Quantcast

തകർത്തടിച്ച് മന്ഥാന; 'മഴയോഗം'- ഇന്ത്യന്‍ പെണ്‍പട ടി20 ലോകകപ്പ് സെമിയിൽ

മഴ വില്ലനായ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമത്തിന്റെ സഹായത്തിലാണ് ഇന്ത്യൻ പെൺപട തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിയിൽ കടന്നത്

MediaOne Logo

Web Desk

  • Published:

    20 Feb 2023 5:13 PM GMT

IndiavsIreland, BCCIWomenentersemifinal, WomensT20WorldCup
X

കേപ്ടൗൺ: സ്മൃതി മന്ഥാന തകർത്തടിച്ച നിർണായക മത്സരത്തിൽ മഴഭാഗ്യത്തിന്റെ പിൻബലത്തിൽ ഇന്ത്യൻ പെൺപട ടി20 ലോകകപ്പ് സെമിയിൽ. ഡക്ക്‌വർത്ത് ലൂയിസ് നിയമത്തിന്റെ(ഡി.എൽ.എസ്) സഹായത്തിലാണ് ഇന്ത്യ തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിയിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മന്ഥാനയുടെ മിന്നും അർധശതകത്തിന്റെ(87) കരുത്തിൽ അയർലൻഡിനു മുൻപിൽ 155 എന്ന വൻ വിജയലക്ഷ്യമാണ് ഉയർത്തിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ മഴ വില്ലനായപ്പോൾ ഡി.എൽ.എസ് പ്രകാരമുള്ള നിശ്ചിത സ്‌കോറിലെത്താൻ ഐറിഷ് സംഘത്തിനായില്ല.

അയർലൻഡിന്റെ മറുപടി ബാറ്റിങ്ങിൽ എട്ട് ഓവർ പിന്നിടുമ്പോഴാണ് വില്ലനായി മഴയെത്തിയത്. 8.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റൺസാണ് ലൗറ ഡെലാനിയുടെ സംഘത്തിനു നേടാനായത്. എന്നാൽ, 59 ആയിരുന്നു മഴ നിയമപ്രകാരം വേണ്ട സ്‌കോർ. ഏറെ നേരം കളിനിർത്തിയ ശേഷവും മഴ ശക്തമായി തുടർന്നതോടെ ഡി.എൽ.എസ് നിയമപ്രകാരം ഇന്ത്യയെ മത്സരത്തിലെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.

നേരത്തെ ടോസ് ലഭിച്ച ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തുടക്കമാണ് ഇന്ത്യയ്ക്ക് ഓപണർമാരായ മന്ഥാനയും ഷെഫാലി വർമയും നൽകിയത്. തകർത്തടിച്ച ഇരുവരും 50 റൺസ് കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ ഉയർത്തിയത്. ഷെഫാലി 24 റൺസുമായി പുറത്തായെങ്കിലും മന്ഥാന പോരാട്ടം തുടർന്നു.

ഇടയ്ക്ക് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 13 റൺസുമായും വീണു. എന്നാൽ, ജെമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് മന്ഥാന ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഒടുവിൽ ഒർല പ്രെൻഡെർഗാസ്റ്റിന്റെ പന്തിൽ ഗാബി ലെവിസ് പിടിച്ച് 19-ാം ഓവറിൽ മന്ഥാനയും മടങ്ങി. 56 പന്തിൽ ഒൻപത് ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് താരം 87 റൺസ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിലെ ജെമീമയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്‌കോർ 150 കടത്തിയത്.

Summary: India beat Ireland by 5 runs (DLS), enter semis in Women's T20 World Cup

TAGS :

Next Story