‘ബാറ്റിങിനിറങ്ങുന്നില്ലെങ്കിൽ കളിക്കുന്നതെന്തിനാ..റിങ്കുവിന് അവസരം നൽകാമായിരുന്നില്ലേ.’ സൂര്യകുമാറിനെതിരെ രൂക്ഷ വിമർശനവുമായി രോഹൻ ഗവാസ്കർ
റൺമല താണ്ടാൻ ഒന്ന് പൊരുതി നോക്കിയെങ്കിലും പരിചയക്കുറവ് മൂലം ഒമാന് ലക്ഷ്യം കാണാനാവാഞ്ഞത് ക്യാപ്റ്റന് തുണയായെന്ന് വേണം പറയാൻ

ഏഷ്യാകപ്പിൽ ഒമാനെതിരായ കഴിഞ്ഞ ദിവസത്തെ പോരാട്ടത്തിൽ ഇന്ത്യയെങ്ങാനും പരാജയപ്പെട്ടിരുന്നുവെങ്കിൽ അതിന്റെ പഴി മുഴുവൻ നായകൻ സൂര്യകുമാറിലേക്കായിരിക്കും എത്തുകയെന്നതിൽ അധികപേർക്കും സംശയമൊന്നും കാണില്ല. അബൂദബി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ ഒന്നു പതറിയെങ്കിലും സഞ്ചുവിന്റെ അർധസെഞ്ച്വറിയുടെയും അഭിഷേക് ഷർമ, തിലക് വർമ എന്നിവരുട മികച്ച പ്രകടനത്തിന്റെയും കരുത്തിൽ വിജയതീരം തൊടുകയായിരുന്നു. മത്സരത്തിൽ 21 റൺസിന് നീലപ്പട വിജയിച്ചെങ്കിലും നായകൻ സൂര്യകുമാർ യാദവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കരുടെ മകനായ രോഹൻ ഗവാസ്കർ. മത്സരത്തിൽ ബാറ്റിങിൽ ടീം പ്രതിസന്ധി നേരിടുമ്പോൾ ക്യാപ്റ്റൻ എന്തുകൊണ്ടാണ് കളത്തിലിറങ്ങാൻ തയ്യാറാകാതിരുന്നതെന്നും ആ അവസരം മറ്റാർക്കെങ്കിലും നൽകാമായിരുന്നില്ലേ എന്നുമാണ് രോഹൻ ഗവാസ്കറിന്റെ വിമർശം. തനിക്ക് ശേഷം ഇറങ്ങാനിരുന്നവർക്ക് പ്രമോഷൻ നൽകിയ സൂര്യ ഇന്നലെ ബാറ്റിങിനിറങ്ങിയിരുന്നില്ല.
''എന്തിനാണ് അദ്ധേഹം ഇങ്ങനെ പെരുമാറിയതെന്ന് തനിക്ക് മനസ്സിലാകുന്നില്ല, ബാറ്റ് ചെയ്യാൻ ഉദ്ദേശമില്ലെങ്കിൽ അദ്ധേഹത്തിന് റെസ്റ്റ് എടുക്കാമായിരുന്നല്ലോ, ബോളിങിലും കാര്യമായി അദ്ധേഹത്തിന് ഒന്നും ചെയ്യാനില്ല, ഇനിയും ഇങ്ങനെ ചെയ്യാനുദ്ദേശമുണ്ടെങ്കിൽ റിങ്കുവിന് ഒരു കളിയിൽ അവസരം കൊടുക്കാമായിരുന്നു.'' രോഹൻ ക്രിക്ബസിൽ പറഞ്ഞു. ഏഷ്യാകപ്പിൽ ഇതിനോടകം പലർക്കും അവസരം ലഭിച്ചിരുന്നെങ്കിലും റിങ്കുവിനും ജിതേഷിനും ഇതുവരെയ്ക്കും കളത്തിലിറങ്ങാനായിരുന്നില്ല.
അനായാസം ജയിക്കാമായിരുന്ന മത്സരത്തിൽ സൂര്യയുടെ അഭാവം ബാറ്റിങിൽ നന്നേ പ്രകടമായിരുന്നു. റൺമല താണ്ടാൻ ഒന്ന് പൊരുതി നോക്കിയെങ്കിലും പരിചയക്കുറവ് മൂലം ഒമാന് ലക്ഷ്യം കാണാനാവാഞ്ഞത് ക്യാപ്റ്റന് തുണയായെന്ന് വേണം പറയാൻ. അതേസമയം, ഇതിഹാസ ഓപ്പണർ സുനിൽ ഗവാസ്കർ നായകന്റെ തീരുമാനത്തെ പിന്തുണച്ചാണ് രംഗത്തെത്തിയത്. കഴിഞ്ഞ പരമ്പരകളിലെ ക്യാപ്റ്റന്റെ അപ്രതീക്ഷിത നീക്കങ്ങളെ ഓർമിപ്പിച്ച അദ്ധേഹം സൂര്യകുമാർ നല്ലൊരു ചിന്തകനാണെന്നും പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ ടീമിന് അനുകൂലമാക്കി മാറ്റാമെന്ന് അയാൾക്ക് നന്നായി അറിയാമെന്നും കൂട്ടിച്ചേർത്തു.
Adjust Story Font
16

