Quantcast

ഗില്ലിനും പുജാരയ്ക്കും സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്

ശുഭ്മൻ ഗിൽ കന്നി ടെസ്റ്റ് ശതകം കണ്ടെത്തിയപ്പോൾ ചേതേശ്വർ പുജാര മൂന്നു വർഷത്തെ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ചു. അഞ്ചു വിക്കറ്റുമായി കുൽദീപ് യാദവ് തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-12-16 10:05:52.0

Published:

16 Dec 2022 10:04 AM GMT

ഗില്ലിനും പുജാരയ്ക്കും സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്
X

ചറ്റോഗ്രം: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യൻ ഓപണർ ശുഭ്മൻ ഗില്ലിന് കന്നി ശതകം. ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വർ പുജാര മൂന്നു വർഷത്തെ സെഞ്ച്വറി വരൾച്ചയും അവസാനിപ്പിച്ചു. ഗില്ലിന്റെയും പുജാരയുടെയും സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ 513 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയത്. നേരത്തെ, അഞ്ചു വിക്കറ്റുമായി തിരിച്ചുവരവ് ഗംഭീരമാക്കിയ കുൽദീപ് യാദവാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറിലേക്ക് ചുരുക്കിക്കെട്ടിയത്.

രണ്ടാംദിനം എട്ടിന് 133 എന്ന നിലയിൽ പിരിഞ്ഞ ബംഗ്ലാദേശ് വാലറ്റത്തിന് ഇന്ന് സ്‌കോർബോഡിൽ 17 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഇബാദത്ത് ഹുസൈനെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ച് കുൽദീപ് യാദവ് അഞ്ചുവിക്കറ്റ് തികച്ചു. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ കുൽദീപിന് അവിസ്മരണീയ മത്സരമായിരുന്നു ഇത്. പിന്നാലെ മെഹിദി ഹസൻ മിറാസിനെ അക്‌സർ പട്ടേലിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് ബംഗ്ലാ ഇന്നിങ്‌സ് പൂർത്തിയാക്കി.

മറുപടി ബാറ്റിങ്ങിൽ നായകൻ കെ.എൽ രാഹുലും ശുഭ്മൻ ഗില്ലും മികച്ച തുടക്കമാണ് ടീമിന് നൽകിയത്. എന്നാൽ, ഓപണിങ് കൂട്ടുകെട്ടിൽ 70 റൺസ് കൂട്ടിച്ചേർത്ത് രാഹുൽ മടങ്ങി. ഖാലിദ് അഹ്മദിന്റെ പന്തിൽ തായ്ജുൽ ഇസ്ലാമിന് ക്യാച്ച് നൽകിയാണ് രാഹുൽ(23) പുറത്തായത്.

തുടർന്നങ്ങോട്ട് ഗിൽ ഇന്നിങ്‌സ് വേഗം കൂട്ടി. മൂന്നാമനായി ഇറങ്ങിയ പുജാരയും സ്വതസിദ്ധമായ ശൈലിയിൽനിന്ന് മാറി കളിക്കുന്നതാണ് കണ്ടത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. അധികം വൈകാതെ ഗില്ലിന് കന്നി ടെസ്റ്റ് സെഞ്ച്വറിയും. മെഹിദി ഹസന്റെ പന്തിൽ ലോങ് ഓണിലേക്ക് പന്ത് ഉയർത്തിയടിച്ച് ബൗണ്ടറി കടത്തിയായിരുന്നു സെഞ്ച്വറി ആഘോഷം. ശതകം പിന്നിട്ടതിനു പിന്നാലെ വമ്പനടിക്കു ശ്രമിച്ച ഗില്ലിനെ മെഹിദി ഹസൻ തിരിച്ചയച്ചു. മഹ്മൂദുൽ ഹസൻ പിടിച്ചു മടങ്ങുമ്പോൾ 152 പന്തിൽ പത്ത് ബൗണ്ടറിയുടെയും മൂന്നു സിക്‌സറിന്റെയും അകമ്പടിയോടെ 110 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഗിൽ മടങ്ങിയെങ്കിലും പുജാര നിർത്തിയില്ല. ഇടവേളകളിൽ ബൗണ്ടറികളും സിംഗിളുകളുമായി പുജാര കളം നിറഞ്ഞു കളിച്ചു. മറുവശത്ത് വിരാട് കോഹ്ലിയെ സാക്ഷിനിർത്തി അതിവേഗം സെഞ്ച്വറി കുറിക്കുകയും ചെയ്തു. 130 പന്തിലാണ് താരം 19-ാം ടെസ്റ്റ് ശതകം കുറിച്ചത്. 2019നുശേഷം 52 ഇന്നിങ്‌സ് കളിച്ച താരം സെഞ്ച്വറി സ്വന്തമാക്കുന്നത് ഇതാദ്യം. പുജാരയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കൂടിയാണിത്.

പുജാരയുടെ സെഞ്ച്വറിക്കു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 13 ബൗണ്ടറി സഹിതം പുജാര 102 റൺസുമായും കോഹ്ലി 19 റൺസുമായും പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് ഇന്ത്യ നേടിയത്.

Summary: Shubman Gill and Cheteshwar Pujara hit tons; India set 513-run target vs Bangladesh as Left-am wrist spinner Kuldeep Yadav grabbed his third five-wicket haul in comeback match

TAGS :

Next Story