കോഹ്‍ലിക്ക് കാണികളില്‍ നിന്നും കൂവി വിളി; അതിഥികളോട് മാന്യമായി പെരുമാറാന്‍ ക്രിക്കറ്റ് ആസ്ത്രേലിയ
നേരത്തെ അഡലെയ്ഡ് ടെസ്റ്റിനിടെ കോഹ്‍ലിക്ക് സമാന അനുഭവമുണ്ടായിരുന്നു. എന്നാല്‍ സിഡ്‌നിയിലും ഇത് ആവര്‍ത്തിച്ചതോടെയാണ് ക്രിക്കറ്റ് ആസ്‌ത്രേലിയ പ്രശ്‌നത്തില്‍ ഇടപ്പെട്ടത്

ഫീല്‍ഡിനകത്തും പുറത്തും ആവേശം നിറച്ച് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ-ആസ്ത്രേലിയ ടെസ്റ്റ് പരമ്പര. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിക്ക് ഓസീസ് ആരാധകരില്‍ നിന്നും നേരിട്ട മോശം പെരുമാറ്റത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ആസ്ത്രേലിയ. ആസ്‌ത്രേലിയന്‍ പര്യടനത്തിനിടെ വിരാട് കോഹ്‍ലിയോട് മോശം രീതിയില്‍ പെരുമാറിയ കാണികളോട് മാന്യത പുലര്‍ത്താന്‍ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ആവശ്യപ്പെട്ടു. പരമ്പരക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ നായകന് നേരെ ആസ്‌ത്രേലിയന്‍ ആരാധകരുടെ മോശം പെരുമാറ്റം ഉണ്ടാവുന്നത്.

കോഹ്‍ലി ബാറ്റിംഗിനായി എത്തുമ്പോള്‍ കൂവി വിളികളുമായി വരവേല്‍ക്കുകയായിരുന്നു കാണികള്‍. നേരത്തെ അഡലെയ്ഡ് ടെസ്റ്റിനിടെ കോഹ്‍ലിക്ക് സമാന അനുഭവമുണ്ടായിരുന്നു. എന്നാല്‍ സിഡ്‌നിയിലും ഇത് ആവര്‍ത്തിച്ചതോടെയാണ് ക്രിക്കറ്റ് ആസ്‌ത്രേലിയ പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. അതിഥികളോട് നല്ല രീതിയില്‍ പെരുമാറണമെന്നാണ് ക്രിക്കറ്റ് ആസ്‌ത്രേലിയ സി.ഇ.ഒ കെവിന്‍ റോബര്‍ട്ട്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങളൊന്നും കാണാന്‍ ആരും താല്‍പര്യപ്പെടുന്നില്ല. രാജ്യത്തേക്ക് വരുന്നവര്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും റോബര്‍ട്ട്‌സ് പറഞ്ഞു.
എതിരാളികളെ നേരിടേണ്ടത് ഫീല്‍ഡിലാണ് പുറത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരയില്‍ ഒരു സെഞ്ച്വറിയും, അര്‍ദ്ധ സെഞ്ച്വറിയും നേടിയ കോഹ്ലി, സിഡിനിയിലെ ആദ്യ ഇന്നിംഗ്‌സില്‍ 23 റണ്‍സിന് പുറത്താവുകയായിരുന്നു.
Adjust Story Font
16

