Quantcast

റെക്കോര്‍ഡ് കൈവശപ്പെടുത്തിയവര്‍ കരുതിയിരിക്കുക; കോഹ്‌ലി വരുന്നുണ്ട്...

പരിശോധനകള്‍ക്ക് വഴി വെക്കുമ്പോള്‍ ഇനിയും പല റെക്കോഡുകളും വിരാട് അടുത്ത് തന്നെ മറികടക്കാനിടയുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഇവയാണ്.

MediaOne Logo

Web Desk

  • Published:

    25 Oct 2018 6:20 AM GMT

റെക്കോര്‍ഡ് കൈവശപ്പെടുത്തിയവര്‍ കരുതിയിരിക്കുക; കോഹ്‌ലി  വരുന്നുണ്ട്...
X

വിരാട് കോഹ്‍ലി ഇന്ന് നിലവിലുള്ള ഏറ്റവും നല്ല ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്‍ലി എല്ലാ ഫോര്‍മാറ്റുകളിലുമുള്ള റെക്കോഡുകള്‍ തന്‍റെ പേരിലാക്കിക്കൊ ണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ഏകദിനത്തില്‍ 37ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. പരിശോധനകള്‍ക്ക് വഴി വക്കുമ്പോള്‍ ഇനിയും പല റെക്കോഡുകളും വിരാട് അടുത്ത് തന്നെ മറികടക്കാനിടയുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഇവയാണ്.

ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരം

ഏല്ലാ ഫോര്‍മാറ്റുകളിലുമായി സച്ചിന്‍ നേടിയ 100 സെഞ്ച്വറികള്‍ ഇനിയും ദൂരെയാണെങ്കിലും ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന സച്ചിന്‍റെ റെക്കോഡ് പെട്ടന്ന് തന്നെ വിരാടിന് മറികടക്കാനാവും. 463 ഏകദിനങ്ങളില്‍ നിന്നും 49 സെഞ്ച്വറികളാണ് സച്ചിന്‍റെ സമ്പാദ്യം. എന്നാല്‍ 29കാരനായ കോഹ്‍ലി 211 ഏകദിനങ്ങളില്‍ നിന്നും 37 സെഞ്ച്വറികള്‍ ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. ശരാശരി കണക്കാക്കുമ്പോള്‍ സച്ചിന്‍ ഓരോ 10 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറി കരസ്ഥമാക്കമ്പോള്‍ കോഹ്‍ലി ആ നേട്ടം ആറ് മത്സരങ്ങളില്‍ കൈവരിക്കുന്നു.

ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍

അറുപത് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച് 27 വിജയങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച മഹേന്ദ്ര സിങ് ധോണിയാണ് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ നായകന്‍. പക്ഷെ, നയിച്ച 35 ടെസ്റ്റുകളില്‍ 21 വിജയങ്ങള്‍ ഇപ്പോള്‍ തന്നെ വിരാടിന് സമ്മാനിക്കാനായി. നായകസ്ഥാനം വഹിച്ച 35 ടെസ്റ്റുകളില്‍ 21 വിജയങ്ങളും ഒന്‍പത് സമനിലകളും അഞ്ച് തോല്‍വികളും മാത്രമാണ് വിരാട് നേടിയത്.

ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരം

ആസ്ത്രേലിയക്കെതിരെ 110 മത്സരങ്ങളില്‍ നിന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 20 സെഞ്ച്വറികളാണ് ഒരു താരം, ഒരു ടീമിനെതിരെ നേടുന്ന സെഞ്ച്വറികളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇംഗ്ലണ്ടിനെതിരെ 19 സെഞ്ച്വറികളുമായി മറ്റൊരു ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ സച്ചിന്‍റെ തൊട്ടു പുറകിലുണ്ട്. എന്നാല്‍ കരിയറില്‍ ഏറെ മുന്നോട്ട് പോകാന്‍ ബാക്കിയുള്ള കോഹ്‍ലി ആസ്ത്രേലിയക്കെതിരെ കളിച്ച 54 മത്സരങ്ങളില്‍ നിന്നും ഇത് വരെ നേടിയത് 11 സെഞ്ച്വറികള്‍. ഇതും അദ്ദേഹത്തിന് മറികടക്കാന്‍ സാധ്യമായ ഒരു റെക്കോഡാണ്.

ടി 20യില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത റണ്‍സ്

2016ല്‍ വിരാട് ടി20 യില്‍ നേടിയ ആവറേജിന്‍റെ അടുത്തെത്താന്‍ പോലും മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് സാധിച്ചിട്ടില്ല. കളിച്ച മത്സരങ്ങളില്‍ 106 റണ്‍സിന്‍റെ ആവറേജാണ് താരത്തിന് 2016ല്‍ നേടാനായത്. ഏറ്റവും വേഗത്തില്‍ 1000, 2000 എന്നീ നാഴിക കല്ലുകള്‍ തൊട്ട താരവും വിരാട് കോഹ്‍ലി തന്നെയാണ്. 62 ടി20 മത്സരങ്ങളില്‍ നിന്നും 18 അര്‍ദ്ധ സെഞ്ച്വറികളടക്കം 2102 റണ്‍സാണ് വിരാടിന്‍റെ സമ്പാദ്യം. 75 മത്സരങ്ങളില്‍ നിന്ന് 2271 റണ്‍സോടെ മാര്‍ട്ടിന്‍ ഗപ്ടിലാണ് ഒന്നാമത്. രണ്ടാമത് വിരമിച്ച മുന്‍ ന്യുസിലാന്‍റ് നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ്. ഇവര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് കോഹ്‍ലി.

ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരം

76 തവണ കളിയിലെ താരമായ സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ പേരിലാണ് ഈ റെക്കോഡ് നിലവില്‍. ഇതില്‍ 14 ടെസ്റ്റും 62 ഏകദിനങ്ങളും ഉള്‍പ്പെടുന്നു. 58 മാന്‍ ഓഫ് ദ മാച്ചുകളുമായി സനത് ജയസൂര്യയാണ് രണ്ടാം സ്ഥാനത്ത്. ഇവര്‍ രണ്ട് പേരും കളിയില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ വിരാട് കോഹ്‍ലിക്ക് മറികടക്കാനുള്ള അടുത്ത നാഴിക കല്ലായിരിക്കുമിത്. കോഹ്‍ലിയുടെ പേരില്‍ 339 മത്സരങ്ങളില്‍ നിന്നും 45 മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

TAGS :

Next Story