Quantcast

അവസാന വിക്കറ്റ് വീഴ്ത്താൻ വിയർത്തു, ഒടുവിൽ 'മങ്കാദിങ്' പയറ്റി; കരഞ്ഞു മടങ്ങി ഷാർലി ഡീൻ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയെങ്കിലും ജുലൻ ഗോസ്വാമിയുടെ വിടവാങ്ങൽ മത്സരത്തിൽ ദീപ്തി ശർമ നടത്തിയ അപ്രതീക്ഷിത നീക്കം ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് ലോകത്ത് വീണ്ടും 'മങ്കാദിങ്' വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    25 Sep 2022 6:39 AM GMT

അവസാന വിക്കറ്റ് വീഴ്ത്താൻ വിയർത്തു, ഒടുവിൽ മങ്കാദിങ് പയറ്റി; കരഞ്ഞു മടങ്ങി ഷാർലി ഡീൻ
X

ലണ്ടൻ: ലോർഡ്‌സിൽ ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമിയുടെ വിടവാങ്ങൽ മത്സരത്തിന് നാടകീയ ട്വിസ്റ്റ്. 170 എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലീഷ് പടയെ ബൗളർമാർ ചുരുട്ടിക്കെട്ടിയെങ്കിലും വാലറ്റക്കാരെ പിരിക്കാൻ ടീം ഇന്ത്യ ഏറെ കഷ്ടപ്പെട്ടു. ഒടുവിൽ 'മങ്കാദിങ്' തന്ത്രം പഴറ്റിയാണ് തോൽവിയുടെ വക്കിൽനിന്ന് ഇന്ത്യ രക്ഷപ്പെട്ടത്. പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയെങ്കിലും ഇന്ത്യൻ സ്പിന്നർ ദീപ്തി ശർമ നടത്തിയ അപ്രതീക്ഷിത നീക്കം ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് ലോകത്ത് വീണ്ടും 'മങ്കാദിങ്' വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ചെറിയ ലക്ഷ്യം അനായാസം മറികടക്കാമെന്ന ലക്ഷ്യത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് പടയക്ക്് ഇന്ത്യ രേണുക സിങ് താക്കൂറിലൂടെ തിരിച്ചടി നൽകുകയായിരുന്നു. രേണുകയുടെ പന്തിനുമുൻപിൽ പകച്ചുനിന്ന ഇംഗ്ലീഷ് ബാറ്റർമാർ ഓരോന്നായി കൂടാരം കയറി. ഒടുവിൽ ഏഴിന് 65 എന്ന നിലയ്ക്ക് വൻ തകർച്ച മുന്നിൽകാണുമ്പോഴാണ് സ്പിൻ ഓൾറൗണ്ടർ ഷാർലി ഡീൻ ഇറങ്ങുന്നത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് പിന്നീട് ഷാർലിയുടെ പോരാട്ടമായിരുന്നു.

അനായാസം ജയം പിടിച്ചടക്കി പരമ്പര വൈറ്റ് വാഷ് അടിക്കാനുള്ള ഇന്ത്യൻ മോഹങ്ങൾക്കുമേൽ കനൽകോരിയിട്ടായിരുന്നു ഷാർലിയുടെ കൗണ്ടർ അറ്റാക്ക്. ഇടയ്ക്ക് കെയ്റ്റ് ക്രോസിനെ പുറത്താക്കി ജുലൻ ഇന്ത്യയ്ക്ക് ആശ്വാസം നൽകി. എന്നാൽ, പിന്നീട് ഫ്രേയാ ഡേവിസിനെ അപ്പുറത്ത് കാഴ്ചക്കാരാക്കി ഷാർലി പോരാട്ടം തുടർന്നു. ജയിക്കാൻ ഏഴ് ഓവർ ബാക്കിനിൽക്കെ 17 റൺസ് മാത്രം വേണ്ടിയിരുന്ന സമയത്ത് ഇന്ത്യൻ നായിക ഹർമൻ പ്രീത് കൗറിന് എന്തു ചെയ്യണമെന്ന് ഒരു ധാരണയുമുണ്ടായിരുന്നില്ല.

ആ സമയത്താണ് 44-ാം ഓവർ എറിഞ്ഞ ദീപ്തിയുടെ അപ്രതീക്ഷിത നടപടി. കെയ്റ്റിനെതിരെ മൂന്നാമത്തെ പന്ത് എറിയുമ്പോൾ ഷാർലി ക്രീസ് വിട്ട് ഏറെ മുന്നോട്ടുപോയിരുന്നു. ദീപ്തി മറ്റൊന്നും ആലോചിക്കാതെ നോൺ സ്‌ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുകയും ചെയ്തു. ഒടുവിൽ റിവ്യൂവിൽ വിക്കറ്റ് വിളിക്കുമ്പോൾ കരഞ്ഞുകൊണ്ടാണ് ഷാർലി ഡീൻ ക്രീസ് വിട്ടത്. 35 റണ്‍സാണ് അവസാന വിക്കറ്റില്‍ ഷാര്‍ലിയും കെയ്റ്റും കൂട്ടിച്ചേര്‍ത്തത്.

