ഇന്ത്യ 283ന് പുറത്ത്; ആസ്‌ട്രേലിയയുടെ ലീഡ് ഉയരുന്നു
43 റണ്‍സ് നേടി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ആസ്‌ട്രേലിയ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 132ന് നാല് വിക്കറ്റ് നഷ്ടമായെങ്കിലും 175 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കാനായി.

43 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ആസ്‌ട്രേലിയ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 132ന് നാല് വിക്കറ്റ് നഷ്ടമായെങ്കിലും 175 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കാനായി. നായകന്‍ ടിം പെയ്ന്‍(8) ഉസ്മാന്‍ ഖവാജ(41) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് പരിക്കേറ്റ് പിന്‍വാങ്ങി. ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ഭുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലാം ദിനമായ നാളെ എളുപ്പത്തില്‍ വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ ഇന്ത്യക്ക് ക്ഷീണമാകും.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന ആസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഫിഞ്ച് പരിക്കേറ്റ് പിന്‍വാങ്ങിയതിന് പുറമെ മാര്‍ക്കസ് ഹാരിസ്(20) ഷോണ്‍ മാര്‍ഷ്(5) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(13) എന്നിവര്‍ വേഗത്തില്‍ മടങ്ങിയതോടെ ആസ്‌ട്രേലിയ 85ന് മൂന്ന് എന്ന നിലയിലെത്തി. നാലാം വിക്കറ്റില്‍ ട്രാവിസ് ഹെഡ്-ഖവാജ സഖ്യം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഹെഡ് പുറത്തായതോടെ ആസ്‌ട്രേലിയ വീണ്ടും പരുങ്ങലിലായി. പിന്നീട് പരിക്കുകളൊന്നും ഏല്‍പ്പിക്കാതെ ആസ്‌ട്രേലിയ മൂന്നാം ദിനം കളി അവസാനിപ്പിക്കുകയായിരുന്നു.
നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയുടെ മറുപടി 283 റണ്‍സില്‍ അവസാനിച്ചു. ആസ്‌ട്രേലിയയില്‍ ആറാം സെഞ്ചുറി നേടിയ കോഹ്‌ലി സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. കോഹ്‌ലിയുടെ കരിയറിലെ 25ആം ടെസ്റ്റ് ശതകമാണ് പെര്‍ത്തില്‍ പിറന്നത്. എട്ടു റണ്‍സിന് രണ്ടു വിക്കറ്റ് എന്ന നിലയിലേക്ക് ആദ്യ ദിനം കൂപ്പുകുത്തിയ ഇന്ത്യയുടെ ബാറ്റിങ് നിരയെ കോഹ്‌ലി അക്ഷരാര്‍ത്ഥത്തില്‍ കൈപിടിച്ചുകയറ്റുകയായിരുന്നു.
കോഹ്‌ലിയുടെയും രഹാനെയുടെയും പ്രതിരോധമാണ് ഓസീസ് ബോളര്‍മാരുടെ ആക്രമണത്തിന് കടിഞ്ഞാണിട്ടത്. 214 പന്തുകള്‍ നേരിട്ടാണ് കോഹ്‌ലി സെഞ്ച്വറിയിലേക്ക് കുതിച്ചെത്തിയത്. പെര്‍ത്തില്‍ സെഞ്ച്വറി കുറിച്ചതോടെ മറ്റൊരു നേട്ടത്തിലേക്ക് കൂടി ഇന്ത്യന്‍ നായകന്‍ എത്തി. ആസ്‌ട്രേലിയന്‍ മണ്ണില്‍ ആറു ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോര്‍ഡിനൊപ്പം ഇനി കോഹ്‌ലിയുടെ പേര് കൂടി എഴുതിചേര്‍ക്കപ്പെടും.
2012 ല്‍ അഡ്‌ലെയ്ഡിലാണ് കൊഹ്‌ലി തന്റെ ഓസീസിലെ സെഞ്ച്വറി വേട്ട തുടങ്ങിയത്. ശേഷം 2014-15 ല്‍ നാലു സെഞ്ച്വറികള്‍ കൂടി ഓസീസ് മണ്ണില്‍ അടിച്ചെടുത്തു. ഇതില്‍ അഡ്‌ലെയ്ഡിലെ ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടും. 3 വിക്കറ്റ് 172 റണ്‍സെന്ന നിലയില്‍ നിന്നാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. തുടക്കത്തിലേ രഹാനെ(51)യെ മടക്കാനായത് ഓസീസിന് മുന്‍തൂക്കം നല്‍കി. സെഞ്ചുറിക്ക് ശേഷം ഏറെ വൈകാതെ 123 റണ്‍സെടുത്ത കോഹ്‌ലിയെ കമ്മിന്‍സ് സെക്കന്റ് സ്ലിപ്പില്‍ ഹാന്‍ഡ്‌സ്‌കോംപ് നിലംപറ്റെയുള്ള ക്യാച്ചിലൂടെ മടക്കിയതോടെ ഇന്ത്യയുടെ ലീഡ് പ്രതീക്ഷകള്‍ മങ്ങി.
വാലറ്റത്തെ കൂട്ടുപിടിച്ച് ഋഷഭ് പന്ത്(36) പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 283ല്‍ അവസാനിച്ചു. രണ്ടാം ദിവസം വിക്കറ്റ് ലഭിക്കാതിരുന്ന നഥാന്‍ ലയോണ്‍ മൂന്നാം ദിനം അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. രഹാനെ(51), പന്ത്(36), ഷാമി(0), ഇഷാന്ത് ശര്‍മ്മ(1), ബുംറ(4) എന്നിവരെയാണ് ലയോണ്‍ പുറത്താക്കിയത്. സ്റ്റാര്‍ക്കും ഹാസില്‍വുഡും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
Adjust Story Font
16

