Quantcast

മുംബൈയുടെ ഓരോ റണ്ണിനും ആർത്തുവിളിച്ച് കോഹ്ലി; ഡൽഹിയുടെ വിക്കറ്റ് വീഴ്ചയില്‍ ഇളകിമറിഞ്ഞ് ബാംഗ്ലൂർ ക്യാംപ്- വിഡിയോ

ഇന്നലെ ഡൽഹിക്കെതിരെ മുംബൈയുടെ പ്രകടനത്തിൽ ആശ്രയിച്ചായിരുന്നു ബാംഗ്ലൂരിന്റെ പ്ലേഓഫ് പ്രതീക്ഷകൾ. ഒടുവിൽ അവസാന ഓവർവരെ നീണ്ട വാശിപ്പോരിൽ ജയം മുംബൈയ്ക്കും ഭാഗ്യം ബാംഗ്ലൂരിനും ഒപ്പംനിന്നു

MediaOne Logo

Web Desk

  • Published:

    22 May 2022 9:39 AM GMT

മുംബൈയുടെ ഓരോ റണ്ണിനും ആർത്തുവിളിച്ച് കോഹ്ലി; ഡൽഹിയുടെ വിക്കറ്റ് വീഴ്ചയില്‍ ഇളകിമറിഞ്ഞ് ബാംഗ്ലൂർ ക്യാംപ്- വിഡിയോ
X

മുംബൈ: ടോസ് ഇടും മുൻപ് തന്നെ ഉദ്വേഗം നിറഞ്ഞ മത്സരമായിരുന്നു ഐ.പി.എല്ലിൽ ഇന്നലെ നടന്ന മുംബൈ-ഡൽഹി പോരാട്ടം. പോയിന്റ് പട്ടികയിൽ ഏറ്റവും താഴെ കിടക്കുന്ന മുംബൈ ഇന്ത്യൻസിന് ഇന്നലെ നഷ്ടപ്പെടാനൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, എതിരാളികളായ ഡൽഹിയെപ്പോലെ കളത്തിനു പുറത്ത് മറ്റൊരു ടീമിനും ജീവന്മരണ പോരാട്ടമായിരുന്നു അത്. ഡൽഹിക്ക് പ്ലേഓഫ് കടക്കാൻ ജയിച്ചേ തീരൂ. ഒപ്പം മുംബൈയുടെ പ്രകടനത്തിലും ഭാഗ്യത്തിലും ആശ്രയിച്ചായിരുന്നു ബാംഗ്ലൂരിന്റെ പ്ലേഓഫ് പ്രതീക്ഷകൾ. ഒടുവിൽ അവസാന ഓവർവരെ നീണ്ട വാശിപ്പോരിൽ ജയം മുംബൈയ്ക്കും ഭാഗ്യം ബാംഗ്ലൂരിനും ഒപ്പംനിന്നു.

ഇതേസമയം കളത്തിനു പുറത്തെ രസകരമായ ചില 'കളികൾ' ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഇന്നലെ മത്സരം തുടങ്ങും മുൻപേ മുംബൈക്ക് പരസ്യമായി പിന്തുണ അറിയിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ലോഗോയുടെ പശ്ചാത്തല നിറം ചുവപ്പിൽനിന്ന് നീലയിലേക്ക് മാറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. #REDTURNSBLUE (ചുവപ്പ് നീലയാകുന്നു) എന്ന ഹാഷ്ടാഗോട് കൂടിയാണ് പുതിയ ലോഗോ പുറത്തുവിട്ടത്.

നേരത്തെ തങ്ങൾ പരസ്യമായി തന്നെ മുംബൈയെ പിന്തുണയ്ക്കുമെന്ന് ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസിസും വിരാട് കോഹ്ലിയും വെളിപ്പെടുത്തിയിരുന്നു. 'അടുത്ത രണ്ട് ദിവസത്തേക്ക് ഞങ്ങളുടെ ഡ്രസ്സിങ് റൂമിന് ചുറ്റും നീലത്തൊപ്പികൾ ഒഴുകും. രോഹിത് നന്നായി കളിക്കാൻ ഞാൻ അവനെ പിന്തുണക്കും'- എന്നാണ് ഡുപ്ലെസിസ് പറഞ്ഞത്. '21ന് മുംബൈ ഇന്ത്യൻസിനെ പിന്തുണക്കാൻ 25 പേർ കൂടി അധികമുണ്ടാകുമെന്ന് കോഹ്ലിയും പറഞ്ഞു.

