'സാധനം കൈയിലുണ്ടോ?'; മിയാമിയിൽനിന്ന് സഞ്ജു

വെസ്റ്റിൻഡീസിനെതിരായ അവശേഷിക്കുന്ന ടി20 മത്സരങ്ങൾക്കായി ഇന്ത്യൻ സംഘത്തോടൊപ്പം ഫ്‌ളോറിഡയിലാണ് നിലവിൽ സഞ്ജു

MediaOne Logo

Web Desk

  • Updated:

    2022-08-05 04:21:40.0

Published:

5 Aug 2022 4:21 AM GMT

സാധനം കൈയിലുണ്ടോ?; മിയാമിയിൽനിന്ന് സഞ്ജു
X

വാഷിങ്ടൺ: 'സാധനം കൈയിലുണ്ടോ' എന്ന് ആരെങ്കിലും ചോദിച്ചാൽ മലയാളിക്ക് ആദ്യം ചിരിപൊട്ടും. മറ്റൊന്നും കൊണ്ടല്ല, പ്രിയദർശൻ ചിത്രം 'അക്കരെയക്കരെയക്കരെ'യിൽ മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച സി.ഐ.ഡി കഥാപാത്രങ്ങളുടെ അമേരിക്കൻ കുറ്റാന്വേഷണയാത്രയിലെ രഹസ്യകോഡായിരുന്നുവല്ലോ അത്. ഇതേ ചോദ്യം ഒരു ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ചോദിച്ചിരിക്കുകയാണിപ്പോൾ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ.

വെസ്റ്റിൻഡീസിനെതിരായ അവശേഷിക്കുന്ന ടി20 മത്സരങ്ങൾക്കായി ഇന്ത്യൻ സംഘത്തോടൊപ്പം ഫ്‌ളോറിഡയിലാണ് നിലവിൽ സഞ്ജു. ഫ്‌ളോറിഡയിലേക്കുള്ള യാത്രയിൽ വിമാനത്തിൽനിന്നുള്ള മിയാമിയുടെ ആകാശക്കാഴ്ച പങ്കുവച്ചായിരുന്നു സഞ്ജു ആ ക്ലാസിക് സിനിമാ ഡയലോഗ് ആവർത്തിച്ചത്. ചിത്രത്തിൽ ദാസനും വിജയനും അമേരിക്കയിൽ തകർത്താടുന്ന പശ്ചാത്തലഗാനം 'സ്വർഗത്തിലോ നമ്മൾ സ്വപ്‌നത്തിലോ' സ്റ്റോറിക്കൊപ്പം ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇതേഗാനം പങ്കുവച്ച് ഭാര്യ ചാരുലതയും ടീം വാഹനത്തിൽനിന്നുള്ള സഞ്ജുവിന്റെ ദൃശ്യങ്ങൾ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളുമാണ് പരമ്പരയിൽ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും നടക്കുന്നത്. ഫ്‌ളോറിഡയിലെ ലൗഡർഹില്ലിലെ സെൻട്രൽ ബ്രോവാഡ് പാർക്ക് സ്‌റ്റേഡിയമാണ് മത്സരങ്ങൾക്കു വേദിയാകുന്നത്. കഴിഞ്ഞ ദിവസമാണ് യു.എസ് വിസ സ്വന്തമാക്കി ഇന്ത്യൻ താരങ്ങൾ ഫ്‌ളോറിഡയിലെത്തിയത്. ഗയാന പ്രസിഡന്റ് ഇർഫാൻ അലിയുടെ ഇടപെടലിനെ തുടർന്ന് അവസാന മണിക്കൂറിലാണ് ചില താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും യു.എസ് വിസ ലഭിച്ചത്.

അഞ്ച് മത്സരങ്ങളടക്കിയ ടി20 പരമ്പരയിൽ നിലവിൽ 2-1ന് മുന്നിലാണ് ഇന്ത്യ. സെയിന്റ് കിറ്റ്‌സിൽ നടന്ന അവസാന മത്സരം ഇന്ത്യ ഏഴു വിക്കറ്റിനാണ് ജയിച്ചത്. പരമ്പരയിൽ ഇതുവരെ സഞ്ജു ഒരു മത്സരത്തിലും അന്തിമ ഇലവനിൽ ഇടംപിടിച്ചിട്ടില്ല. അവസാന രണ്ടു മത്സരങ്ങളിലൊന്നിലെങ്കിലും ഇടംലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. കോവിഡ് ബാധിതനായ കെ.എൽ രാഹുലിന് പകരക്കാരനായാണ് സഞ്ജു സാംസൺ അവസാന നിമിഷം ടി20 സംഘത്തിൽ ഇടംപിടിച്ചത്.

Summary: Sanju Samson shares classic dialogue from Mohanlal and Srinivasan starred movie 'Akkare Akkare Akkare' from Miami, Florida

TAGS :

Next Story