Quantcast

ക്രിക്കറ്റിൽ മെഡലുറപ്പിച്ചു; ചരിത്രമെഴുതി ഇന്ത്യൻ പെൺപട

ആസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ

MediaOne Logo

Web Desk

  • Updated:

    2022-08-06 15:07:23.0

Published:

6 Aug 2022 2:49 PM GMT

ക്രിക്കറ്റിൽ മെഡലുറപ്പിച്ചു; ചരിത്രമെഴുതി ഇന്ത്യൻ പെൺപട
X

ബിർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യൻ പെൺപട. കരുത്തരായ ഇംഗ്ലീഷ് പടയെ അവസാന പന്തുവരെ നീണ്ട ആവേശപ്പോരിൽ തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഇന്ത്യ 164-5, ഇംഗ്ലണ്ട് 160-6.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ലഭിച്ചത്. തകർപ്പനടികൾക്കു പിന്നാലെ വെടിക്കെട്ട് ഓപണർ ഷെഫാലി വർമ കൂടാരം കയറിയെങ്കിലും സ്മൃതി മന്ദാന-ജെമിമാ റോഡ്രിഗസ് കൂട്ടുകെട്ട് ഇന്ത്യൻ സ്‌കോർ ഉയർത്തി. അർധസെഞ്ച്വറി പിന്നിട്ട് കത്തിക്കയറിയ മന്ദാനയെ നാറ്റ് സിവർ ഇസ്സി വോങ്ങിന്റെ കൈയിലെത്തിച്ച് ഇംഗ്ലണ്ടിന് ആശ്വാസം നൽകി. 32 പന്തിൽ എട്ട് ബൗണ്ടറിയുടെയും മൂന്നും സിക്‌സിന്റെയും അകമ്പടിയോടെ 61 റൺസെടുത്താണ് മന്ദാന പുറത്തായത്.

പിന്നീടെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ(20), ഓൾറൗണ്ടർ ദീപ്തി ശർമ(22) എന്നിവർക്കൊപ്പം ചേർന്ന് ജമീമ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. ജമീമ 31 പന്തിൽ ഏഴ് ബൗണ്ടറി സഹിതം 44 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലീഷ് ഓപണർമാരായ സോഫിയ ഡങ്ക്‌ലിയും ഡാനി വ്യാട്ടും ചേർന്ന് കരുതലോടെയാണ് ബാറ്റ് ചെയ്തത്. എന്നാൽ, മൂന്നാം ഓവറിൽ തന്നെ ഡങ്ക്‌ലിയെ ദീപ്തി ശർമ വിക്കറ്റിനു മുന്നിൽ കുരുക്കി. ആലീസ് കാപ്‌സിയും പുറത്തായതിനു പിന്നാലെയെത്തിയ ക്യാപ്റ്റൻ നാറ്റ് സിവറുമായി ചേർന്ന് ഡാനി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, ഒൻപതാം ഓവറിൽ സ്‌നേഹ റാണയുടെ പന്തിൽ ഡാനിയുടെ പോരാട്ടം അവസാനിച്ചു. 27 പന്തിൽ ആറ് ബൗണ്ടറി സഹിതം 35 റൺസെടുത്താണ് ഡാനി പുറത്തായത്.

തുടർന്നെത്തിയ ആമി ജോൺസ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്യാപ്റ്റനൊപ്പം ഇംഗ്ലണ്ടിനെ കരകയറ്റാൻ നോക്കിയെങ്കിലും 18-ാം ഓവറിൽ രാധാ യാദവിന്റെ ത്രോ ആ ഇന്നിങ്‌സിന് അന്ത്യംകുറിച്ചു. 24 പന്തിൽ 31 റൺസുമായാണ് ആമി മടങ്ങിയത്. 19-ാം ഓവറിൽ ക്യാപ്റ്റനും മടങ്ങിയെങ്കിലും ഇംഗ്ലണ്ടിന് ജയം തൊട്ടരികെയായിരുന്നു. 43 പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 41 റൺസാണ് നാറ്റ് സിവർ സ്വന്തമാക്കിയത്.

അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നത് 14 റൺസാണ്. റാണ എറിഞ്ഞ ഓവറിൽ മൂന്നാം പന്തിൽ കാഥറിൻ ബ്രന്റ് പുറത്ത്. അവസാന പന്തിൽ സോഫി എക്ലെസ്റ്റൺ സിക്‌സർ പറത്തിയെങ്കിലും നാലു റൺസകലെ ഇംഗ്ലീഷ് പട വീണു.

ഇന്ന് 10.30ന് നടക്കുന്ന ആസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളാകും ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളികൾ.

Summary: India beat England In thriller to reach Final in CWG 2022

TAGS :

Next Story