Quantcast

അവിടെ ആഘോഷം തീരുന്നില്ല; 'മെസി ജഴ്‌സി'യിൽ ബംഗ്ലാ ക്രിക്കറ്റ് ടീം നായകൻ ഗ്രൗണ്ടിൽ

ധാക്കയിലെ തെരുവുകളിൽ നടന്ന അർജന്റീന ആരാധകരുടെ വിജയാഘോഷത്തിലും ലോകത്തെ മികച്ച ക്രിക്കറ്റ് ഓൾറൗണ്ടര്‍മാരില്‍ ഒരാളായ ഷക്കീബ് പങ്കെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    22 Dec 2022 10:48 AM GMT

അവിടെ ആഘോഷം തീരുന്നില്ല; മെസി ജഴ്‌സിയിൽ ബംഗ്ലാ ക്രിക്കറ്റ് ടീം നായകൻ ഗ്രൗണ്ടിൽ
X

മിർപൂർ: കേരളം പോലെ അർജന്റീന ടീമിനും ലാറ്റിനമേരിക്കൻ ഫുട്‌ബോളിനും വമ്പൻ ആരാധക പിന്തുണയുള്ള രാജ്യമാണ് ബംഗ്ലാദേശ്. അതുകൊണ്ടാണ് ഖത്തറിൽ ലോകകിരീടം സ്വന്തമാക്കിയതിനു പിറകെ കേരളത്തിനൊപ്പം ബംഗ്ലാദേശിലെയും ആരാധകർക്ക് അർജന്റീന ഫുട്‌ബോൾ മാനേജ്‌മെന്റ് പ്രത്യേകം നന്ദി അറിയിച്ചത്.

അർജന്റീന ആരാധനയിൽ ബംഗ്ലാ ക്രിക്കറ്റ് താരങ്ങളും ഒട്ടും പിന്നിലല്ലെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സ്റ്റാർ ഓൾറൗണ്ടർ ഷക്കീബുൽ ഹസന്റെ ഒരു ചിത്രം. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ബംഗ്ലാ നായകൻ മെസ്സിയുടെ പത്താം നമ്പർ ജഴ്‌സിയിട്ട് ഇറങ്ങിയത്. പരിശീലനത്തിന്റെ ഭാഗമായി സഹതാരങ്ങൾക്കൊപ്പം ഫുട്‌ബോൾ സൗഹൃദ മത്സരവും സംഘടിപ്പിച്ചിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്കിടയിൽ അറിയപ്പെട്ട അർജന്റീന, മെസി ആരാധകനാണ് ഷക്കീബുൽ ഹസൻ. ഞായറാഴ്ച ലോകകപ്പ് ഫൈനലിനു പിന്നാലെ ധാക്കയിലെ തെരുവുകളിൽ നടന്ന അർജന്റീന ആരാധകരുടെ ആഘോഷത്തിൽ ഷക്കീബും പങ്കെടുത്തിരുന്നു. സ്വന്തം കാറോടിച്ചാണ് ബംഗ്ലാദേശിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളായ ഷക്കീബ് ആഘോഷത്തിനെത്തിയത്.

അതേസമയം, മിർപൂരിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് 227 റൺസിന് ഓൾഔട്ടായി. അർധസെഞ്ച്വറി സ്വന്തമാക്കിയ മോമിനുൽ ഹഖാണ്(84) ആതിഥേയരെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ഇന്ത്യൻ സംഘത്തിൽ ഉമേഷ് യാദവും രവിചന്ദ്രൻ അശ്വിനും നാലു വിക്കറ്റ് വീതം സ്വന്തമാക്കി. 12 വർഷത്തിനുശേഷം ടീമിൽ തിരിച്ചെത്തിയ ജയദേവ് ഉനദ്കട്ട് രണ്ടു വിക്കറ്റും നേടി.

Summary: Bangladesh captain Shakib Al Hasan trains in Lionel Messi's Argentina jersey ahead of 2nd Test

TAGS :

Next Story