Quantcast

ഇംഗ്ലീഷ് ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞു; റൂട്ട് യുഗത്തിന് അന്ത്യം

ആഷസ്, വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരകളിലെ ദയനീയ തോൽവിക്കു പിന്നാലെയാണ് ജോ റൂട്ടിന്റെ പടിയിറക്കം

MediaOne Logo

Web Desk

  • Published:

    15 April 2022 9:21 AM GMT

ഇംഗ്ലീഷ് ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞു; റൂട്ട് യുഗത്തിന് അന്ത്യം
X

ലണ്ടന്‍: ദീർഘകാലം ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് നായകനായ ജോ റൂട്ട് ക്യാപ്റ്റൻസി ഒഴിഞ്ഞു. ആഷസ്, വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരകളിലെ ദയനീയ തോൽവിക്കു പിന്നാലെയാണ് പടിയിറക്കം. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡ്(ഇ.സി.ബി) വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2017ൽ അലിസ്റ്റർ കുക്കിന് പകരക്കാരനായാണ് റൂട്ട് ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുക്കുന്നത്. ഇതിനുശേഷം ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റിന് വസന്തകാലം സമ്മാനിച്ചാണ് ഒടുവിൽ റൂട്ടിന്റെ അപ്രതീക്ഷിത പിൻമാറ്റം. 64 മത്സരങ്ങളിൽ ടീമിനെ നയിച്ച റൂട്ട് 27 വിജയങ്ങളുമായി ഏറ്റവും കൂടുതൽ വിജയം വിജയം സ്വന്തമാക്കിയ ഇംഗ്ലീഷ് നായകനെന്ന റെക്കോർഡ് ഇതിനകം സ്വന്തം പേരിലാക്കിയിട്ടുണ്ട്.

2018ൽ 4-1ന് ഇന്ത്യയെ ഇവിടെയെത്തിയും 2020ൽ 3-1ന് ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിലും തോൽപിച്ചു. 2018ൽ ശ്രീലങ്കൻ മണ്ണിലും പരമ്പര സ്വന്തമാക്കി മറ്റൊരു റെക്കോർഡിടുകയും ചെയ്തു. 2001നുശേഷം ലങ്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷ് നായകനായി റൂട്ട്. കഴിഞ്ഞ വർഷവും 2-0ന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി റൂട്ടും സംഘവും.

എന്നാൽ, കഴിഞ്ഞ 14 മാസം റൂട്ടിന്റെ നായകത്വത്തിൽ ഇംഗ്ലീഷ് പട ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോയത്. ഇന്ത്യയ്‌ക്കെതിരെ സ്വന്തം മണ്ണിലും ഇന്ത്യൻ മണ്ണിലും ദയനീയമായി തോറ്റ റൂട്ടും സംഘത്തിനും ഇതിനുശേഷം പിന്നീടൊരു തിരിഞ്ഞുനടത്തമുണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ ആസ്‌ട്രേലിയയിൽ നടന്ന ആഷസ് പരമ്പര 0-4നാണ് ഇംഗ്ലീഷ് പട അടിയറവ് പറഞ്ഞത്. ഏറ്റവുമൊടുവിൽ വെസ്റ്റിൻഡീസിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 0-1നും കീഴടങ്ങി.

നിരന്തരമായ തിരിച്ചടികൾക്കു പിന്നാലെയാണ് റൂട്ടിന്റെ രാജിപ്രഖ്യാപനം. ''കരീബിയൻ സന്ദർശനം കഴിഞ്ഞ് സമയമെടുത്ത് ആലോചിച്ച ശേഷമാണ് ഇംഗ്ലീഷ് പുരുഷ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് താഴെയിറങ്ങാൻ തീരുമാനിച്ചതെന്ന് റൂട്ട് പ്രതികരിച്ചു. കരിയറിൽ എടുത്ത ഏറ്റവും പ്രയാസകരമായ തീരുമാനമാണിത്. എന്നാൽ, കുടുംബത്തോടും അടുത്ത ആളുകളുമായി ചർച്ച ചെയ്ത ശേഷം ഇതുതന്നെയാണ് ഏറ്റവും ഉചിതമായ സമയമെന്ന് മനസിലാക്കുകയായിരുന്നു. രാജ്യത്തെ നയിക്കാനായതിൽ വളരെ അഭിമാനമുണ്ട്. കഴിഞ്ഞ അഞ്ചുവർഷം വലിയ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്.''- ജോ റൂട്ട് കൂട്ടിച്ചേർത്തു.

ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ് റൂട്ട്. അലിസ്റ്റർ കുക്കാണ് ഒന്നാം സ്ഥാനത്തുള്ളത്. ടീമിന്റെ നായകനായി മാത്രം 14 സെഞ്ച്വറി സ്വന്തം പേരിലാക്കിയിട്ടുണ്ട്. നായകനായി 5,295 റൺസ് വാരിക്കൂട്ടി റെക്കോർഡിടുകയും ചെയ്തു. ഗ്രെയിം സ്മിത്ത്, അലൻ ബോർഡർ, റിക്കി പോണ്ടിങ്, വിരാട് കോഹ്ലി എന്നിവർക്കു പിറകിൽ അഞ്ചാമനാണ് ഇക്കാര്യത്തിൽ റൂട്ട്. ഇംഗ്ലീഷ് നായകരിൽ ഒന്നാം സ്ഥാനത്തും.

Summary: Joe Root steps down as England Test captain

TAGS :

Next Story