Quantcast

അക്‌സറിനു പകരം അശ്വിൻ; ഇന്ത്യയുടെ അന്തിമ ലോകകപ്പ് സ്‌ക്വാഡ് പുറത്ത്

ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനവും പരിചയസമ്പത്തുമാണ് അശ്വിനെ തുണച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-28 16:24:21.0

Published:

28 Sep 2023 3:41 PM GMT

R Ashwin replaces Axar Patel in India
X

ആര്‍. അശ്വിന്‍, രോഹിത് ശര്‍മ

ന്യൂഡൽഹി: ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമസംഘം പുറത്ത്. പരിക്കേറ്റു പുറത്തായ അക്‌സർ പട്ടേലിനു പകരം പ്രതീക്ഷിക്കപ്പെട്ട പോലെ വെറ്ററൻ ഓഫ്‌സ്പിന്നർ ആർ. അശ്വിൻ ടീമിൽ ഇടംപിടിച്ചതു മാത്രമാണു പ്രധാന വാർത്ത. നേരത്തെ പ്രഖ്യാപിച്ച 15 അംഗ സ്‌ക്വാഡിൽ മറ്റു മാറ്റങ്ങളൊന്നുമില്ല.

കഴിഞ്ഞ മാസമാണ് ഏകദിന ലോകകപ്പിനുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിനിടെ ഏഷ്യാ കപ്പിലുണ്ടായ പരിക്ക് അക്‌സറിനു തിരിച്ചടിയായി. ഇതിനിടയിലാണ് ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ അശ്വിനു ഭാഗ്യം തെളിഞ്ഞത്.

ലോകകപ്പിന്റെ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാനദിനമായിരുന്നു ഇന്ന്. സ്പിൻ ഓൾറൗണ്ടറായ വാഷിങ്ടൺ സുന്ദർ, ആർ. അശ്വിൻ എന്നിവരിൽ ആരെ മാനേജ്‌മെന്റ് തുണയ്ക്കുമെന്ന് അറിയാനായിരുന്നു ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്. ഓസീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിനൊപ്പം പരിചയസമ്പത്ത് കൂടി കണക്കിലെടുത്ത് അശ്വിനെ പകരക്കാരനായി ടീമിലെടുക്കാനായിരുന്നു സെലക്ടർമാരുടെ തീരുമാനം.

ഒക്ടോബർ അഞ്ചിന് ആസ്‌ട്രേലിയയ്‌ക്കെതിരായണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമാണു മത്സരത്തിനു വേദിയാകുക. ഒക്ടോബർ 12ന് അഹ്മദാബാദിലാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം. സെപ്റ്റംബർ 30ന് ഗുവാഹത്തിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ സന്നാഹമത്സരം കളിക്കുന്നുണ്ട്.

ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(നായകൻ). ഹർദിക് പാണ്ഡ്യ(ഉപനായകൻ). ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ(വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഷർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കുൽദീപ് യാദവ്.

Summary: R Ashwin replaces Axar Patel in India's final World Cup squad

TAGS :

Next Story