Quantcast

ധോണിയോ കോഹ്‌ലിയോ? മികച്ച ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് ഉത്തരവുമായി മൈക്കൽ വോൺ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടു ക്യാപ്റ്റൻമാരാണ് ഇരുവരും എന്ന കാര്യത്തിൽ തർക്കമില്ല....

MediaOne Logo

Web Desk

  • Published:

    29 May 2021 5:00 AM GMT

ധോണിയോ കോഹ്‌ലിയോ? മികച്ച ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് ഉത്തരവുമായി മൈക്കൽ വോൺ
X

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് ഉത്തരവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. മൂന്ന് പ്രധാന ഐ.സി.സി കിരീടങ്ങളും ഇന്ത്യൻ ഡ്രസിങ് റൂമിൽ എത്തിച്ചയാളാണ് എംഎസ് ധോണി. അതുപോലെ തന്നെ ഇന്ത്യയെ ആദ്യമായി ടെസ്റ്റ്‌ റാങ്കിങ്കിൽ ഒന്നാമതെത്തിച്ച ക്യാപ്റ്റനും ധോണിയാണ്.

നിലവിൽ ഇന്ത്യയെ നയിക്കുന്ന കോഹ്ലി ആകട്ടെ ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ്‌ വിജയങ്ങൾ നേടിത്തന്ന നായകനാണ്. 70 വർഷത്തിന് ശേഷം ആസ്‌ട്രേലിയയെ അവരുടെ നാട്ടിൽ കീഴ്പ്പെടുത്തിയെന്ന നേട്ടവും കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പൊൻതൂവലാണ്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടു ക്യാപ്റ്റൻമാരാണ് ഇരുവരും എന്ന കാര്യത്തിൽ തർക്കമില്ല. എങ്കിലും ഇവരിൽ മികച്ച ക്യാപ്റ്റൻ ആരെന്നതിന് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണിന് മറുപടി ഉണ്ട്, ധോണി...അതേ, ധോണിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റനെന്നാണ് മൈക്കൽ വോണിന്റെ കണ്ടെത്തൽ.

'എം‌.എസ് ധോണി... അദ്ദേഹമാണ് ഇന്ത്യൻ ക്രിക്കറ്റിന് പുതിയ വഴി തുറന്നുകാട്ടിയത്, പ്രത്യേകിച്ച് പരിമിത ഓവർ മത്സരങ്ങളിൽ അദ്ദേഹത്തെ പോലെ മികച്ച ഒരു ക്യാപ്റ്റനുണ്ടോ എന്നത് തന്നെ സംശയമാണ്. ഏറ്റവും മികച്ച ടി 20 ക്യാപ്റ്റനാണ് അദ്ദേഹം. ധോണി ഇന്ത്യൻ ടീമിന് നൽകിയ സംഭാവനകൾ അതിശയകരമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്' മൈക്കൽ വോൺ പറഞ്ഞു.

അതേസമയം ടെസ്റ്റ്‌ ക്യാപ്റ്റൻസി രക്കോർഡിൽ കോഹ്ലിയാണ് മുന്നിൽ. കോഹ്‍ലി ക്യാപ്റ്റനായതിന് ശേഷം 60 മല്‍സരങ്ങളില്‍ നിന്നായി ഇന്ത്യ 36 വിജയങ്ങളാണ് നേടിയത്. 14 തോല്‍വിയും 10 സമനിലയും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം സ്ഥാനത്തുള്ള ധോണിയുടെ നേതൃത്വത്തില്‍ 60 കളികളില്‍ നിന്ന് ടീം നേടിയത് 27 വിജയമാണ്. 18 തോല്‍വിയും 15 സമനിലയും ഉള്‍പ്പടെയാണ് ധോണിയുടെ റെക്കോര്‍ഡ്.

49 ടെസ്റ്റുകളില്‍ നിന്ന് 21 വിജയവും 13 തോല്‍വിയും 15 സമനിലയും നേടിയ സൌരവ് ഗാംഗുലിയാണ് ക്യാപ്റ്റന്‍സി റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യക്കായി ഏറ്റവുധികം ടെസ്റ്റ് മല്‍സരങ്ങളില്‍ ക്യാപ്റ്റനായതിന്‍റെ റെക്കോര്‍ഡ് ഇപ്പോൾ ധോണിയും കോഹ്ലിയും പങ്കുവെക്കുകയാണ്. ഇരുവരും 60 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു.

TAGS :

Next Story