Quantcast

'പ്ലീസ്, ചെന്നൈ ക്യാപ്റ്റനായി തുടരണം'; ആകാശത്ത് ധോണിയെ ഞെട്ടിച്ച് പൈലറ്റ്

ചെന്നൈയിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പൈലറ്റ് ആരാധന പരസ്യമായി വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-04-09 06:29:08.0

Published:

9 April 2023 6:24 AM GMT

MSDhonispilotfan, PilotDhonifan, Dhonifanonplane, Dhonifanonflight, IPL2023
X

മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കായികതാരങ്ങളിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ഇതിഹാസ നായകൻ എം.എസ് ധോണി. ഇത്തവണ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ആരാധകർ ആർത്തുവിളിച്ചത് ധോണിക്കു വേണ്ടിയായിരുന്നു. അഹ്മദാബാദിലും ചെന്നൈ ഹോംഗ്രൗണ്ടായ ചെപ്പോക്കിലും ധോണിയുടെ കിടിലൻ ഫിനിഷിങ്ങിന് ഗാലറി ശരിക്കും ഇളകിമറിയുന്ന കാഴ്ചയും കണ്ടു.

41 പിന്നിടുന്ന ചെന്നൈ നായകന്റെ അവസാന സീസണാകും ഇത്തവണയെന്ന് സൂചനകളുണ്ട്. എന്നാൽ, ചെന്നൈ ആരാധകർക്കത് അംഗീകരിക്കാനാകാത്തതാണ്. ധോണി അടുത്ത സീസണുകളിലും ടീമിനെ നയിക്കാനുണ്ടാകണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. അത്തരമൊരു ആരാധകനെ ആകാശത്തുവച്ച് കണ്ടുമുട്ടിയിരിക്കുകയാണ് സൂപ്പർതാരം. ധോണിയും സംഘവും കയറിയ വിമാനത്തിലെ പൈലറ്റായിരുന്നു ആ കട്ട ആരാധകൻ.

ചെന്നൈയിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു രസകരമായ സംഭവം. വിമാനത്തിലെ ലൗഡ്‌സ്പീക്കറിലൂടെയാണ് പൈലറ്റ് ധോണി ആരാധന വെളിപ്പെടുത്തിയത്. സി.എസ്.കെ ടീം തന്റെ വിമാനത്തിൽ സഞ്ചരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ധോണി, ശിവം ദുബെ, ഡൈ്വൻ ബ്രാവോ, അജിങ്ക്യ രഹാനെ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം എടുത്തുപറയുകയും ചെയ്തു.

തുടർന്നായിരുന്നു ധോണിയോടുള്ള പൈലറ്റിന്റെ ഒരേയൊരു അപേക്ഷ:''താങ്കളുടെ വലിയ ആരാധകനാണ് ഞാൻ. സി.എസ്.കെയുടെ ക്യാപ്റ്റനായി താങ്കൾ തുടരണം.'' ധോണിയെ കണ്ട വലിയ ആവേശത്തിലാണ് താനെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്നലെ മുംബൈ വാങ്കഡെയിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസിനെ ചെന്നൈ തകർത്തത്. ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ധോണിപ്പട രോഹിത് ശർമയുടെ സംഘത്തെ 157 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ 11 പന്ത് ബാക്കിനിൽക്കെ ചെന്നൈ ലക്ഷ്യം കാണുകയും ചെയ്തു. മൂന്നു വിക്കറ്റുമായി ജഡേജ ബൗളിങ്ങിൽ തിളങ്ങിയപ്പോൾ സുഖമില്ലാത്ത മോയിൻ അലിയുടെ ഒഴിവിൽ അപ്രതീക്ഷിതമായി ഇലവനിൽ ഇടംലഭിച്ച സീനിയർ താരം അജിങ്ക്യ രഹാനെ വെടിക്കെട്ട് ബാറ്റിങ്ങുമായി എല്ലാവരെയും ഞെട്ടിച്ചു. സീസണിലെ ഏറ്റവും വേഗത്തിലുള്ള അർധസെഞ്ച്വറിയും സ്വന്തമാക്കിയാണ് രഹാനെ(61) ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

Summary: Pilot turns out to be huge MS Dhoni fan and makes a special request to him in plane: Please continue to be captain of CSK

TAGS :

Next Story