ബുംറയുടെ മാര്‍ഷിനെ ഞെട്ടിച്ച സ്ലോ ബോളിന് പിന്നിലെ ഇന്ത്യന്‍ താരം
തുടര്‍ച്ചയായി 140 കിലോമീറ്ററിലേറെ വേഗത്തില്‍ എറിഞ്ഞിരുന്ന ബുംറ ആ പന്തെറിഞ്ഞത് 113 കിലോമീറ്ററിലായിരുന്നു. ആക്ഷന്‍റേയും ഗ്രിപ്പിന്‍റേയും പ്രത്യേകത മൂലം ബുംറയുടെ സാധാരണ പന്തും സ്ലോബോളും തിരിച്ചറിയുക...

ഏകദിന, ടി 20 മത്സരങ്ങളില്‍ എതിരാളികളെ ഞെട്ടിക്കുന്ന ഇന്ത്യയുടെ ബുംറ ടെസ്റ്റിലും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. വേഗതക്കൊപ്പം സ്ഥിരതയും പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്മാര്‍ക്ക് പോലും പ്രതിരോധിക്കാനാവാത്ത ചില പന്തുകളുമാണ് ബുംറയെ വ്യത്യസ്ഥനാക്കുന്നത്. ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായ ചില പന്തുകള്‍ കൊണ്ടാണ് ബുംറ ബാറ്റ്‌സ്മാന്മാരെ ഞെട്ടിക്കുന്നത്. അത്തരമൊരു പന്തായിരുന്നു മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് തൊട്ട് മുമ്പുള്ള അവസാനത്തെ പന്ത്.
കരിയറിന്റെ തുടക്കത്തില്‍ വ്യത്യസ്ഥമായ ആക്ഷന്‍കൊണ്ടും തുളച്ചുകയറുന്ന യോര്‍ക്കറുകള്‍കൊണ്ടും എതിരാളികളെ വെള്ളം കുടിപ്പിച്ചയാളാണ് ബുംറ. കുറിയ കാല്‍വെപ്പുകളോടെ വന്ന് കൈ അതിവേഗം ചുഴറ്റി എറിയുന്ന ആക്ഷന്റെ കാരണം ബുംറ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ കൂടുതലും ടെന്നീസ് പന്തുകൊണ്ടാണ് അദ്ദേഹം കളിച്ചത്. മൈതാനത്തിന് വലിപ്പം കുറവായതിനാല്‍ തന്നെ ലഭ്യമായ സ്ഥലം ഉപയോഗിച്ച് പരമാവധി വേഗത്തില്‍ എറിയാനായിരുന്നു ശ്രമം. ഒരുപാട് ബൗളര്‍മാരെ അനുകരിക്കാന്‍ ശ്രമിച്ച് ഒടുവില്‍ തനതായ ശൈലിയിലെത്തിയെന്നാണ് ബുംറ തന്നെ പറയുന്നത്.
മെല്‍ബണിലെ മൂന്നാം ദിനത്തില്‍ ഇഷാന്ത് ശര്‍മ്മയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. ഓപണര്‍ ഫിഞ്ചിനെ ശര്‍മ്മ പുറത്താക്കിയതിന് പിന്നാലെ ബുംറ മാര്‍ക്കസ് ഹാരിസിനെ ബൗണ്‍സറില്‍ കുടുക്കി. നേരത്തെ രണ്ട് തവണ ബുംറയുടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ടതിനാല്‍ ഇനി താന്‍ ബാറ്റുകൊണ്ട് കളിക്കുമെന്ന് ഹാരിസ് പരസ്യമായി പറഞ്ഞിരുന്നു. ഈ വെല്ലുവിളിക്ക് അനുസരിച്ച് തയ്യാറാക്കിയ കെണിയില്‍ ഹാരിസ് വീഴുകയും ചെയ്തു. ബുംറയുടെ ബൗണ്‍സര്‍ സ്ലിപ്പിന് മുകളിലൂടെ ഉയര്‍ത്തിയടിച്ച ഹാരിസ് തേഡ്മാനില്‍ ഇഷാന്ത് ശര്‍മ്മയുടെ കൈകളില്‍ വിശ്രമിച്ചു.
കവാജയും മാര്‍ഷും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ജഡേജയെത്തി കവാജയെ മടക്കി. തുടര്‍ച്ചയായി 140 കിലോമീറ്ററിലേറെ വേഗതയില്‍ പന്തെറിഞ്ഞ് ബുംറ മാര്‍ഷിനെ അപ്പോഴും പരീക്ഷിക്കുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് തൊട്ട് മുമ്പുള്ള അവസാന ഓവറിലെ അവസാന പന്തിലായിരുന്നു ബുംറ മാജിക്. ആക്ഷന്‍റേയും ഗ്രിപ്പിന്‍റേയും പ്രത്യേകത മൂലം ബുംറയുടെ സാധാരണ പന്തും സ്ലോബോളും തിരിച്ചറിയുക ബാറ്റ്സ്മാന്മാര്‍ക്ക് എളുപ്പമല്ല.
ടി20യില്‍ തുടര്‍ച്ചയായി വേഗത കുറച്ച് പന്തെറിയുന്ന ബുംറയോട് അത്തരമൊന്ന് പരീക്ഷിക്കാന്‍ മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്തിരുന്ന രോഹിത് ശര്‍മ്മയാണ് നിര്‍ദ്ദേശിച്ചത്. പതിവില്‍ നിന്നും 30 കിലോമീറ്ററിലേറെ വേഗതകുറച്ചെറിഞ്ഞ പന്ത് മാര്‍ഷിന്റെ എല്ലാ കണക്കുകൂട്ടലുംതെറ്റിച്ച് നേരെ പാഡില്‍ കൊണ്ടു. അമ്പയര്‍ ഔട്ട് വിധിച്ചപ്പോള്‍ അപ്പീലിന് പോലും നില്‍ക്കാതെ മാര്‍ഷ് മടങ്ങിയത് പോലും ബുംറയുടെ ആ സുന്ദരമായ പന്തിനുള്ള അംഗീകാരമായി.
Adjust Story Font
16

