'ഹജ്ജ് മുബാറക്, റാഷ്'; ആദിൽ റഷീദിന് ആശംസകൾ നേർന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്

''ഇ.സി.ബിയോടും യോർക്ഷയറിനോടും സംസാരിച്ചപ്പോൾ അവരത് കൃത്യമായി മനസിലാക്കി. പോയി കർമങ്ങൾ നിർവഹിച്ച് വരൂ എന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.''- ആദിൽ റഷീദ്

MediaOne Logo

Web Desk

  • Updated:

    2022-07-02 07:01:51.0

Published:

2 July 2022 7:01 AM GMT

ഹജ്ജ് മുബാറക്, റാഷ്; ആദിൽ റഷീദിന് ആശംസകൾ നേർന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
X

ലണ്ടൻ: ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് തിരിക്കുന്ന ലെഗ് സ്പിന്നർ ആദിൽ റഷീദിന് ആശംസകൾ നേർന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. സോഷ്യൽ മീഡിയയിലാണ് താരത്തിന് ബോർഡ് ആശംസകളുമായി കുറിപ്പിട്ടിരിക്കുന്നത്.

''ഹജ്ജ് മുബാറക്, റാഷ്.. ഹജ്ജ് തീർത്ഥാടനത്തിനായി മക്കയിലേക്ക് പുറപ്പെടുന്ന ആദിലിന് നന്മകൾ നേരുകയാണ്.''-ഇംഗ്ലണ്ട് ക്രിക്കറ്റ് ഫേസ്ബുക്കിൽ കുറിച്ചു. ഹജ്ജിനു വേണ്ടി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും(ഇ.സി.ബി) യോർക്ഷയർ ക്ലബും താരത്തിന് നേരത്തെ അവധി അനുവദിച്ചിരുന്നു.

കുറേനാളായി ഹജ്ജ് ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുകയായിരുന്നുവെങ്കിലും മത്സരക്രമം കാരണം അത് നീണ്ടുപോകുകയായിരുന്നുവെന്ന് ഇ.എസ്.പി.എൻ ക്രിക്ക്ഇൻഫോയോട് ആദിൽ റഷീദ് പ്രതികരിച്ചു. ''ഇത്തവണ അത് ചെയ്യണമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെ ഇ.സി.ബിയോടും യോർക്ഷയറിനോടും ഇക്കാര്യം സംസാരിച്ചു. അവരത് കൃത്യമായി മനസിലാക്കി. പോയി കർമങ്ങൾ നിർവഹിച്ച് വരൂ എന്ന് അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.''-താരം കൂട്ടിച്ചേർത്തു.

''ഇത് സുപ്രധാനമായൊരു നിമിഷമാണ്. ഓരോ വിശ്വാസത്തിനും അവയുടേതായ സവിശേഷതകളുണ്ടാകും. ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഹജ്ജ് അത്തരത്തിൽ ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ്. യുവാവായിരിക്കെത്തന്നെ, ആരോഗ്യത്തോടെത്തന്നെ നിർവഹിക്കേണ്ടതാണ് ഈ കർമമെന്നും എനിക്ക് അറിയാം.''

ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും പുറത്തും സഹതാരങ്ങൾക്കിടയിലുമെല്ലാം ഞങ്ങളായി തന്നെ ജീവിക്കാൻ വളരെ എളുപ്പമാണെന്നും ആദിൽ വെളിപ്പെടുത്തി. എല്ലാവരും പരസ്പരം മനസിലാക്കുന്നവരാണ്. എനിക്കും മോയിൻ അലിക്കും മാത്രമല്ല, മറ്റുള്ളവർക്കെല്ലാമായി ഇത്തരമൊരു സാഹചര്യമൊരുക്കിയതിലുള്ള എല്ലാ ക്രെഡിറ്റും ഇംഗ്ലണ്ട് ക്രിക്കറ്റിനാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും വരുന്നവരാണ് ഞങ്ങളെല്ലാം. വളരെ വൈവിധ്യം നിറഞ്ഞരൊരു ടീമാണിത്. എന്നാൽ, എല്ലാവരും പരസ്പരം വലിയ ബഹുമാനമാണ് നൽകുന്നത്. അത്തരമൊരു സാഹചര്യമൊരുക്കുന്നതിൽ ഓയിൻ മോർഗനോടും(മുൻ ഇംഗ്ലീഷ് നായകൻ) കടപ്പാടുണ്ടെന്നും ആദിൽ റഷീദ് കൂട്ടിച്ചേർത്തു.

Hajj Mubarak, Rash ❤️ We all wish Adil well as he makes The Hajj pilgrimage to Mecca.

Posted by England Cricket on Friday, July 1, 2022

ഇന്ന് ഭാര്യയ്‌ക്കൊപ്പമാണ് ആദിൽ റഷീദ് മക്കയിലേക്ക് തിരിക്കുന്നത്. ഹജ്ജിന് പുറപ്പെടുന്നതിനാൽ ഈ മാസം ഇന്ത്യയുമായുള്ള ഇംഗ്ലീഷ് ടീമിന്റെ ഏകദിന-ടി20 പരമ്പരകൾ താരത്തിന് നഷ്ടമാകും. ടി20 ബ്ലാസ്റ്റിലെ യോർക്ഷയറിന്റെ ബാക്കിയുള്ള മത്സരങ്ങളിലും ആദിലിന്റെ സാന്നിധ്യമുണ്ടാകില്ല.

Summary: England Cricket wishes leg spinner Adil Rashid Hajj Mubarak

TAGS :

Next Story