo

Web Desk

  • Published:

    9 Aug 2018 6:20 AM GMT

കോഹ്‌ലിക്ക് സച്ചിന്റെ ഉപദേശം
X

ഇംഗ്ലണ്ടില്‍ പുതുചരിത്രം തീര്‍ത്ത എഡിങ്ബാസ്റ്റണ്‍ ടെസ്റ്റിന് ശേഷം കോഹ്‌ലിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉപദേശം. ശ്രദ്ധ തെറ്റരുതെന്നു ഹൃദയം പറയുന്നത് കേള്‍ക്കണമെന്നുമാണ് സച്ചിന്‍ കോഹ്‌ലിയോടായി പറയുന്നത്. മറ്റൊരു ഇന്ത്യന്‍ താരം അര്‍ധസെഞ്ചുറി പോലും നേടാതിരുന്ന ആദ്യ ടെസ്റ്റില്‍ 149, 51 എന്നിങ്ങനെയായിരുന്നു കോഹ്‌ലിയുടെ സ്‌കോര്‍.

നാലാം ദിനം കോഹ്‌ലി പുറത്തായതോടെയാണ് ഇംഗ്ലണ്ട് ജയം ഉറപ്പിച്ചതു തന്നെ. കോഹ്‌ലിയുടെ നേതൃത്വത്തില്‍ പൊരുതിയ ഇന്ത്യ 31 റണ്‍സിന്റെ തോല്‍വിയാണ് ഇംഗ്ലണ്ടിനോട് വഴങ്ങിയത്. ഇന്ത്യ ടെസ്റ്റില്‍ തോറ്റെങ്കിലും കോഹ്‌ലിയുടെ പ്രകടനം വലിയ തോതില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് കരിയറില്‍ പലതവണ സമാനമായ സാഹചര്യം നേരിട്ടിട്ടുള്ള സച്ചിന്‍ കോഹ്‌ലിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

''കോഹ്‌ലി മനോഹരമായാണ് കളിക്കുന്നത്. അത് തുടരൂ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. നിങ്ങള്‍ക്ക് ചുറ്റും നടക്കുന്നതിനെക്കുറിച്ച് അധികം ചിന്തിക്കരുത്. കളിയില്‍ മാത്രമായിരിക്കണം ശ്രദ്ധ. ഹൃദയം പറയുന്നത് മാത്രം ശ്രദ്ധയോടെ കേട്ട് മുന്നോട്ട് പോകൂ' ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ വ്യക്തമാക്കി.

'എത്ര റണ്‍ നേടിയാലും ബാറ്റ്സ്മാന്‍ തൃപ്തനാകണമെന്നില്ല. എന്റെ അനുഭവത്തില്‍ നിന്നാണിത് പറയുന്നത്. പത്ത് വിക്കറ്റിനപ്പുറം ഒരു ബൗളര്‍ക്ക് ഒരു കളിയില്‍ നേടാന്‍ കഴിയില്ല. എന്നാല്‍ ബാറ്റ്‌സ്മാന്റെ നേട്ടങ്ങള്‍ക്ക് പരിധിയില്ല. സന്തോഷിച്ചോളൂ, പക്ഷേ ഒരിക്കലും റണ്‍സിന്റെ കാര്യത്തില്‍ തൃപ്തനാകരുത്' മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കോഹ്‌ലിയെ ഓര്‍മ്മിപ്പിക്കുന്നു.

എഡിങ്ബാസ്റ്റണ്‍ ടെസ്റ്റിലെ പ്രകടനത്തോടെ സ്റ്റീവ് സ്മിത്തിനെ മറികടന്ന് ഐസിസി ടെസ്റ്റ് റാങ്കിംങില്‍ കോഹ്‌ലി ഒന്നാം റാങ്കിലെത്തിയിരുന്നു. കരിയറില്‍ ആദ്യമായാണ് കോഹ്‌ലി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംങില്‍ ഒന്നാമതെത്തുന്നത്. 2011ല്‍ സച്ചിന്‍ ടെറ്റ് റാങ്കിംങില്‍ ഒന്നാമതെത്തിയതിന് ശേഷം ഇപ്പോഴാണ് മറ്റൊരു ഇന്ത്യന്‍ താരം ഈ നേട്ടം സ്വന്തമാക്കുന്നത്.

TAGS :

Next Story