Quantcast

രഞ്ജി ട്രോഫി; നാടകീയ ജയത്തോടെ കേരളം നോക്കൗട്ടില്‍  

അര്‍ധസെഞ്ചുറി നേടിയ വിനൂപ് മനോഹരന്‍(96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(92), സഞ്ജു സാംസണ്‍ (61*) എന്നിവരുടെ ബാറ്റിംങ് മികവാണ് കേരളത്തിന് ജയം സാധ്യമാക്കിയത്.

MediaOne Logo

Web Desk

  • Published:

    10 Jan 2019 3:59 PM IST

രഞ്ജി ട്രോഫി; നാടകീയ ജയത്തോടെ കേരളം നോക്കൗട്ടില്‍  
X

നിര്‍ണ്ണായക മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ അഞ്ച് വിക്കറ്റിന്റെ നിര്‍ണ്ണായക ജയവുമായി കേരളം നോക്കൗട്ടില്‍. ജയം ലക്ഷ്യം വെച്ച് 8ന് 285 എന്ന നിലയില്‍ രണ്ടാം ഇന്നിംങ്‌സ് ഡിക്ലയര്‍ ചെയ്ത് ഹിമാചല്‍ കേരളത്തിന് 297 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. അര്‍ധസെഞ്ചുറി നേടിയ വിനൂപ് മനോഹരന്‍(96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(92), സഞ്ജു സാംസണ്‍ (61*) എന്നിവരുടെ ബാറ്റിംങ് മികവാണ് കേരളത്തിന് ജയം സാധ്യമാക്കിയത്.

സ്‌കോര്‍: ഹിമാചല്‍ പ്രദേശ് 297, 285/8 ഡിക്ലയേര്‍ഡ്, കേരളം 286, 299/5

എട്ടു മല്‍സരങ്ങളില്‍ നാല് ജയത്തോടെ 26 പോയിന്റുമായാണ് കേരളം നോക്കൗട്ടിലെത്തിയത്. മറ്റു മല്‍സരങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെങ്കിലും പോയിന്റ് നിലയിലും റണ്‍റേറ്റിലും മുന്നിലുള്ളതാണ് കേരളത്തിന് ഗുണകരമായത്. എ, ബി ഗ്രൂപ്പുകളില്‍നിന്ന് ആദ്യ അഞ്ചു സ്ഥാനക്കാരാണ് നോക്കൗട്ടിലെത്തുക.

ജയം കൊണ്ട് മാത്രമേ മുന്നോട്ടുപോകൂ എന്ന നിലയിലായിരുന്നു ഹിമാചല്‍ പ്രദേശും കേരളവും. ഇതോടെയാണ് രണ്ടാം ഇന്നിംങ്‌സ് ഹിമാചല്‍ പ്രദേശ് 8ന് 285 റണ്‍സില്‍ വെച്ച് ഡിക്ലയര്‍ ചെയ്തത്. കേരളത്തിന് മുന്നില്‍ ഒരു ദിവസവും 297 റണ്‍സിന്റെ വിജയലക്ഷ്യവുമെന്നത് മത്സരത്തെ സജീവമാക്കി. വന്‍ സമ്മര്‍ദ്ദവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത കേരളത്തിനായി മികച്ച തുടക്കമാണ് ലഭിച്ചത്.

90 ഓവറില്‍ 297 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളം ബാറ്റിങ് ലൈനപ്പില്‍ കാര്യമായ മാറ്റം വരുത്തി. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ പി.രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത് ഓള്‍റൗണ്ടര്‍ വിനൂപ് മനോഹരന്‍. 14 റണ്‍സെടുത്ത രാഹുല്‍ പി പുറത്തായതോടെ സമ്മര്‍ദം കേരളത്തിനായി. എന്നാല്‍ വണ്‍ ഡൗണായി എത്തിയത് സ്പിന്നര്‍ സിജോമോന്‍ ജോസഫും വിനൂപും കൂടി കേരളത്തെ കരകയറ്റി. 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഈ സഖ്യം പിരിയുന്നത്. 23 റണ്‍സെടുത്ത സിജോമോനെ ജെ.കെ സിങ് ആണ് പുറത്താക്കുകയായിരുന്നു. ഇവര്‍ നേടിയ ഓരോ റണ്ണും കേരളത്തിന്റെ ബോണസായി മാറി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം വിനൂപ് മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടു കൂടി തീര്‍ത്ത് കേരളത്തിന്റെ പ്രതീക്ഷകള്‍ സജീവമാക്കി. 101 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ സെഞ്ചുറിക്കു നാലു റണ്‍സ് അകലെ വിനൂപിനെ ദാഗര്‍ പുറത്താക്കി. വൈകാതെ മുഹമ്മദ് അസ്ഹറുദ്ദീനും(0) മടങ്ങിയെങ്കിലും സഞ്ജു-സച്ചിന്‍ സഖ്യം കേരളത്തിന്റെ പ്രതീക്ഷക്കൊത്ത് വളര്‍ന്നു. അഞ്ചാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടുകെട്ടു ചേര്‍ത്ത ശേഷം സച്ചിന്‍ ബേബി(92) പുറത്ത്. പകരമെത്തിയ വിഷ്ണുവിനെ സാക്ഷിയാക്കി സഞ്ജു സാംസണ്‍(53 പന്തില്‍ 61*) വിജയറണ്ണടിച്ചു.

TAGS :

Next Story