Quantcast

ലങ്കൻ ചുഴി; സ്പിൻ കുരുക്കിൽ കറങ്ങിവീണ് ടീം ഇന്ത്യ

മറുപടി ബാറ്റിങ്ങിൽ വെറും 25 റണ്‍സിനകം ശ്രീലങ്കയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടമായി

MediaOne Logo

Web Desk

  • Updated:

    2023-09-12 18:15:25.0

Published:

12 Sep 2023 2:51 PM GMT

ലങ്കൻ ചുഴി; സ്പിൻ കുരുക്കിൽ കറങ്ങിവീണ് ടീം ഇന്ത്യ
X

കൊളംബോ: ആർ. പ്രേമദാസ രാജ്യാന്തര സ്റ്റേഡിയത്തിലെ സ്പിൻകുരുക്കിൽ കറങ്ങിവീണ് ടീം ഇന്ത്യ. യുവതാരം ദുനിത് വെല്ലലഗെയും പാർട്ടൈം സ്പിന്നർ ചാരിത് അസലങ്കയും ചേർന്നാണ് കേളികേട്ട ഇന്ത്യൻ ബാറ്റിങ്‌നിരയെ 213 എന്ന ചെറിയ സ്‌കോറിലേക്കു ചുരുട്ടിക്കെട്ടിയത്. നായകൻ രോഹിത് ശർമയുടെ അർധസെഞ്ച്വറി(53)യാണ് 200 എന്ന പൊരുതിനോക്കാവുന്ന സ്‌കോറിലെത്താൻ ഇന്ത്യയ്ക്കു കരുത്തായത്. മറുവശത്ത് വെല്ലലഗെ അഞ്ചും അസലങ്ക നാലും വിക്കറ്റുകളുമായും കളംനിറഞ്ഞു.

തുടർച്ചയായി 14-ാം മത്സരത്തിലാണ് ശ്രീലങ്കൻ ടീം എതിരാളികളെ പൂർണമായും കൂടാരം കയറ്റുന്നത്. ഇന്ത്യയ്‌ക്കെതിരെ ഒരു ടീമിലെ സ്പിന്നർമാർ പത്തു വിക്കറ്റും കൊയ്യുന്നത് ഇതാദ്യമായുമാണ്. ആദ്യ പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റൊന്നും തുലയ്ക്കാതെ 80 റൺസ് എടുത്ത ശേഷമാണ് ലങ്കൻ സ്പിൻ കുരുക്കിൽ ഇന്ത്യൻ ബാറ്റർമാർ ഓരോന്നായി പിടഞ്ഞമർന്നത്.

ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ഗില്ലിനെ(19) ബൗൾഡാക്കി വിക്കറ്റ് വേട്ടയ്ക്ക് വെല്ലലഗെ തുടക്കമിട്ടു. അടുത്ത ഓവറിൽ സൂപ്പർ താരം വിരാട് കോഹ്ലിയെ(മൂന്ന്) ലങ്കൻ നായകൻ ദാസുൻ ഷനകയുടെ കൈയിലുമെത്തിച്ചു. മൂന്നാം ഓവറിലെ ആദ്യ പന്തിൽ അർധശതകക്കാരൻ രോഹിതിന്റെ വിക്കറ്റും പിഴുത് ഇന്ത്യൻ ക്യാംപിനെ സ്തബ്ധരാക്കി വെല്ലലഗെ. 48 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 53 റൺസെടുത്താണ് താരം മടങ്ങിയത്.

മൂന്നിന് 91 എന്ന നിലയിൽ കൂട്ടത്തകർച്ച മുന്നിൽകണ്ട ഇന്ത്യയെ ഇഷൻ കിഷനും കെ.എൽ രാഹുലും ചേർന്നു കരകയറ്റി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നു വിലപ്പെട്ട 63 റൺസാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തത്. എന്നാൽ, വെല്ലലഗെ വീണ്ടും ഇന്ത്യയ്ക്കു പണിതന്നു. സ്വന്തം പന്തിൽ ക്യാച്ചെടുത്ത് രാഹുലിനെ((39) മടക്കി കൂട്ടുകെട്ട് പൊളിച്ചു താരം. അധികം വൈകാതെ കിഷന്റെ(33) പോരാട്ടവും അവസാനിച്ചു. അസലങ്ക വേട്ടയ്ക്കു തുടക്കമിടുകയായിരുന്നു അവിടെ.

പിന്നീടങ്ങോട്ട് ഇന്ത്യൻ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കെട്ടി അസലങ്ക. ഹർദിക് പാണ്ഡ്യ(അഞ്ച്), രവീന്ദ്ര ജഡേജ(നാല്), ജസ്പ്രീത് ബുംറ(അഞ്ച്), കുൽദീപ് യാദവ്(പൂജ്യം) എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി ബാറ്റർമാർ കൂടാരം കയറി. അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജിനെ ഒരറ്റത്ത് നിർത്തി അക്‌സർ പട്ടേൽ(26) നടത്തിയ പോരാട്ടമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

വിക്കറ്റൊന്നും നേടാനായില്ലെങ്കിലും ഒരുവശത്ത് ധനഞ്ജയ ഡിസിൽവയുടെ മാസ്മരിക സ്‌പെല്ലാണ് വെല്ലലഗെയെയും അസലങ്കയെയും തുണച്ചത്. പത്ത് ഓവറിൽ വെറും 28 റൺസാണ് ഡിസിൽവ വിട്ടുകൊടുത്തത്. മഹീഷ് തീക്ഷണയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയ്ക്കു മൂന്ന് വിക്കറ്റ് നഷ്ടമായി. ജസ്പ്രീത് ബുംറ ലങ്കൻ ബാറ്റർമാരായ പാത്തും നിസങ്കയെയും കുശാൽ മെൻഡിസിനെയും മടക്കിയയച്ചപ്പോള്‍ മുഹമ്മദ് സിറാജ് ദിമുത്ത് കരുണരത്നയെയും വീഴ്ത്തി. എട്ട് ഓവർ പിന്നിടുമ്പോൾ മൂന്നിന് 26 എന്ന നിലയിലാണ് ശ്രീലങ്ക.

Summary: Asia Cup 2023 Super 4: India vs Sri Lanka Live Updates

TAGS :

Next Story