ഇന്നലെ മുംബൈ-ഡൽഹി മത്സരം ആർ.സി.ബി ക്യാംപിൽ പ്രത്യേകമായി പ്രദർശിപ്പിച്ചിരുന്നു. കളി കാണാനായി മുഴുവൻ താരങ്ങളും എത്തുകയും ചെയ്തു. കോഹ്ലി മുതൽ നായകൻ ഡൂപ്ലെസിസും സൂപ്പർ താരം മാക്‌സ് വെല്ലും അടക്കം മുഴുവൻ താരങ്ങളും പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫുമെല്ലാം തുടക്കം തൊട്ട് അവസാന ഓവർവരെ വീറും വാശിയോടെയായിരുന്നു കളി കണ്ടത്. ഇതിന്റെ വിഡിയോ ബാംഗ്ലൂർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

ഡൽഹിയുടെ ഓരോ വിക്കറ്റുവീഴ്ചയും മുംബൈ ആരാധകരെക്കാൾ ആഹ്ലാദത്തോടെയാണ് ബാംഗ്ലൂർ താരങ്ങൾ ആഘോഷിച്ചത്. മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ ഓരോ റണ്ണിനും ആർ.സി.ബി താരങ്ങളുടെ കൈയടിയുണ്ടായിരുന്നു. സിക്‌സറോ ബൗണ്ടറിയോ ആണെങ്കിൽ കരഘോഷത്തിന്റെയും ആർപ്പുവിളിയുടെയും ശബ്ദം ഇരട്ടിക്കും. മുൻ നായകൻ വിരാട് കോഹ്ലിയെയിയിരുന്നു കൂട്ടത്തിൽ ഏറ്റവും വലിയ വീറും വാശിയോടെയും കാണപ്പെട്ടത്. ഒടുവിൽ ഖലീൽ അഹ്മദ് എറിഞ്ഞ അവസാന ഓവറിൽ രമൺദീപ് സിങ് മുംബൈയുടെ വിജയറൺ കുറിക്കുമ്പോൾ ഇളകിമറിയുകയായിരുന്നു ബാംഗ്ലൂർ ക്യാംപ്.

എല്ലാവരും ഒപ്പമിരുന്ന് മത്സരം കണ്ടത് രസകരമായിരുന്നുവെന്ന് ഡുപ്ലെസിസ് മത്സരശേഷം പ്രതികരിച്ചു. മുംബൈ നേടിയ ഓരോ വിക്കറ്റിനും ചേസിങ്ങിൽ ഓരോ ബൗണ്ടറിക്കും ഞങ്ങൾ ആർപ്പുവിളിക്കുകയായിരുന്നു. ഒടുവിലെ ആഘോഷങ്ങൾ ഒരു രക്ഷയുമില്ലായിരുന്നുവെന്നും ബാംഗ്ലൂർ നായകൻ ചൂണ്ടിക്കാട്ടി. മുംബൈക്ക് നന്ദി പറഞ്ഞ് വിരാട് കോഹ്ലിയും മുഹമ്മദ് സിറാജും ഷഹബാസ് അഹ്മദും കടപ്പാട് പരസ്യമായി അറിയിക്കുകയും ചെയ്തു.

ഡൽഹിയുടെ തോൽവിയോടെ നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കയറിപ്പറ്റിയ ബാംഗ്ലൂർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. ബുധനാഴ്ച കൊൽക്കത്തയിലാണ് മത്സരം. ചൊവ്വാഴ്ച നടക്കുന്ന ആദ്യ പ്ലേഓഫ് പോരാട്ടത്തിൽ ആദ്യ രണ്ടു സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികൾ നേരിട്ട് ഫൈനൽ കടക്കും. പരാജയപ്പെട്ട ടീം ലഖ്‌നൗ-ബാംഗ്ലൂർ മത്സരത്തിലെ വിജയികളെ നേരിടും.

Summary: Celebrations in RCB camp as they qualify for playoffs after Mumbai Indians beat Delhi Capitals

TAGS :

Next Story