പൃഥ്വി ഷാക്ക് ആദ്യ ടെസ്റ്റ് നഷ്ടമാകും; തിരിച്ചെത്തുമോ രോഹിത്ത് ?
ഷായുടെ ഒഴിവിലേക്ക് ഏകദിന താരം രോഹിത്ത് ശര്‍മയെ ടീമിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായവുമായാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍ രംഗത്ത് എത്തിയിരിക്കുന്നത്

ആസ്‌ത്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര അടുത്ത ആഴ്ച്ച തുടങ്ങാനിരിക്കേ, വാംഅപ്പ് മാച്ചിനിടെ പരിക്ക് പറ്റി വിക്കറ്റ് കീപ്പര്‍ ബാറ്റ്മാന്‍ പൃഥ്വി ഷാ പുറത്തു പോയത് ടീമിന് തലവേദനയായിരിക്കുകയാണ്. ക്രിക്കറ്റ് ആസ്‌ത്രേലിയക്ക് എതിരായ സന്നാഹ മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ കണങ്കാലിന് പരിക്ക് പറ്റിയ പൃഥ്വി ഷാ, ഡിസംബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരുമെന്ന കാര്യം ബി.സി.സി.ഐ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഇതിനിടെ, ഷായുടെ ഒഴിവിലേക്ക് ഏകദിന താരം രോഹിത്ത് ശര്‍മയെ ടീമിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായവുമായാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡിലാണ് ആദ്യ മത്സരം തുടങ്ങുക.
വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ പൃഥ്വി ഷാ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നാലു ദിവസത്തെ സന്നാഹ മത്സരത്തിലും മികച്ച രീതില്‍ ബാറ്റ് വീശിയ ഷാ, 66 പന്തില്‍ നിന്ന് 69 റണ്‍സും എടുക്കുകയാണ്ടായി. ആസ്‌ത്രേലിയന്‍ ഓപ്പണര്‍ മാക്‌സ് ബ്രയാന്റിനെ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് കാല്‍വഴുതി പൃഥ്വി ഷാക്ക് പരിക്ക് പറ്റിയത്.

അതിനിടെ, നിലവിലെ സാഹചര്യത്തില്‍ ആസ്‌ത്രേലിയക്ക് എതിരെ ഇന്ത്യക്ക് അനിവാര്യമായ കളിക്കാരനാണ് രോഹിത്ത് ശര്‍മ എന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്റെ പക്ഷം. ആസ്‌ത്രേലിയക്ക് എതിരെ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് രോഹിത്ത് കളിച്ചിരിക്കുന്നത്. 28.83 ശരാശരിയില്‍ 173 റണ്‍സാണ് ഇതില്‍ നിന്നും രോഹിത്തിന്റെ സമ്പാദ്യം. ഇന്ത്യക്കായി ഈ വര്‍ഷം രണ്ടു ടെസ്റ്റുകള്‍ മാത്രമാണ് രോഹിത്ത് കളിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍, ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നുമായി 78 റണ്‍സ് മാത്രം നേടിയ രോഹിത്തിനെ, മോശം പ്രകടനത്തെ തുടര്‍ന്ന് മൂന്നാമത്തെ മത്സരത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു.
Adjust Story Font
16

