Quantcast

'കൗണ്ടർ അറ്റാക്ക്' തന്ത്രം പാളി, തകർന്നടിഞ്ഞ് മുൻനിര; അപകടഭീതിയില്‍ ഇന്ത്യ

രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ 151 റൺസിനുള്ളില്‍ രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഒന്നൊന്നായി കൂടാരം കയറിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-06-08 17:39:09.0

Published:

8 Jun 2023 5:38 PM GMT

കൗണ്ടർ അറ്റാക്ക് തന്ത്രം പാളി, തകർന്നടിഞ്ഞ് മുൻനിര; അപകടഭീതിയില്‍ ഇന്ത്യ
X

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ ഇന്നിങ്‌സിൽ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറിയുടെ കരുത്തിൽ 469 എന്ന മികച്ച സ്‌കോറാണ് ആസ്‌ട്രേലിയ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ പക്ഷെ അഞ്ച് മുൻനിര ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറിക്കഴിഞ്ഞു.

രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിങ്ങനെ ഇന്ത്യൻ പ്രതീക്ഷകളെല്ലാം ഒന്നൊന്നായി കൂടാരം കയറിയിരിക്കുകയാണ്. ബാറ്റിങ് ലൈനപ്പിൽ വിശ്വസിക്കാവുന്ന അജിങ്ക്യാ രഹാനെയും(29) വിക്കറ്റ് കീപ്പർ ശ്രീകാർ ഭരതുമാണ്(അഞ്ച്) ക്രീസിലുള്ളത്. അവസാന ദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ അഞ്ചിന് 151 എന്ന നിലയിലാണ്. ഫോളോഓൺ ഭീഷണി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ഇനിയും 83 റൺസ് വേണം. കൗണ്ടർ അറ്റാക്കുമായി ഓസീസ് ബൗളർമാർക്കുമേൽ മേധാവിത്വം പുലർത്തിയ രവീന്ദ്ര ജഡേജ അർധ സെഞ്ച്വറിക്ക് തൊട്ടരികെ(48) വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

തുടക്കത്തിൽ ഏകദിനശൈലിയിൽ തകർത്തടിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. ആസ്‌ട്രേലിയയുടെ പേസ് വജ്രായുധങ്ങളായ മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും അനായാസം ബൗണ്ടറിയിലേക്ക് പറത്തി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഐ.പി.എല്ലിന്റെ ഹാങ്ങോവറിലായിരുന്നുവെന്നാണ് ആദ്യം തോന്നിപ്പിച്ചത്. ആദ്യ ആറ് ഓവറിൽ തന്നെ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 30 റൺസ്!

എന്നാൽ, ആറാം ഓവറിന്റെ അവസാന പന്തിൽ കങ്കാരു നായകൻ ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു. രോഹിത് ശർമയെ വിക്കറ്റിനു മുന്നിൽ കുരുക്കി കമ്മിൻസിലൂടെ ആസ്‌ട്രേലിയയ്ക്ക് ആദ്യ ചിരി. 26 പന്തിൽ 15 റൺസെടുത്താണ് ഇന്ത്യൻ നായകൻ മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ഗില്ലിനെ ക്ലീൻ ബൗൾഡാക്കി സ്‌കോട്ട് ബൊലാൻഡിന്റെ വക ഇന്ത്യയ്ക്ക് അടുത്ത പ്രഹരം. 15 പന്തിൽ 13 റൺസെടുത്ത് ഗില്ലും പുറത്ത്.

മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയും ചേതേശ്വർ പുജാരയും ചേർന്ന് രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. പുജാരയെ(14) ബൗൾഡാക്കി കാമറൂൺ ഗ്രീൻ വക ഇന്ത്യയ്ക്ക് തിരിച്ചടി. അധികം വൈകാതെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ സ്മിത്തിന്(14) ക്യാച്ച് നൽകി കോഹ്ലിയും പോരാട്ടം അവസാനിപ്പിച്ചു.

തുടർന്നായിരുന്നു അഞ്ചാം വിക്കറ്റിൽ രഹാനെയ്‌ക്കൊപ്പം ഒന്നിച്ച രവീന്ദ്ര ജഡേജയുടെ കൗണ്ടർ അറ്റാക്ക്. ഐ.പി.എൽ ഫൈനലിൽ നിർത്തിയേടത്തുനിന്നു തുടങ്ങുകയായിരുന്നു ജഡേജ. ഓസീസ് ബൗളർമാരെ നിലംതൊടാൻ അനുവദിക്കാതെ സിക്‌സറും ബൗണ്ടറികളും പറത്തി അക്ഷരാർത്ഥത്തിൽ വെടിക്കെട്ട് പ്രകടനം. ഇന്ത്യൻ ആരാധകർ ആശ്വസിച്ച നിമിഷങ്ങളായിരുന്നു അത്. മറുവശത്ത് രഹാനെ ഉറച്ച പിന്തുണയുമായി നിലയുറപ്പിച്ചു. ഒരു ട്രാവിസ് ഹെഡ്-സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് ആവർത്തിക്കുന്നതുപോലെ തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കെടുത്തി നഥാൻ ലയോണിന്റെ വരവ്. സ്ലിപ്പിൽ സ്മിത്തിന് ക്യാച്ച് നൽകി അർധസെഞ്ച്വറിക്ക് തൊട്ടരികെ ജഡേജയും വീണു. 51 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 48 റൺസെടുത്തായിരുന്നു ജഡേജ മടങ്ങിയത്.

