Quantcast

റെയിൻബോ ജഴ്‌സിയിൽ നൂറിൽ നൂറ് വിജയം; ചെന്നൈയുടെ അത്താഴം മുടക്കാൻ ഡൽഹി നാളെ ഇറങ്ങുക ഭാഗ്യനിറത്തിൽ

മഴവില്‍ ജഴ്‌സിയിൽ മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത എന്നീ കരുത്തന്മാരെ ഡൽഹി തകർത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    19 May 2023 10:28 AM GMT

DelhiCapitals, ChennaiSuperKings, DCvsCSK, luckyfactor, rainbowjersey, IPL2023
X

ന്യൂഡൽഹി: 13 മത്സരങ്ങളിൽനിന്ന് ആകെ അഞ്ച് ജയം, എട്ട് തോൽവി, പത്തു പോയിന്റ്. ഇത്തവണ ഐ.പി.എല്ലിൽനിന്ന് പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. എന്നാൽ, സ്വന്തം തട്ടകത്തിൽ പലതും കരുതിവച്ചാകും ഡൽഹി നാളെ ചെന്നൈയ്‌ക്കെതിരെ ഇറങ്ങുക. സ്വന്തം കാണികൾക്കുമുന്നിലുള്ള അവസാന മത്സരം ജയിച്ച് നാണക്കേടിന്റെ ആഘാതം കുറയ്ക്കുകയാകും റിക്കി പോണ്ടിങ്ങിന്റെ സംഘം ലക്ഷ്യമിടുന്നത്.

പതിവ് ജഴ്‌സി മാറ്റിയാകും നാളെ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇറങ്ങുക. മഴവിൽ നിറത്തിലുള്ള ഭാഗ്യജഴ്‌സിയിലായിരിക്കും ഡൽഹി താരങ്ങളുടെ സീസണിലെ അവസാന മത്സരം. ഈ ജഴ്‌സിയിൽ നൂറുശതമാനം വിജയമുള്ളതിനാൽ ഭാഗ്യ ഫാക്ടറായാണ് ഇതിനെ ടീമും ആരാധകരും കാണുന്നത്. ഇതെല്ലാം കൊണ്ടുതന്നെ പ്ലേഓഫ് സാധ്യതകൾ ഉറപ്പിക്കാൻ ജയം അനിവാര്യമായ ചെന്നൈയ്ക്ക നാളത്തെ മത്സരം വെല്ലുവിളി നിറഞ്ഞതാകും.

2020 മുതലാണ് റെയിൻബോ ജഴ്‌സിയിൽ ഡൽഹി കളിച്ചിട്ടുള്ളത്. ഓരോ വർഷവും ഓരോ മത്സരങ്ങളിലായിരുന്നു ഭാഗ്യപരീക്ഷണം നടത്തിയത്. മൂന്നും വിജയം കാണുകയും ചെയ്തു. 2020ൽ ബാംഗ്ലൂരിനെതിരെയായിരുന്നു ആദ്യമായി ഈ ജഴ്‌സിയിൽ ഇറങ്ങിയത്. അന്ന് 59 റൺസിനാണ് ഡൽഹിപ്പട ബാംഗ്ലൂരിനെ തകർത്തത്. 2021ൽ മുംബൈയെ നാലു വിക്കറ്റിനും തോൽപിച്ചു. കഴിഞ്ഞ സീസണിൽ കൊൽക്കത്തയായിരുന്നു ഇര. കൊൽക്കത്തയെയും ഡൽഹി നാലു വിക്കറ്റിനു തോൽപിച്ചു.

നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ. 13 മത്സരങ്ങളിൽനിന്ന് ഏഴ് ജയവും അഞ്ച് തോൽവിയും ഒരു സമനിലയും. ആകെ പോയിന്റ് 15. ഇതേ മാർജിനിൽ ലഖ്‌നൗവും തൊട്ടുപിന്നാലെയുണ്ട്. റൺറേറ്റിന്റെ ബലത്തിലാണ് ചെന്നൈ രണ്ടാം സ്ഥാനത്തുള്ളത്. 14 പോയിന്റുമായി ബാംഗ്ലൂരും മുംബൈയും തൊട്ടരികെയുള്ളതും ചെന്നൈയ്ക്ക് ഭീഷണിയാണ്.

ജയിച്ചാൽ സമാധാനമായി പ്ലേഓഫിലേക്ക് കുതിക്കാം. തോറ്റാൽ കണക്കിലെ കളികളെ മാത്രം ആശ്രയിച്ചുകാത്തിരിക്കേണ്ടിവരും. ഇതാണ് ചെന്നൈയുടെ സ്ഥിതി. ഭാഗ്യത്തിന്റെയും ഹോംഗ്രൗണ്ട് ആനുകൂല്യത്തിന്റെയും പിന്തുണയ്‌ക്കൊപ്പം ഓപണിങ്ങിൽ പൃഥ്വി ഷായും ഡേവിഡ് വാർണറും ഫോം കണ്ടെത്തിയതും റിലീ റൂസോയും ഫിൽ സാൾട്ടും മികച്ച ഫോമിലുള്ളതുമെല്ലാം ഡൽഹിക്ക് ആശ്വാസത്തിനു വകനൽകുന്നതാണ്.

Summary: IPL 2023: Delhi Capitals to wear 'lucky factor' rainbow jersey, which have 100 win percentage, in final game against Chennai Super Kings

TAGS :

Next Story