Quantcast

ഡച്ച് തുണയില്‍ സെമിയിൽ കടന്നുകയറി പാകിസ്താൻ

മറുപടി ബാറ്റിങ്ങിൽ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ പാക് നായകൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും തപ്പിത്തടഞ്ഞായിരുന്നു തുടങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2022-11-06 07:59:45.0

Published:

6 Nov 2022 7:48 AM GMT

ഡച്ച് തുണയില്‍ സെമിയിൽ കടന്നുകയറി പാകിസ്താൻ
X

അഡലെയ്ഡ്: ലോകകപ്പിൽനിന്ന് പുറത്താകുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽനിന്ന് നെതർലൻഡ്‌സിന്റെ അപ്രതീക്ഷിത പോരാട്ടവിജയത്തിന്റെ തുണയിൽ സെമിയിൽ കടന്നുകയറി പാകിസ്താൻ. ദക്ഷിണാഫ്രിക്കയെ കീഴടക്കി താരതമ്യേനെ ദുർബലരായ നെതർലൻഡ്‌സ് നടത്തിയ പോരാട്ടവീര്യം പുറത്തെടുക്കാൻ ക്രിക്കറ്റ് പാരമ്പര്യമുള്ള ബംഗ്ലാ കടുവകൾക്കായില്ല. സൂപ്പർ 12ലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ചുവിക്കറ്റിനു തോൽപിച്ച് ബാബർ അസമിന്റെ സംഘം അവസാന നാലിലേക്ക് കടന്നു.

മറുപടി ബാറ്റിങ്ങിൽ അനായാസ ജയം ലക്ഷ്യമിട്ടിറങ്ങിയ പാക് നായകൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും തപ്പിത്തടഞ്ഞായിരുന്നു തുടങ്ങിയത്. ബംഗ്ലാദേശിന്റെ യുവ പേസർ തസ്‌കിൻ അഹ്മദും ഇടങ്കയ്യൻ സ്പിന്നർ നസൂം അഹ്മദും ചേർന്ന് പവർപ്ലേയിൽ ബാബറിനെയും റിസ്‌വാനെയും വെടിക്കെട്ടിന് അനുവദിച്ചില്ല. വിക്കറ്റ് കളഞ്ഞില്ലെങ്കിലും ഏകദിന ശൈലിയിൽ കളിച്ച ഇരുവരും ബംഗ്ലാദേശിന് ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷയും നൽകി.

11-ാം ഓവറിൽ നസൂം അഹ്മദിന്റെ പന്തിൽ ബാബറിന്റെ 'ഏകദിന' പോരാട്ടം അവസാനിച്ചു. 33 പന്തിൽ രണ്ട് ഫോറടക്കം 25 റൺസായിരുന്നു പാക് നായകന്റെ സമ്പാദ്യം. ഇബാദത്ത് ഹുസൈൻ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ റിസ്‌വാനും മടങ്ങി. 32 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 32 റൺസെടുത്താണ് റിസ്‌വാൻ പുറത്തായത്.

റൺറേറ്റിൽ പിന്നിൽനിന്ന പാകിസ്താനെ പിന്നീട് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ യുവതാരം മുഹമ്മദ് ഹാരിസ് ആണ് രക്ഷിച്ചത്. 18 പന്തിൽ ഒരു ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 31 റൺസെടുത്ത് ടീമിനെ വിജയത്തിനു തൊട്ടടുത്തെത്തിച്ചാണ് ഹാരിസ് മടങ്ങിയത്. ഷാൻ മസൂദ് 14 പന്തിൽ രണ്ട് ഫോറുമായി 24 റൺസെടുത്ത് പുറത്താകാതെ നിന്നു.

ബംഗ്ലാ ബൗളർമാരില് നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത നസൂം ആണ് തിളങ്ങിയത്. ഷകീബുൽ ഹസൻ, മുസ്തഫിസുറഹ്മാൻ, ഇബാദത്ത് ഹുസൈൻ എന്നിവർക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തെ, ടോസ് ലഭിച്ച ബംഗ്ലാദേശ് നായകൻ ഷകീബുൽ ഹസൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ നടന്ന മത്സരത്തിൽ വെടിക്കെട്ടുമായി കളംനിറഞ്ഞ ലിട്ടൺ ദാസ് തുടക്കത്തിൽ തന്നെ വീണു. മൂന്നാം ഓവറിൽ ഷഹിൻഷാ അഫ്രീദിയുടെ പന്തിൽ ഷാൻ മസൂദ് പിടിച്ചാണ് ലിട്ടൺ മടങ്ങിയത്. തുർന്ന് സൗമ്യ സർക്കാരും ഷാന്തോയും ചേർന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചെങ്കിലും ഷാദാബ് ഖാൻ കൂട്ടുകെട്ട് തകർത്തു. സൗമ്യ സർക്കാരും(20) ഷാൻ മസൂദിന്റെ കൈയിലെത്തി.

നേരിട്ട ആദ്യ പന്തിൽ നായകൻ ഷകീബുൽ ഹസൻ ഷാദാബിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഗോൾഡൻ ഡക്കായി മടങ്ങി. തുടർന്ന് അഫീഫ് ഹുസൈനുമായി കൂട്ടുചേർന്നായിരുന്നു ഷാന്തോയുടെ രക്ഷാപ്രവർത്തനം. എന്നാൽ, അർധസെഞ്ച്വറി പിന്നിട്ടതിനു പിന്നാലെ ഷാന്തോ ഇഫ്തിക്കാർ അഹ്മദിന്റെ പന്തിൽ ബൗൾഡായി നജ്മുൽ ഹുസൈൻ ഷാന്തോ പുറത്ത്. 48 പന്തിൽ ഏഴ് ഫോറിന്റെ അകമ്പടിയോടെ 54 റൺസെടുത്താണ് താരം പുറത്തായത്. പിന്നീടെത്തിയ ആർക്കും രണ്ടക്കം കടക്കാനായില്ല.

ടൂർണമെന്റിൽ മോശം പ്രകടനം തുടരുന്ന ഷഹിൻഷാ അഫ്രീദിയാണ് ഇന്നത്തെ മത്സരത്തിലെ താരം. നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് കൊയ്തു. ഷാദാബ് ഖാന് രണ്ടും ഹാരിസ് റഊഫിനും ഇഫ്തികാർ അഹ്മദിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Summary: Pakistan enters in semi final defeating Bangladesh in T20 World Cup 2022

TAGS :

Next Story