Quantcast

മൂന്നാംദിനം ആയുധംവച്ച് കീഴടങ്ങി; ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോൽവി

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയോട് തോറ്റത് ഇന്നിങ്‌സിനും 32 റൺസിനും

MediaOne Logo

Web Desk

  • Published:

    28 Dec 2023 3:28 PM GMT

India vs South Africa 1st Test Day 3 Cricket Match Live Score
X

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ മറ്റൊരു ടെസ്റ്റ് മത്സരത്തിൽ കൂടി ആയുധംവച്ച് കീഴടങ്ങി ടീം ഇന്ത്യ. സെഞ്ചൂറിയനിൽ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്നിങ്‌സിനും 32 റൺസിനുമാണ് ആതിഥേയർ ഇന്ത്യയെ തകർത്തത്. അതും കളി തീരാൻ ഇനിയും രണ്ടുദിനം ബാക്കിനിൽക്കെ.

ആദ്യ ഇന്നിങ്‌സിൽ കെ.എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനത്തിലും 245ലൊതുങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ വെറും 131 റൺസിനാണ് കൂടാരം കയറിയത്. ആദ്യ ഇന്നിങ്‌സിൽ ഡീൻ എൽഗാറിന്റെ അസാമാന്യ സെഞ്ച്വറി പ്രകടനത്തിലൂടെ ഉയർത്തിയ 163 റൺസിന്റെ ലീഡ് പോലും ടീം ഇന്ത്യയ്ക്ക് കൈയെത്തിപ്പിടിക്കാനായില്ല. അവസാനം വരെ പോരാടി ഇന്നിങ്‌സ് തോൽവിയുടെ നാണക്കേട് ഒഴിവാക്കാനുള്ള വിരാട് കോഹ്ലിയുടെ(76) പോരാട്ടം മാർക്കോ യാൻസന്റെ പന്തിൽ കഗിസോ റബാഡയുടെ കൈയിൽ അവസാനിച്ചതോടെ ഇന്ത്യൻ പതനം പൂർത്തിയാകുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ഉൾപ്പെടെ മൂന്നു ബാറ്റർമാർ ഡക്കായി പുറത്തായപ്പോൾ രണ്ടക്കം കടന്നത് രണ്ടേരണ്ടുപേർ മാത്രം.

163 ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ഓവറിൽ തന്നെ ഷോക്ക്. ഒരിക്കൽ കൂടി റബാഡയുടെ പേസിൽ മറുപടിയില്ലാതെ ബൗൾഡായി രോഹിത് പുറത്താകുമ്പോൾ സ്‌കോർബോർഡിൽ അഞ്ചു റൺസ് മാത്രമാണുണ്ടായിരുന്നത്. പിന്നാലെ യശസ്വി ജയ്‌സ്വാളിനെ(അഞ്ച്) ബർഗറും പുറത്താക്കി. മൂന്നാം വിക്കറ്റിൽ ശുഭ്മൻ ഗില്ലും വിരാട് കോഹ്ലിയും ചേർന്ന് ടീമിനെ കരകയറ്റുമെന്ന് ഒരു ഘട്ടത്തിൽ തോന്നിച്ചെങ്കിലും അതും മാർക്കോ യാൻസൻ ആ പ്രതീക്ഷയും തകർത്തു. യാൻസന്റെ പന്തിൽ 26 റൺസെടുത്ത് ബൗൾഡായി ഗിൽ പുറത്ത്.

പിന്നീടെല്ലാം ചടങ്ങുമാത്രമായിരുന്നു. ശ്രേയസ് അയ്യർ(ആറ്), കെ.എൽ രാഹുൽ(നാല്), ആർ. അശ്വിൻ(പൂജ്യം), ഷർദുൽ താക്കൂർ(രണ്ട്), ജസ്പ്രീത് ബുംറ(പൂജ്യം), മുഹമ്മദ് സിറാജ്(നാല്) എന്നിങ്ങനെയായിരുന്നു തുടർന്നുവന്നവരുടെ സംഭാവനകൾ. മറുവശത്ത് ബാറ്റർമാരെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോൾ കാഴ്ചക്കാരനായി നിൽക്കാൻ മാത്രമാണ് കോഹ്ലിക്കായത്. ഒടുവിൽ 82 പന്തിൽ 76 റൺസെടുത്ത് കോഹ്ലിയും യാൻസന്റെ പന്തിൽ റബാഡയുടെ കിടിൽ ക്യാച്ചിൽ പുറത്താകുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ നാല് വിക്കറ്റ് പിഴുത നാൻഡ്രെ ബർഗർ ആണ് തിളങ്ങിയത്. യാൻസന് മൂന്നും റബാഡയ്ക്ക് രണ്ടും വിക്കറ്റുകൾ ലഭിച്ചു.

Summary: India vs South Africa 1st Test Day 3 Cricket Match Live Score

TAGS :

Next Story