Quantcast

ഇതാ ഇന്ത്യയ്‌ക്കൊരു 'സ്വിങ് റാണി'; കോമൺവെൽത്തില്‍ പുത്തന്‍ താരോദയം

സ്വിങ് ബൗളിലൂടെ എതിരാളികളെ വിറപ്പിക്കുന്ന രേണുക സിങ് താക്കൂർ നിലവിൽ കോമൺവെൽത്ത് ഗെയിംസ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ്

MediaOne Logo

Web Desk

  • Updated:

    2022-08-04 09:43:42.0

Published:

4 Aug 2022 9:42 AM GMT

ഇതാ ഇന്ത്യയ്‌ക്കൊരു സ്വിങ് റാണി; കോമൺവെൽത്തില്‍ പുത്തന്‍ താരോദയം
X

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുത്തന്‍ സെൻസേഷനായിരിക്കുകയാണ് രേണുക സിങ് താക്കൂർ എന്ന 26കാരി. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ പുതിയ കണ്ടെത്തലാകും രേണുകയെന്ന് തെളിയിക്കുന്നതാണ് കോമൺവെൽത്തിലെ താരത്തിന്റെ പ്രകടനം. സ്വിങ് ബൗളിലൂടെ എതിരാളികളെ വിറപ്പിക്കുന്ന രേണുക നിലവിൽ കോമൺവെൽത്ത് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരമായിരുന്നു ഇന്നലെ ബാർബഡോസിനെതിരെ നടന്നത്. ടോസ് ലഭിച്ച ബാർബഡോസ് നായിക ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ജെമീമ റോഡ്രിഗസിന്റെ അർധസെഞ്ച്വറിയുടെയും(46 പന്തിൽ 56), ഷെഫാലി വർമയുടെയും(26 പന്തിൽ 43) ദീപ്തി ശർമയുടെയും(28 പന്തിൽ 34) വെടിക്കെട്ട് പ്രകടനങ്ങളുടെയും കരുത്തിൽ ഇന്ത്യ 163 എന്ന വിജയലക്ഷ്യമാണ് എതിരാളികൾക്ക് മുന്നിൽ ഉയർത്തിയത്.

എന്നാൽ, ബൗളിങ്ങിൽ ബാർബഡോസിനെ അരിഞ്ഞുവീഴ്ത്തിയ രേണുക സിങ്ങാണ് ഷോ കൊണ്ടുപോയത്. പവർപ്ലേയിൽ അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് താരം കൊയ്തത്. ബാർബഡോസിന്റെ നടുവൊടിച്ച് രേണുക കളംവാണപ്പോൾ മത്സരത്തിൽ ഇന്ത്യ നേടിയത് 100 റൺസിന്റെ കൂറ്റൻജയം. വിജയത്തിലൂടെ സെമിഫൈനൽ ബെർത്തും സ്വന്തമാക്കിയിരിക്കുകയാണ് ടീം.

ടൂർണമെന്റിൽ രേണുകയുടെ രണ്ടാമത്തെ നാല് വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇന്നലത്തേത്. ആസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു ആദ്യ നാല് വിക്കറ്റ് കൊയ്ത്ത്. ബദ്ധവൈരികളായ പാകിസ്താനെതിരെ ഒരു വിക്കറ്റ് മാത്രമേ സ്വന്തമാക്കാനായുള്ളൂവെങ്കിലും നാല് ഓവറിൽ വെറും 20 റൺസ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യയുടെ ജയത്തിൽ നിർണായകമാകാനായി. മൂന്നു മത്സരങ്ങളിൽനിന്നായി ഒൻപത് വിക്കറ്റാണ് രേണുകയുടെ സമ്പാദ്യം.

2021 ആഗസ്റ്റിന് ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായുള്ള ടീമിൽ ഉൾപ്പെട്ടെങ്കിലും അന്തിമ ഇലവനിൽ ഇടംപിടിച്ചിരുന്നില്ല. പിന്നീട് ഒക്ടോബറിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ തന്നെ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറ്റം കുറിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരെ ഏകദിനത്തിലും കന്നിയങ്കം കുറിച്ചു.

Summary: "The Swing Queen of India'', Renuka Singh tops the wicket takers list in Birmingham 2022 Commonwealth Games

TAGS :

Next Story