Quantcast

ലോകകപ്പിനുശേഷം ദ്രാവിഡിന്റെ ജോലി തെറിക്കും; പകരം എത്തുന്നത് മുൻ ഇന്ത്യൻ താരം-റിപ്പോർട്ട്

ടി20 ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ 2021 നവംബറിലാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നത്

MediaOne Logo

Web Desk

  • Published:

    2 Jan 2023 3:50 PM GMT

ലോകകപ്പിനുശേഷം ദ്രാവിഡിന്റെ ജോലി തെറിക്കും; പകരം എത്തുന്നത് മുൻ ഇന്ത്യൻ താരം-റിപ്പോർട്ട്
X

ന്യൂഡൽഹി: രവി ശാസ്ത്രിക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തെത്തിയ രാഹുൽ ദ്രാവിഡിന് ഇനി അധികകാലം തുടരാനാകില്ലെന്ന് റിപ്പോർട്ട്. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു പിന്നാലെ ദ്രാവിഡിനെ പരിശീലക സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

'ന്യൂസ് 18 ക്രിക്കറ്റ് നെക്സ്റ്റ്' ആണ് വിശ്വസ്ത സ്രോതസുകളിൽനിന്നു ലഭിച്ച വിവരമാണെന്ന വിശദീകരണത്തോടെ റിപ്പോർട്ട് പുറത്തുവിട്ടത്. 2023 ലോകകപ്പ് വരെയാണ് ദ്രാവിഡിന്റെ കരാർ കാലാവധി നിശ്ചയിച്ചിരുന്നത്. ഇതിനുശേഷം കരാർ നീട്ടിനൽകേണ്ടതില്ലെന്നാണ് ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്. പകരക്കാരനായി മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മണിനെയാണ് പരിഗണിക്കുന്നത്.

2021 ടി20 ലോകകപ്പിൽ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു പിന്നാലെയായിരുന്നു രവി ശാസ്ത്രി രാജിവച്ചത്. കരാർ കാലാവധി പൂർത്തിയാക്കിയായിരുന്നു ശാസ്ത്രി താഴെയിറങ്ങിയത്. തുടർന്ന് 2021 നവംബറിലാണ് രാഹുൽ ദ്രാവിഡ് ചുമതലയേറ്റത്.

ഇതിനു പിന്നാലെ നേരത്തെ ദ്രാവിഡ് വഹിച്ചിരുന്ന ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വി.വി.എസ് ലക്ഷ്മണിനെ ഏൽപിക്കുകയും ചെയ്തു. പിന്നീട് ദ്രാവിഡിന്റെ അഭാവത്തിൽ വിദേശ പര്യടനങ്ങളിലടക്കം ഇന്ത്യൻ ടീമിന്റെ പരിശീലകദൗത്യവും ലക്ഷ്മണിനെ ഏൽപിച്ചിരുന്നു.

ദ്രാവിഡിന്റെ പരിശീലനത്തിൽ ടീമിന്റെ പ്രകടനം പരാജയമായിരുന്നെന്നാണ് ക്രിക്കറ്റ് ബോർഡ് വിലയിരുത്തുന്നത്. മികച്ച ടീമുമായി ടി20 ലോകകപ്പിനു പോയ ടീമിന് സെമിയിൽ കാലിടറി. ഏറ്റവുമൊടുവിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നഷ്ടപ്പെടുകയും ചെയ്തിരുന്നു.

രോഹിത് ശർമയെ ടി20 ക്യാപ്റ്റൻസിയിൽനിന്ന് നീക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. പകരം, ഹർദിക് പാണ്ഡ്യയെ ടി20 ചുമതല ഏൽപിക്കും. രോഹിത് ഏകദിനത്തിലും ടെസ്റ്റിലും തുടരുകയും ചെയ്യും.

Summary: VVS Laxman likely to replace Rahul Dravid as head coach of India after 2023 World Cup: Report

TAGS :

Next Story