ഇന്ത്യൻ ബൗളർമാരിൽ രേണുക നാലു വിക്കറ്റുമായി ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചു. വിടവാങ്ങൽ മത്സരത്തിൽ രണ്ടു വിക്കറ്റുമായി ജുലനും തിളങ്ങി. രാജേശ്വരി ഗെയ്ക്ക്‌വാദും രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ദീപ്തിക്ക് ഒരു വിക്കറ്റും ലഭിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റൺസിന് തകർന്നടിയുകയായിരുന്നു. ഇംഗ്ലീഷ് പേസർ കെയ്റ്റ് ക്രോസിന്റെ തീപന്തിനു മുന്നിൻ കരുത്തരായ ഇന്ത്യൻ മുൻനിര പതറിയപ്പോൾ ഫോമിലുള്ള ഓപണർ സ്മൃതി മന്ദാനയും ദീപ്തി ശർമയും ചേർന്നാണ് ടീമിനെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. അർധസെഞ്ച്വറികളുമായി മന്ദാന(50)യും ദീപ്തി(66)യും പൂജ വസ്ത്രാക്കറും(22) മാത്രമാണ് ഇന്ത്യൻ സംഘത്തിൽ രണ്ടക്കം കണ്ടത്.

നാലു വിക്കറ്റ് കൊയ്ത കെയ്റ്റ് ക്രോസ് ആണ് ഇംഗ്ലീഷ് ബൗളർമാരിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഫ്രേയ കെംപ്, സോഫി എക്ലെസ്റ്റോൺ എന്നിവർക്ക് രണ്ടു വീതവും ഫ്രേയ ഡേവിസ്, ഷാർലി എന്നിവർക്ക് ഓരോ വീതവും വിക്കറ്റ് ലഭിച്ചു.

അതേസമയം, ദീപ്തിയുടെ മങ്കാദിങ്ങിൽ വിമർശവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു മത്സരം ജയിക്കാൻ താൻ വ്യക്തിപരമായി ഇഷ്ടപ്പെടുന്നില്ലെന്നാണ് ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ് ട്വീറ്റ് ചെയ്തത്. സാം ബില്ലിങ്‌സ്, ജെയിംസ് ആൻഡേഴ്‌സൺ, അലെക്‌സ് ഹെയിൽസ് തുടങ്ങി പുരുഷ ഇംഗ്ലീഷ് ടീമിലെ താരങ്ങളെല്ലാം ഷാർലിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ, ദീപ്തിയെ താൻ കുറ്റം പറയില്ലെന്നാണ് പോസ്റ്റ് മാച്ച് അഭിമുഖത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വ്യക്തമാക്കിയത്.

എന്താണ് മങ്കാദിങ്?

ബൗളർ പന്തെറിയുന്നതിനുമുൻപ് തന്നെ നോൺ സ്‌ട്രൈക്കർ എൻഡിലുള്ള ബാറ്റർ ക്രീസ് വിട്ടിറങ്ങിയാൽ റണ്ണൗട്ടാക്കുന്നതിനാണ് മങ്കാദിങ് എന്നു വിളിക്കപ്പെടുന്നത്. 1947ൽ ഇന്ത്യൻ ബൗളർ വിനോദ് മങ്കാദ് ആസ്‌ട്രേലിയയുടെ ബിൽ ബ്രൗണിനെ ഇത്തരത്തിൽ പുറത്താക്കിയിരുന്നു. ഇതേതുടർന്നാണ് മങ്കാദിന്റെ പേരിൽ ഇത് അറിയപ്പെട്ടത്.

നിയമപരമായി ഔട്ടായി ഗണിക്കാമെങ്കിലും മാന്യന്മാരുടെ കളിക്ക് ചേർന്നതല്ല ഇതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഐ.പി.എല്ലിൽ ഇത്തരത്തിൽ മങ്കാദിങ് നടത്തിയത് ഏറെ കോളിളക്കത്തിനിടയാക്കിയിരുന്നു. ദിവസങ്ങൾക്കുമുൻപ് പുറത്തിറക്കിയ ഐ.സി.സിയുടെ പുതിയ നിയമങ്ങളിൽ മങ്കാദിങ് ഇനിമുതൽ ഔദ്യോഗിക റണ്ണൗട്ട് ആയി ഗണിക്കപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.

Summary: Charlotte Dean in tears as India's bowler Deepti Sharma runs her out for leaving the non-striker's end before ball was bowled to win the match

TAGS :

Next Story