Quantcast

'നിങ്ങളെ ഓർക്കാതൊരു ദിനമില്ല; മണിക്കൂറുകൾ നീണ്ട നമ്മുടെ വര്‍ത്തമാനങ്ങള്‍ ഞാൻ മിസ് ചെയ്യുന്നു'; ഉമ്മയെക്കുറിച്ച് കണ്ണീരോടെ റാഷിദ് ഖാൻ

2020ൽ കോവിഡ് കാലത്താണ് റാഷിദ് ഖാന്റെ മാതാവ് അന്തരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-15 10:58:59.0

Published:

15 May 2023 10:39 AM GMT

Rashid Khan shares emotional note on his mother, Rashid Khan on mother, Rashid Khan mother, Rashid Khan, Afghanistan Cricketer, Gujrat Titans
X

അഹ്മദാബാദ്: ലോക മാതൃദിനത്തിൽ ഉമ്മയെക്കുറിച്ച് വികാരതീവ്രമായ കുറിപ്പുമായി അഫ്ഗാനിസ്താൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. നിങ്ങളെ ഒരുകാലത്തും മറക്കാനാകില്ലെന്നും ദിവസവും നിങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

'നിങ്ങളെ സ്‌നേഹിക്കുന്നു, മിസ് ചെയ്യുന്നു, ഉമ്മാ.. വിടപറഞ്ഞെങ്കിലും നിങ്ങളെ ഒരിക്കലും മറക്കാൻ പോകുന്നില്ല. ദിവസവും നിങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ട് ഞാൻ. നിങ്ങളുടെ ശബ്ദം മിസ് ചെയ്യുന്നു. നിങ്ങളോടുള്ള ആ മണിക്കൂറുകൾ നീണ്ട സംസാരം ഞാൻ മിസ് ചെയ്യുന്നു'-റാഷിദ് ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2022 ജൂൺ 18ന് കോവിഡ് കാലത്താണ് റാഷിദ് ഖാന്റെ മാതാവ് അന്തരിക്കുന്നത്. നിരന്തര അസുഖങ്ങളെത്തുടർന്നായിരുന്നു മരണം. ഇതിനു രണ്ടു വർഷംമുൻപ് പിതാവും മരിച്ചിരുന്നു. പിതാവിന്റെ മരണത്തിനു പിന്നാലെയും ബിഗ് ബാഷ് ലീഗിൽ അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനു വേണ്ടി താരം കളിച്ചത് വലിയ വാർത്തയായിരുന്നു.

ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി കളിക്കുന്ന താരം ഗംഭീര ഓൾറൗണ്ട് പ്രകടനമാണ് തുടരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വാങ്കഡെയിൽ മുംബൈയ്‌ക്കെതിരെ നടന്ന മത്സരത്തിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നിറഞ്ഞാടുകയായിരുന്നു താരം. ആദ്യം ബൗൾ ചെയ്ത് നാല് വിക്കറ്റ് നേടിയതിനുശേഷം ബാറ്റ് കൊണ്ട് നടത്തിയ ഹീറോയിസം ക്രിക്കറ്റ് ആരാധകർ അടുത്ത കാലത്തൊന്നും മറക്കില്ല.

മുംബൈ ഉയർത്തിയ 218 എന്ന കൂറ്റൻ സ്‌കോർ പിന്തുടർന്ന് തകർന്നടിഞ്ഞ ഗുജറാത്തിനെ ഞെട്ടിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനത്തിലൂടെ 191 റൺസിലേക്ക് കൈപിടിച്ചുയർത്തുകയായിരുന്നു റാഷിദ്. 32 പന്തിൽ പത്ത് സിക്‌സർ സഹിതം പുറത്താകാതെ 79 റൺസാണ് മത്സരത്തിൽ അഫ്ഗാനിസ്താൻ താരം അടിച്ചുകൂട്ടിയത്.

Summary: 'I think of you each day. I miss your voice, I miss talking to you for hours and hours'; Afghanistan Cricketer Rashid Khan shares emotional note on mother's day

TAGS :

Next Story