Quantcast

വാലറ്റം കാത്തു; ഈഡനിൽ പഞ്ചാബിന് പൊരുതാവുന്ന സ്‌കോർ

അവസാന മൂന്ന് ഓവറിൽ ഷാറൂഖും ഹർപ്രീതും ചേർന്ന് കൊൽക്കത്ത ബൗളർമാരെ അടിച്ചുപറത്തിയെടുത്തത് വിലപ്പെട്ട 40 റൺസാണ്

MediaOne Logo

Web Desk

  • Published:

    8 May 2023 4:23 PM GMT

IPL 2023-Punjab Kings vs Kolkata Knight Riders live updates
X

കൊൽക്കത്ത: വാലറ്റത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിൽ കൊൽക്കത്തയ്‌ക്കെതിരെ പൊരുതിനോക്കാവുന്ന ടോട്ടൽ ഉയർത്തി പഞ്ചാബ് കിങ്‌സ്. ഈഡൻ ഗാർഡനിലെ ബാറ്റിങ് പറുദീസയിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് പഞ്ചാബിനു നേടാനായത്.

നായകൻ ശിഖർ ധവാന്റെ(47 പന്തിൽ ഒരു സിക്‌സും ഒൻപത് ഫോറും സഹിതം 57) ഏകദിന ശൈലിയിലുള്ള അർധസെഞ്ച്വറി ഇന്നിങ്‌സ് വലിയ തകർച്ചയിൽനിന്ന് പഞ്ചാബിനെ രക്ഷിച്ചത്. എന്നാൽ, അവസാന ഓവറുകളിൽ ഋഷി ധവാനും ഷാറൂഖ് ഖാനും ഹർപ്രീസ് ബ്രാറും ചേർന്ന് ആഞ്ഞടിച്ചില്ലായിരുന്നെങ്കിൽ കൊൽക്കത്തയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമായിരുന്നു. എട്ടാം വിക്കറ്റിൽ 16 പന്തിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് വിലപ്പെട്ട 40 റൺസാണ്. പവർപ്ലേ മുതൽ മധ്യനിര ഓവറുകൾ വരെ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകൻ നിതീഷ് റാണ ഒരുപക്ഷെ ഖേദിക്കാൻ പോകുന്നതും ഡെത്ത് ഓവറിലെ ഈ പ്രകടനത്തിന്റെ പേരിലാകും.

നേരത്തെ ടോസ് ലഭിച്ച ധവാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 200നു മുകളിൽ ടോട്ടൽ ലക്ഷ്യമിട്ട് ആക്രമിച്ചു കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് ടോസിനിടെ അദ്ദേഹം വ്യക്തമാക്കിയത്. നായകന്റെ നേതൃത്വത്തിൽ ആക്രമിച്ചുകളിച്ചെങ്കിലും ഇടവേളകളിൽ പഞ്ചാബ് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ആദ്യം പ്രഭ്സിമ്രാനാണ്(12) വീണത്. ഹർഷിത് റാണയുടെ പന്തിൽ വിക്കറ്റ് കീപ്പർ റഹ്മനുല്ല ഗുർബാസ് പിടിച്ചാണ് താരം പുറത്തായത്. ഹർഷിതിന്റെ അടുത്ത ഓവറിൽ ബാനുക രജപക്സെയും ഡക്കായി മടങ്ങി. ഇത്തവണയും ഗുർബാസിനു തന്നെയായിരുന്നു ക്യാച്ച്. പഞ്ചാബിന്റെ പ്രതീക്ഷയായിരുന്ന ലിയാം ലിവിങ്സ്റ്റണെ വരുൺ ചക്രവർത്തിയും വിക്കറ്റിനു മുന്നിൽ കുരുക്കി. ഒൻപത് പന്തിൽ 15 റൺസെടുത്താണ് താരം പുറത്തായത്.

നാലാം വിക്കറ്റിൽ ജിതേഷ് ശർമയുമായി ചേർന്ന് പിന്നീട് നായകൻ ടീമിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 42 പന്തിൽ 53 റൺസാണ് നേടിയത്. എന്നാൽ, വരുൺ ചക്രവർത്തി കൂട്ടുകെട്ട് പൊളിച്ചു. 21 റൺസുമായി ജിതേഷ് മടങ്ങുമ്പോൾ നാലിന് 106 എന്ന നിലയിലായിരുന്നു പഞ്ചാബ്.

അധികം വൈകാതെ ധവാനും കൂടാരം കയറിയതോടെ പഞ്ചാബ് ഇന്നിങ്‌സ് ചെറിയ സ്‌കോറിലൊതുങ്ങുമെന്ന് തോന്നിപ്പിച്ചു. എന്നാൽ, തുടർന്നായിരുന്നു വാലറ്റത്തിന്റെ രക്ഷാപ്രവർത്തനം. ഋഷി ധവാൻ 11 പന്തിൽ 19ഉം ഷാറൂഖ് എട്ട് പന്തിൽ 21ഉം ഹർപ്രീത് ഒൻപത് പന്തിൽ 17ഉം റൺസ് അടിച്ചെടുത്ത് പഞ്ചാബിനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു.

വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുമായി കൊൽക്കത്ത ബൗളിങ് നിരയിൽ തിളങ്ങി. പവർപ്ലേയിൽ രണ്ടു വിക്കറ്റുമായി പഞ്ചാബ് മുൻനിരയെ തകർത്തെങ്കിലും അവസാന ഓവറിൽ 21 റൺസ് വഴങ്ങി ഹർഷിത് റാണ ദുരന്തനായകനായി. നിതീഷ് റാണയ്ക്കും സൂയഷ് ശർമയ്ക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Summary: IPL 2023-Punjab Kings vs Kolkata Knight Riders live updates

TAGS :

Next Story