Quantcast

ക്യാപ്റ്റനെ പ്രതീക്ഷിച്ചവർക്ക് മുന്നില്‍ പരിശീലകന്‍; കോഹ്‍ലി എത്തിയില്ല, കാരണം വ്യക്തമാക്കി ദ്രാവിഡ്

നിർണായക മത്സരത്തിന് മുൻപ് നായകൻ വിരാട് കോഹ്‍ലിയെ പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് എത്തിയത് പരിശീലകൻ രാഹുൽ ദ്രാവിഡാണ്

MediaOne Logo

Web Desk

  • Updated:

    2022-01-03 06:53:10.0

Published:

3 Jan 2022 6:49 AM GMT

ക്യാപ്റ്റനെ പ്രതീക്ഷിച്ചവർക്ക് മുന്നില്‍ പരിശീലകന്‍; കോഹ്‍ലി എത്തിയില്ല, കാരണം വ്യക്തമാക്കി ദ്രാവിഡ്
X

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുൻപ് മാധ്യമങ്ങളെ കാണാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. കോഹ്‍ലിക്ക് പകരം പരിശീലകൻ രാഹുൽ ദ്രാവിഡാണ് വാർത്താസമ്മേളനത്തിനെത്തിയത്. നൂറാം മത്സരത്തിന് മുൻപ് കോഹ്‍ലി മാധ്യമങ്ങളെ കാണുമെന്ന് ടീം പരിശീലകന്‍ ദ്രാവിഡ് വ്യക്തമാക്കി.

മൂന്ന് ടെസ്റ്റുകളടങ്ങുന്ന പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പര നേട്ടത്തിനരികെ നില്‍ക്കുന്ന ഇന്ത്യ രണ്ടാം ടെസ്റ്റിനായി ഇന്നിറങ്ങും. നിർണായക മത്സരത്തിന് മുൻപ് നായകൻ വിരാട് കോഹ്‍ലിയെ പ്രതീക്ഷിച്ചവർക്ക് മുന്നിലേക്ക് എത്തിയത് പരിശീലകൻ രാഹുൽ ദ്രാവിഡാണ്. കോഹ്‍ലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം എത്താത്തതിന് പ്രത്യേകിച്ച് കാരണമൊന്നമില്ലെന്നും ടീം മാനേജറാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

33 കാരനായ കോഹ്‍ലിയുടെ 99 ആം ടെസ്റ്റ് മത്സരമാണിന്ന്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റ് കോഹ്‍ലിയുടെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരമായിരിക്കും. നൂറാം ടെസ്റ്റിന് മുന്നോടിയായി കോഹ്‍ലി മാധ്യമങ്ങളെ കാണുമെന്നാണ് ഇന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. 'ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍റെ നൂറാം ടെസ്റ്റ് മത്സരം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം. അതുകൊണ്ട് തന്നെ അടുത്ത ടെസ്റ്റിനായി എല്ലാവരും പ്രതീക്ഷയിലാണ്. അതിന് മുമ്പായി കോഹ്‍ലി നിങ്ങളെ കാണും' ദ്രാവിഡ് പറഞ്ഞു.

ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന 11 ആം താരമെന്ന നേട്ടമാണ് കോഹ്‍ലിയെ കാത്തിരിക്കുന്നത്. ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളവരില്‍ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ഒന്നാമത്. സച്ചിന്‍ 200 ടെസ്റ്റുകളിലാണ് ഇന്ത്യക്കായി പാഡ് കെട്ടിയത്. രണ്ടാം സ്ഥാനത്ത് നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡാണ്. 163 മത്സരങ്ങളില്‍ ദ്രാവിഡ് ഇന്ത്യക്കായി ടെസ്റ്റ് ജഴ്സിയണിഞ്ഞു. ഈ പട്ടികയിലേക്കാണ് കോഹ്‍ലിയുടെ വരവ്.

അതേസമയം കോഹ്ലി മികച്ച നായകനാണെന്നും ടീമിന്‍റെ ഒത്തിണക്കത്തിൽ വലിയ പങ്ക് താരം വഹിക്കുന്നുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. പുജാര, കോഹ്‍ലി, രഹാനെ എന്നീ പ്രധാന ബാറ്റർമാർ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ഇത് വേഗത്തിൽ പരിഹരിക്കാനാകുമെന്നും കോച്ച് പറഞ്ഞു. സെഞ്ചൂറിയനിലെ വിജയം വാൻഡറേഴ്സിലും ആവർത്തിനാകുമെന്ന പ്രതീക്ഷയും ദ്രാവിഡ് പങ്കുവെച്ചു

TAGS :

Next Story