Quantcast

വീരുവിന്റെ ബേബി സിറ്റിംഗിന് മറുപടിയുമായി പന്ത്

ഇന്ത്യ-ആസ്ത്രേലിയ ടി20 പരമ്പരക്കുള്ള പ്രമോഷനൽ വീഡിയോയിലാണ് സെവാഗ് ബേബി സിറ്റിംഗ് കൊണ്ട് ഓസീസിനെ ട്രോളിയത്

MediaOne Logo

Web Desk

  • Published:

    14 Feb 2019 4:39 PM GMT

വീരുവിന്റെ ബേബി സിറ്റിംഗിന് മറുപടിയുമായി പന്ത്
X

ഇന്ത്യയുടെ ആസ്ത്രേലിയൻ പര്യടനത്തനിടെ ഉയർന്ന ‘ബേബി സിറ്റർ’ പ്രയോഗത്തിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് പരസ്യ ചിത്രത്തിൽ അഭിനയിച്ച വീരേന്ദ്രർ സെവാഗിന് മറുപടിയുമായി റിഷഭ് പന്ത്. ആസ്ത്രേലിയൻ പര്യടനത്തിനിടെ റിഷഭ് പന്തും ക്യാപ്റ്റൻ ടിം പെയിനും തമ്മിലുണ്ടായ സ്ലെഡ്ജിംഗിന്റെ ഭാഗമായി പ്രസിദ്ധമായ ‘ബേബി സിറ്റർ’ പ്രയോഗം ക്രിക്കറ്റ് ലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇന്ത്യ-ആസ്ത്രേലിയ ടി20 പരമ്പരക്കുള്ള പ്രമോഷനൽ വീഡിയോയിലാണ് സെവാഗ് ബേബി സിറ്റിംഗ് കൊണ്ട് ഓസീസിനെ ട്രോളിയത്. ആസ്ത്രേലിയൻ ജേഴ്സിയിൽ പ്രത്യക്ഷപ്പട്ട കുട്ടികളെ പരിപാലിക്കുന്ന സെവാഗിന്റെ പരസ്യമാണ് പുറത്തു വന്നത്. ഇതിനോട് പ്രതികരിക്കുന്നതിനെടെയാണ് സെവാഗ് എല്ലാ കാര്യത്തില‍ും തനിക്ക് മാതൃകയായിരുന്നു എന്ന് റിഷഭ് പന്ത് പറഞ്ഞത്. ക്രിക്കറ്റിലും ബേബി സിറ്റിംഗിലും എപ്രകാരമായിരിക്കണം മികവ് കാണിക്കേണ്ടതെന്ന് വീരു പാജി തനിക്ക് കാണിച്ച് തന്നിരിക്കുന്നു എന്നും, വീരു ശരിക്കും ഒരു ഇൻസ്പിരേഷനുമാണെന്നായിരുന്നു പന്ത് പറഞ്ഞത്.

ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ൻ, സ്ലെഡ്ജിംഗിന്റെ ഭാഗമായി ബേബി സിറ്റിംഗ് പ്രയോഗം നടത്തിയത്. തന്റെ വീട്ടിലേക്ക് പോരുന്നോ എന്നും, തന്റെ മക്കളുടെ അടുത്ത് അവരെ നോക്കി ഇരിക്കുകയാണെങ്കിൽ തനിക്കും ഭാര്യക്കും പുറത്ത് പോയി വരാമായിരുന്നു എന്നുമാണ് പെയ്ൻ മത്സരത്തിനെടെ പന്തിനോട് പറഞ്ഞത്.

തുടർന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി ഇരു ടീമുകൾക്കുമായി നടത്തിയ ഒരു വിരുന്നിനിടെ ടിം പെയ്നിന്റെ ഭാര്യ ബോണി പെയിനിനൊപ്പം അവരുടെ കുട്ടികളെ എടുത്ത് നിൽക്കുന്ന ഫോട്ടോ എടുത്തായിരുന്നു പന്ത് സ്ലെഡ്ജിംഗിന് മറുപടി നൽകിയത്. ‘ബെസ്റ്റ് ബേബി സിറ്റർ’ എന്ന തലക്കെട്ടോടെ ബോണി പെയ്ൻ തന്നെ ഇത് ഷെയർ ചെയ്തതോടെ സമൂഹ മാധ്യമങ്ങൾ സംഭവം ശരിക്കും ആഘോഷിച്ചു.

ഇതിന്റെ തുടർച്ചയായിട്ടാണ് ഈ മാസം ആരംഭിക്കുന്ന ഇന്ത്യ-ആസ്ത്രേലിയ ടി20 പരമ്പരക്കുള്ള പ്രൊമോ വീഡിയോ ബേബി സിറ്റിംഗ് ആശയം വെച്ച് ചെയ്തത്. എന്നാൽ ഇത് മാത്യു ഹെയ്ഡൻ ഉൾപ്പടെയുള്ള ആസ്ത്രേലിയൻ താരങ്ങളെ ചൊടിപ്പിക്കുകയാണുണ്ടായത്. ആസ്ത്രേലിയയെ ഇത്രമാത്രം കുറച്ചു കാണേണ്ടതില്ലെന്ന് പ്രതികരിക്കുകയായിരുന്നു ഹെയ്ഡന്‍.

TAGS :

Next Story