Quantcast

'കാർത്തിക്കിന് ഹർദിക് സിംഗിൾ നിഷേധിച്ചതെന്തിന്?' പൊങ്കാലയിട്ട് ആരാധകർ

അവസാന ഓവറിലെ അഞ്ചാമത്തെ പന്ത് ഡീപ് മിഡ്‌വിക്കറ്റിലേക്ക് പറത്തിയ ഹർദിക് പക്ഷെ റണ്ണെടുത്തില്ല. കാർത്തിക് റണ്ണിനായി ഓടിയെങ്കിലും ഹർദിക് സ്‌ട്രൈക്ക് വിട്ടുകൊടുത്തില്ല. കാർത്തിക്കിനെ തിരിച്ചയച്ചു. എന്നാൽ, അവസാന പന്തിൽ രണ്ട് റൺസ് മാത്രമെടുക്കാനേ ഹർദിക്കിന് സാധിച്ചുള്ളൂ.

MediaOne Logo

Web Desk

  • Published:

    10 Jun 2022 8:30 AM GMT

കാർത്തിക്കിന് ഹർദിക് സിംഗിൾ നിഷേധിച്ചതെന്തിന്? പൊങ്കാലയിട്ട് ആരാധകർ
X

ന്യൂഡൽഹി: ഇടവേളയ്ക്കുശേഷം സീനിയർ താരം ദിനേശ് കാർത്തികും ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡൽഹിയിൽ നടന്ന മത്സരം. കാർത്തിക്ക് മൂന്നു വർഷത്തിനുശേഷമാണ് ദേശീയ കുപ്പായമിടുന്നത്. ഹർദിക് കഴിഞ്ഞ ടി20 ലോകകപ്പിനുശേഷം ഒറ്റ രാജ്യാന്തര മത്സരവും കളിച്ചിരുന്നില്ല. ഇത്തവണ ഐ.പി.എല്ലിലെ ഉജ്ജ്വല പ്രകടനത്തിന്റെ കരുത്തിലാണ് ഇരുവർക്കും വീണ്ടും ദേശീയ ടീമിലേക്ക് വിളിവന്നത്.

അതേസമയം, ഇന്നലത്തെ മത്സരത്തിൽ ഹർദിക് ദിനേശ് കാർത്തിക്കിന് സിംഗിൾ നിഷേധിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച. ദക്ഷിണാഫ്രിക്കയുടെ ആൺറിച്ച് നോർക്കിയ എറിഞ്ഞ അവസാന ഓവറിൽ ആദ്യ പന്ത് നേരിട്ടത് നായകൻ ഋഷഭ് പന്തായിരുന്നു. സ്റ്റംപിനു പുറത്തേക്കെറിഞ്ഞ സ്‌ളോ ലെങ്ത്ത് ബൗളിൽ പന്തിന്റെ കണക്കുകൂട്ടൽ പിഴച്ചു. റസി വാൻ ഡെർ ഡസ്സന് ക്യാച്ച് നൽകി പുറത്ത്.

ആറാമനായി കാർത്തിക് ക്രീസിൽ. നേരിട്ട ആദ്യ പന്തിൽ റണ്ണൊന്നും നേടാനായില്ല. രണ്ടാമത്തെ യോർക്കർ ബൗളിൽ സിംഗിളെടുത്ത് കാർത്തിക് ഫോമിലുള്ള പാണ്ഡ്യയ്ക്ക് സ്‌ട്രൈക്ക് കൈമാറി. നോർക്കിയ എറിഞ്ഞ ലെങ്ത്ത് ബൗൾ ഹർദിക് ലോങ് ഓഫിനു മുകളിലൂടെ ഗാലറിയിലേക്ക് പറത്തി.

എന്നാൽ, അഞ്ചാമത്തെ പന്ത് ഡീപ് മിഡ്‌വിക്കറ്റിലേക്ക് പറത്തിയ ഹർദിക് പക്ഷെ റണ്ണെടുത്തില്ല. കാർത്തിക് റണ്ണിനായി ഓടിയെങ്കിലും ഹർദിക് സ്‌ട്രൈക്ക് വിട്ടുകൊടുത്തില്ല. കാർത്തിക്കിനെ തിരിച്ചയച്ചു. എന്നാൽ, അവസാന പന്തിൽ രണ്ട് റൺസ് മാത്രമെടുക്കാനേ ഹർദിക്കിന് സാധിച്ചുള്ളൂ.

ഇത്തവണ ഐ.പി.എല്ലിൽ അവസാന ഓവറുകളിൽ മാരക സ്‌ട്രൈക്ക് റേറ്റുള്ള ദിനേശ് കാർത്തിക്കിന് സ്‌ട്രൈക്ക് നിരസിച്ച ഹർദിക്കിന്റെ നടപടിയെ ആരാധകർ രൂക്ഷമായി വിമർശിക്കുകയാണ്. അത് അമിത ആത്മവിശ്വാസമായിപ്പോയെന്നാണ് ആരാധകർ പറയുന്നത്. തീരുമാനം മണ്ടത്തരമായിപ്പോയെന്ന് ചിലർ അടുത്ത പന്ത് ചൂണ്ടിക്കാട്ടി വിമർശിക്കുന്നു. ഹർദിക്കല്ല, കാർത്തിക് തന്നെയാണ് നിലവിലെ ടീമിലെ മികച്ച ഫിനിഷറെന്നും താരത്തോടുള്ള അനാദരവായി നടപടിയെന്നും ആരാധകർ വ്യക്തമാക്കുന്നു. ഹര്‍ദിക്കിന്‍റെ അഹങ്കാരമാണെന്നു പറയുന്നുവരുമുണ്ട്.

ഐ.പി.എല്ലിൽ ഇത്തവണത്തെ ഏറ്റവും സ്‌ട്രൈക്ക്‌റേറ്റുള്ള ബാറ്ററാണ് കാർത്തിക്. മിക്ക കളികളിലും അവസാന ഓവറുകളിൽ ഇറങ്ങിയ താരം പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള ഫിനിഷിങ് പ്രകടനങ്ങളാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുവേണ്ടി കാഴ്ചവച്ചത്.

ഇന്നലെ 13-ാം ടി20 വിജയവും ലോക റെക്കോർഡും ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ നിരാശപ്പെടുത്തിയായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രകടനം. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം ഡേവിഡ് മില്ലറുടെയും ഡസ്സന്റെയും മികവിൽ 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

Summary: Hardik Pandya refuses a single to Dinesh Karthik in the final over during IND vs SA 1st T20I. Fans criticises the move.

TAGS :

Next Story