Quantcast

''ചേട്ടനാണോ? സഞ്ജു ബാബ ഇന്ത്യൻ ടീമിലുണ്ട്, അറിയില്ലേ?''; മലയാളി ആരാധകരോട് രോഹിത് ശര്‍മ

'ലവ് യു, രോഹിത്' എന്ന് ആർത്തുവിളിച്ച പാകിസ്താൻ ആരാധകനെ പരിശീലന ഗ്രൗണ്ടിനു പുറത്തെത്തി രോഹിത് ആലിംഗനം ചെയ്തതിന്‍റെ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    28 Aug 2022 10:33 AM GMT

ചേട്ടനാണോ? സഞ്ജു ബാബ ഇന്ത്യൻ ടീമിലുണ്ട്, അറിയില്ലേ?; മലയാളി ആരാധകരോട് രോഹിത് ശര്‍മ
X

ദുബൈ: ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ ബദ്ധിവൈരികളായ പാകിസ്താനുമായി ഏറ്റുമുട്ടുകയാണ്. 2021 ടി20 ലോകകപ്പിലേറ്റ പരാജയത്തിന്റെ കണക്കുതീർക്കാനുറച്ചാകും ഇന്ന് രോഹിത് ശർമയും സംഘവും കളത്തിലിറങ്ങുക. മത്സരത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന ടീം പരിശീലനത്തിനിടെ നർമവും തമാശകളുമായി സജീവമായിരുന്നു രോഹിത്. അതിനിടെ, പാക് ആരാധകനെ ആലിംഗനം ചെയ്തും മലയാളി ആരാധകരുമായി തമാശ പങ്കിട്ടും ഇന്ത്യൻ നായകൻ ഹൃദയം കവരുന്ന കാഴ്ചയ്ക്കും ഇന്നലെ സാക്ഷിയായി.

ടീമിന്റെ പരിശീലനം കാണാനെത്തിയ മലയാളി ആരാധകരോട് രോഹിത് നടത്തിയ സംഭാഷണം ചിരി പടർത്തുന്നതായിരുന്നു. ഗ്രൗണ്ടിനു പുറത്ത് കളി വീക്ഷിക്കുന്നവരുടെ സംസാരം കേട്ട് മലയാളിയാണോ എന്ന അർത്ഥത്തിൽ ചേട്ടനാണോ എന്നു ചോദിച്ചു രോഹിത്. അതെ എന്നായിരുന്നു പ്രതികരണം. ഇത് കേട്ട് ചിരിച്ച രോഹിതിനോട് 'സഞ്ജു ബാബ', 'സഞ്ജു ബാബ' എന്നു വിളിച്ചുപറഞ്ഞു ആരാധകർ. രോഹിതിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ''സഞ്ജു ബാബ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്, അറിയില്ലേ?''

ആരവങ്ങളോടെയും കരഘോഷങ്ങളോടെയുമാണ് ഇതിനെ ആരാധകർ സ്വീകരിച്ചത്. തൊട്ടുപിന്നാലെയാണ് പാകിസ്താനി ആരാധകന്റെ പ്രതികരണം വന്നത്: ''ഞാൻ പാകിസ്താനിയാണ്, പക്ഷെ താങ്കളെ ഇഷ്ടപ്പെടുന്നു. നന്മ നേരുന്നു.'' ഒന്നു കൈ തരുമോ എന്നു ചോദിച്ച പാക് ആരാധകരനോട് ഗ്രൗണ്ടിന്റെ വേലിക്കടുത്തേക്ക് വരാൻ പ്രയാസമാണെന്ന് അറിയിച്ചു ആദ്യം രോഹിത്. നിർബന്ധം കടുത്തതോടെ രോഹിത് ഗ്രൗണ്ടിന്റെ വേലിയും ചാടിക്കടന്ന് ആരാധകർക്കടുത്തെത്തി.

ഓടിക്കൂടിയവർക്കെല്ലാം കൈകൊടുത്തതോടെ ഒന്ന് ആലിംഗനം ചെയ്യുമോ എന്നായി ആവശ്യം. ഒടുവിൽ അതിനും വഴങ്ങി രോഹിത് വേലിക്കിപ്പുറത്തുനിന്ന് അപ്പുറത്തുള്ള ആരാധകനെ ആലിംഗനം ചെയ്താണ് മടങ്ങിയത്.

മുതിർന്ന കായിക ലേഖകനായ വിമൽ കുമാറാണ് ഈ മനോഹരദൃശ്യങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചത്. രോഹിതിനെ കണ്ട ശേഷം ആരാധകരോട് വിമൽ കുമാർ പ്രതികരണം ആരാഞ്ഞു. ഇതിനോട് പാകിസ്താൻ സ്വദേശികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''പത്തു വർഷത്തോളമായി രോഹിതിന്റെ ക്ലാസിനെ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. അദ്ദേഹത്തെ നേരിൽ കാണുമെന്ന് ഒരിക്കലും കരുതിയതല്ല. കഴിഞ്ഞ ദിവസവും ഇവിടെ വന്നിരുന്നെങ്കിലും കാണാനായില്ല. ഇന്ന് ജോലി തീർത്ത് വന്നതായിരുന്നു. ക്രിക്കറ്റർക്കും മുകളിലാണ് മനുഷ്യത്വം. അതുകൊണ്ടാണ് അദ്ദേഹം ഞങ്ങളെ വന്നു കാണുകയും ആലിംഗനം ചെയ്യുകയും ചെയ്തത്. നമ്മളെല്ലാം രോഹിതിനെ ഇഷ്ടപ്പെടുന്നു.''

കഴിഞ്ഞ ദിവസം പാക് നായകൻ ബാബർ അസമുമായും രോഹിത് സംസാരിച്ചതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. കല്യാണം കഴിച്ചൂടേ എന്നായിരുന്നു ബാബറിനോട് രോഹിതിന്റെ ചോദ്യം. ഇല്ല, ഇപ്പോഴില്ലെന്ന് ബാബർ മറുപടിയും നൽകി. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Summary: 'Sanju baba is a part of India. You know na?': Rohit Sharma's response to Sanju Samson fans during Asia Cup practice session

TAGS :

Next Story