Quantcast

''ടീമിനോട് വഞ്ചന കാണിക്കാൻ എനിക്കാകില്ല; ഈ യാത്ര ഇത്രയും അവിസ്മരണീയമാക്കിയ നിങ്ങൾക്കു നന്ദി''- വിരാട് കോഹ്ലിയുടെ വികാരനിർഭരമായ രാജിക്കുറിപ്പ്

''ഈ യാത്രയിൽ ഒരുപാട് കയറ്റിറക്കങ്ങളെല്ലാമുണ്ടായിട്ടുണ്ട്. എന്നാൽ, ഒരിക്കലും പരിശ്രമക്കുറവോ വിശ്വാസക്കുറവോ ഒന്നുമുണ്ടായിട്ടില്ല. കഴിവിന്റെ 120 ശതമാനവും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അർപ്പിക്കണമെന്നാണ് എപ്പോഴും വിശ്വസിച്ചിട്ടുള്ളത്''

MediaOne Logo

Web Desk

  • Published:

    15 Jan 2022 4:08 PM GMT

ടീമിനോട് വഞ്ചന കാണിക്കാൻ എനിക്കാകില്ല; ഈ യാത്ര ഇത്രയും അവിസ്മരണീയമാക്കിയ നിങ്ങൾക്കു നന്ദി- വിരാട് കോഹ്ലിയുടെ വികാരനിർഭരമായ രാജിക്കുറിപ്പ്
X

ഏകദിന-ടി20 ഫോർമാറ്റുകൾക്കു പിറകെ ടെസ്റ്റ് ക്രിക്കറ്റിന്റെ നായകസ്ഥാനവുമൊഴിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം വിരാട് കോഹ്ലി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ദീർഘമായ കുറിപ്പിലൂടെയായിരുന്നു ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് ജയം സമ്മാനിച്ച നായകന്റെ പടിയിറക്കം. വികാരനിർഭരമായ ആ കുറിപ്പ് വായിക്കാം:

ടീമിനെ ശരിയായ ദിശയിലെത്തിക്കാനായുള്ള നിരന്തര പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവർഷമാണ് പിന്നിടുന്നത്. അങ്ങേയറ്റത്തെ സത്യസന്ധതയോടെയാണ് ഞാൻ ക്യാപ്റ്റൻസി ജോലി നിർവഹിച്ചത്. ഒന്നും തന്നെ ബാക്കിവച്ചിട്ടില്ല. ഒരുഘട്ടമെത്തിയാൽ എല്ലാത്തിനുമൊരു അന്ത്യമുണ്ടാകും. ഇന്ത്യൻ ടെസ്റ്റ് നായകനെന്ന നിലയ്ക്കുള്ള എൻറെ അന്ത്യമാണിപ്പോൾ.

ഈ യാത്രയിൽ ഒരുപാട് കയറ്റിറക്കങ്ങളെല്ലാമുണ്ടായിട്ടുണ്ട്. എന്നാൽ, ഒരിക്കലും പരിശ്രമക്കുറവോ വിശ്വാസക്കുറവോ ഒന്നുമുണ്ടായിട്ടില്ല. കഴിവിന്റെ 120 ശതമാനവും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അർപ്പിക്കണമെന്നാണ് എപ്പോഴും വിശ്വസിച്ചിട്ടുള്ളത്. അങ്ങനെ ചെയ്യാനാകുന്നില്ലെങ്കിൽ അത് ശരിയല്ലെന്ന ബോധ്യമുണ്ട്. മനസിൽ സമ്പൂർണമായ വ്യക്തതയുണ്ടെനിക്ക്; എന്റെ ടീമിനോട് വഞ്ചന കാണിക്കാൻ എനിക്കാകില്ല.

ഇത്രയും നീണ്ടകാലം രാജ്യത്തെ നയിക്കാൻ അവസരം നൽകിയതിൽ ബിസിസിഐക്ക് നന്ദി രേഖപ്പെടുത്തുന്നു. അതിലേറെ, ടീമിനെക്കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങൾ ആദ്യദിനം തൊട്ടുതന്നെ സ്വീകരിച്ച സഹതാരങ്ങൾക്കും നന്ദി പറയുന്നു. ഒരുഘട്ടത്തിലും നിങ്ങൾ അതിൽനിന്ന് പിന്നാക്കംപോയില്ല. നിങ്ങളാണ് ഈ യാത്ര ഇത്രയും അവിസ്മരണീയവും മനോഹരവുമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ ടീമിനെ നിരന്തരം ഉയർച്ചയിലേക്ക് നയിച്ച വാഹനത്തിനു പിന്നിലെ എൻജിനുകളായിരുന്ന രവി ഭായിക്കും(രവി ശാസ്ത്രി) സപ്പോർട്ട് സ്റ്റാഫിനും നന്ദി. ആ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചവരാണ് നിങ്ങൾ. അവസാനമായി, എംഎസ് ധോണിക്ക് വലിയൊരു നന്ദി. നായകനെന്ന നിലയിൽ എന്നെ വിശ്വസിക്കുകയും, ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ പ്രാപ്തനായയാളെന്ന നിലയിൽ എന്നെ കണ്ടെടുക്കുകയും ചെയ്തയാളാണ് അദ്ദേഹം.

TAGS :

Next Story