Quantcast

സൂപ്പർ ജയന്റ്‌സിനെ വാലറ്റം കാത്തു; പഞ്ചാബിന് 154 വിജയലക്ഷ്യം

ക്വിന്റൻ ഡീകോക്കും ദീപക് ഹൂഡയും ചേർന്ന് മികച്ച തുടക്കം നൽകിയ ശേഷം ലഖ്‌നൗവിന്റെ കരുത്തുറ്റ ബാറ്റിങ് നിര ഒന്നിനു പിറകെ ഒന്നായി തകർന്നടിയുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-29 16:11:25.0

Published:

29 April 2022 4:10 PM GMT

സൂപ്പർ ജയന്റ്‌സിനെ വാലറ്റം കാത്തു; പഞ്ചാബിന് 154 വിജയലക്ഷ്യം
X

പൂനെ: മികച്ച തുടക്കം ലഭിച്ച ശേഷം തകർന്നടിഞ്ഞ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ച് വാലറ്റം. ക്വിന്റൻ ഡീകോക്കും ദീപക് ഹൂഡയും ചേർന്ന് മികച്ച തുടക്കം നൽകിയ ശേഷം ലഖ്‌നൗവിന്റെ കരുത്തുറ്റ ബാറ്റിങ് നിര ഒന്നിനു പിറകെ ഒന്നായി തകർന്നടിയുകയായിരുന്നു. ഒടുവിൽ വാലറ്റത്തിന്റെ മിന്നൽ പ്രകടനങ്ങളിലൂടെ 153 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു.

ടോസ് നേടി പഞ്ചാബ് കിങ്‌സ് നായകൻ മായങ്ക് അഗർവാൾ ലഖ്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മായങ്കിന്റെ കണക്കുകൂട്ടൽ ശരിവയ്ക്കുന്ന തരത്തിൽ പവർപ്ലേയിലെ മൂന്നാം ഓവറിൽ തന്നെ ലഖ്‌നൗ നായകൻ കെ.എൽ രാഹുലിനെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈയിലെത്തിച്ചു. എന്നാൽ, മൂന്നാമനായെത്തിയ ദീപക് ഹൂഡയുമായി ചേർന്ന് ഓപണർ ക്വിന്റൻ ഡീകോക്ക് പഞ്ചാബ് ബൗളർമാരെ തകർത്തടിച്ചു. പുറത്താകുമ്പോൾ 37 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 46 റൺസ് നേടി അർധശതകത്തിന് നാലു റൺസ് മാത്രം അകലെ താരം മടങ്ങുകയായിരുന്നു.

കളി പഞ്ചാബ് കൈവിടുന്നതായി ഉറപ്പിച്ച ഘട്ടത്തിൽ സന്ദീപ് ശർമയുടെ ബ്രേക്ത്രൂ. ശർമയുടെ ലെങ്ത് ബൗളിൽ ഡീകോക്കിന്റെ ബാറ്റിൽ എഡ്ജായി വിക്കറ്റ് കീപ്പറുടെ കൈയിലൊതുങ്ങി. തൊട്ടടുത്ത ഓവറിൽ മാസ്മരികമായൊരു ത്രോയിലൂടെ ജോണി ബെയർസ്‌റ്റോ ദീപക് ഹൂഡയെക്കൂടി മടക്കിയതോടെ ലഖ്‌നൗവിന്റെ കൂട്ടത്തകർച്ച ആരംഭിക്കുകയായിരുന്നു. 28 പന്തിൽ രണ്ട് സിക്‌സും ഒരു ബൗണ്ടറിയും നേടി 34 റൺസ് അടിച്ചെടുത്ത ഹൂഡ മികച്ച സ്‌കോറിലേക്കു നീങ്ങുമ്പോഴായിരുന്നു രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ ബെയർസ്‌റ്റോയുടെ ഡയരക്ട് ത്രോ.

രണ്ടുപേരും പോയതോടെ ക്രുണാൽ പാണ്യ, മാർകസ് സ്റ്റോയ്‌നിസ്, ആയുഷ് ബദോനി, ജേസൻ ഹോൾഡർ എന്നിവരെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ഒടുവിൽ അവസാന ഓവറുകളിൽ വാലറ്റക്കാരായ ദുഷ്മന്ത ചമീറയും(10 പന്തിൽ രണ്ട് സിക്‌സർ സഹിതം 17), മൊഹ്‌സിൻ ഖാനും(ആറു പന്തിൽ ഓരോ സിക്‌സും ബൗണ്ടറിയും സഹിതം 13) ചേർന്നാണ് ലഖ്‌നൗവിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

നാല് ഓവറിൽ 38 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് കൊയ്ത റബാദയാണ് ലഖ്‌നൗവിന്റെ നട്ടെല്ലൊടിച്ചത്. രാഹുൽ ചഹാരക്# രണ്ടും സന്ദീപ് ശർമ ഒരു വിക്കറ്റും നേടി.

Summary: IPL 2022, PBKS vs LSG Live match

TAGS :

Next Story