സ്മിത്-ഹെഡ് കരുത്തിൽ ഓസീസ്

ആദ്യദിനം ഇന്ത്യൻ ബൗളർമാരെ വശംകെടുത്തിയ ഹെഡിനെയും സ്മിത്തിനെയും രാവിലെ തന്നെ പുറത്താക്കാനായതാണ് ഇന്ന് ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന അപൂർവ നിമിഷങ്ങൾ. ഇന്നലെ 146 റൺസെടുത്ത് നിന്ന ഹെഡിന് ഇന്നു രാവിലെ 17 റൺസാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേർക്കാനായത്. 26 റൺസ് കൂട്ടിച്ചേർത്ത് സ്മിത്തും മടങ്ങി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ രണ്ട് സെഞ്ച്വറികൾ സ്വന്തം പേരിലാക്കിയാണ് ഹെഡും സ്മിത്തും കൂടാരം കയറിയത്.

മൂന്നിന് 76 എന്ന നിലയിൽ തകർച്ച മുന്നിൽകണ്ട കങ്കാരുക്കളെ സ്മിത്തും ഹെഡും ചേർന്നാണ് ആദ്യ ദിവസം കരകയറ്റിയത്. ഒരറ്റത്ത് സ്മിത്ത് പ്രതിരോധക്കോട്ട കെട്ടി കളിച്ചപ്പോൾ അപ്പുറത്ത് ഏകദിന ശൈലിയിൽ ബാറ്റു വീശുകയായിരുന്നു ഹെഡ്. ഇന്ത്യൻ ബൗളർമാരുടെ മനോവീര്യം കെടുത്തിയ ഇന്നിങ്സായിരുന്നു ഇരുവരുടേതും. ഹെഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും സ്മിത്തിന്റെ അർധസെഞ്ച്വറിയുടെയും കരുത്തിൽ ഇന്നലെ കളിനിർത്തുമ്പോൾ മൂന്നിന് 372 എന്ന ശക്തമായ നിലയിലായിരുന്നു ആസ്ട്രേലിയ.

അഭേദ്യമായി നിന്ന കൂട്ടുകെട്ട് എത്രയും പെട്ടെന്ന് പിരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഒടുവിൽ മുഹമ്മദ് സിറാജ് ആ ദൗത്യം നിർവഹിച്ചു. ഹെഡിനെ വിക്കറ്റ് കീപ്പർ കെ.എസ് ഭരതിന്റെ കൈയിലെത്തിച്ചായിരുന്നു സിറാജിന്റെ വക ആദ്യ ബ്രേക്ത്രൂ. 174 പന്ത് നേരിട്ട് 163 റൺസ് അടിച്ചെടുത്തായിരുന്നു ഹെഡിന്റെ മടക്കം. ഒരു സിക്സും 25 ഫോറും ഇന്നിങ്സിനു അകമ്പടിയേകി.

തൊട്ടുപിന്നാലെ വന്ന കാമറോൺ ഗ്രീൻ ബൗണ്ടറിയടിച്ചാണ് ഇന്നിങ്സിനു തുടക്കമിട്ടതെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ഗ്രീനിനെ ആക്രമിക്കാൻ വിടാതെ മുഹമ്മദ് ഷമി ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിച്ചു. അപ്പുറത്ത് വിക്കറ്റ് വീണപ്പോഴും ഉറച്ചുനിന്ന സ്മിത്തിന്റെ പ്രതിരോധം തകർത്ത് ഷർദുൽ താക്കൂർ മത്സരം ഇന്ത്യയുടെ വരുതിയിലെത്തിച്ചു. മനോഹരമായൊരു ഔട്ട്സ്വിങ്ങറിൽ ബൗൾഡായി മടങ്ങുമ്പോൾ 268 പന്തിൽ 121 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. 19 ഫോറുകൾ സഹിതമായിരുന്നു മനോഹരമായ ഇന്നിങ്സ്. സ്മിത്ത് കൂടി മടങ്ങിയതോടെ ഓസീസ് വാലറ്റത്തെ ഇന്ത്യ അനായാസം ചുരുട്ടിക്കെട്ടി. 48 റൺസെടുത്ത വിക്കറ്റ് കീപ്പർ അലെക്‌സ് ക്യാരിക്കു മാത്രമാണ് ഇതിനുശേഷം കാര്യമായെന്തെങ്കിലും ചെയ്യാനായത്.

നാല് വിക്കറ്റെടുത്ത് മുഹമ്മദ് സിറാജാണ് ഇന്ത്യൻ പേസ് ആക്രമണം നയിച്ചത്. മുഹമ്മദ് ഷമിക്കും ഷർദുൽ താക്കൂറിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.

Summary: IND vs AUS 2023 ICC World Test Championship final updates

TAGS :

Next Story