Quantcast

മകനൊപ്പം ഉംറ നിർവഹിച്ച് ഇർഫാൻ; 'ജയ് ശ്രീറാം' കമന്റുകളുമായി ഹിന്ദുത്വവാദികൾ

ക്രിക്കറ്റ് പോർട്ടലായ 'ക്രിക്ട്രാക്കർ' സ്ഥാപകനും സി.ഇ.ഒയുമായ സയ്യിദ് സജ്ജാദ് പാഷയുടെ മക്കയിൽ നടന്ന നിക്കാഹ് ചടങ്ങിലും ഇർഫാൻ പത്താനും യൂസുഫ് പത്താനും കുടുംബസമേതം പങ്കെടുത്തു

MediaOne Logo

Web Desk

  • Published:

    15 Jan 2024 3:02 PM GMT

Right wing cyber-bullying with Jai Sree Ram comments under Irfan Pathans Umrah post in social media, Jai Sree Ram comments under Irfan Pathans Umrah post,
X

റിയാദ്: മക്കയിലെത്തി ഉംറ നിർവഹിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഇർഫാൻ പത്താനും കുടുംബവും. സോഷ്യൽ മീഡിയയിൽ മകനൊപ്പമുള്ള ചിത്രവും മുൻ ഇന്ത്യൻ ഓൾറൗണ്ടർ പങ്കുവച്ചു. അതേസമയം, ചിത്രത്തിനു താഴെ 'ജയ് ശ്രീറാം' കമന്റുകളുമായി ഹിന്ദുത്വവാദികളുടെ പൊങ്കാലയാണ്.

കഴിഞ്ഞ ദിവസമാണ് ഇർഫാൻ സൗദിയിലെത്തിയത്. മകനൊപ്പമായിരുന്നു ഇത്തവണ ഉംറ. എന്റെ മകനൊപ്പം ഉംറ നിർവഹിക്കാനുള്ള അനുഗ്രഹം ലഭിച്ചുവെന്ന അടിക്കുറിപ്പോടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. സാനിയ മിർസ ഉൾപ്പെടെയുള്ള പ്രമുഖർ ആശംസയും അറിയിച്ചു. എന്നാൽ, ഇൻസ്റ്റഗ്രാമിലെ പോസ്റ്റിനുതാഴെ ഹിന്ദുത്വവാദികൾ 'ജയ് ശ്രീറാം' കമന്റുകളുമായി നിറയുകയാണ്.

എന്നാൽ, വിദ്വേഷ കമന്റുകൾക്കെതിരെ മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. എല്ലായിടത്തും പോയി 'ജയ് ശ്രീറാം' മുഴക്കുന്ന ഇങ്ങനെയുള്ള തീവ്രവാദികൾ എല്ലാ ഹിന്ദുക്കൾക്കുമാണ് അപമാനമാകുന്നതെന്ന് ഒരു ഇൻസ്റ്റഗ്രാം യൂസർ പ്രതികരിച്ചു. ഒരു മതത്തിനെതിരെയും മോശം കമന്റുകൾ ഇടരുതെന്ന് മറ്റൊരാൾ അഭ്യർത്ഥിക്കുന്നു. എല്ലാവരുടെ വിശ്വാസത്തെയും മാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്നും ഇദ്ദേഹം അപേക്ഷിച്ചു.

ഇർഫാന്റെ സഹോദരനും മുൻ ഇന്ത്യൻ താരവുമായ യൂസുഫ് പത്താനും കുടുംബസമേതം സൗദിയിലുണ്ട്. ഉംറ നിർവഹിച്ച താരം മദീനയിലെ പ്രവാചകന്റെ പള്ളിയിൽ മക്കൾക്കൊപ്പമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മക്കയിൽ നടന്ന, ക്രിക്കറ്റ് വെബ്‌പോർട്ടലായ 'ക്രിക്ട്രാക്കർ' സ്ഥാപകനും സി.ഇ.ഒയുമായ സയ്യിദ് സജ്ജാദ് പാഷയുടെ നിക്കാഹ് ചടങ്ങിലും താരങ്ങൾ പങ്കെടുത്തു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇർഫാൻ പത്താൻ. 29 ടെസ്റ്റും 120 ഏകദിനങ്ങളിലും 24 ടി20കളിലും ദേശീയ കുപ്പായമിട്ട താരം 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിക്കുന്നത്. ടെസ്റ്റിൽ 1,105 റൺസും 100 വിക്കറ്റും ഏകദിനത്തിൽ 1,544 റൺസും 173 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

24 ടി20യിൽനിന്നായി 172 റൺസും 28 വിക്കറ്റുമാണു താരത്തിന്റെ സമ്പാദ്യം. ഐ.പി.എല്ലിൽ വിവിധ ടീമുകൾക്കായി 103 മത്സരങ്ങൾ കളിച്ചതിൽ 1,139 റൺസ് അടിച്ചെടുക്കുകയും 80 വിക്കറ്റ് കൊയ്യുകയും ചെയ്തിട്ടുണ്ട്.

Summary: Right wing cyber-bullying with 'Jai Sree Ram' comments under Irfan Pathan's Umrah post in social media

TAGS :

Next Story