Quantcast

ഉംറാൻ ബുംറയ്‌ക്കൊപ്പം പന്തെറിയണം, ഇംഗ്ലീഷുകാരുടെ മുട്ടുവിറയ്ക്കും- പ്രശംസ കൊണ്ട് മൂടി ശശി തരൂർ

പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റൺ കളംനിറഞ്ഞു കളിച്ച ഇന്നലത്തെ മത്സരത്തിലെ അവസാന ഓവറിൽ മൂന്ന് ബാറ്റർമാരെയാണ് ഉംറാൻ കൂടാരം കയറ്റിയത്. മറ്റൊരാൾ റണ്ണൗട്ടാകുകയും ചെയ്ത ഓവറിൽ ഒരു റൺ പോലുമെടുക്കാൻ പഞ്ചാബിനായില്ല

MediaOne Logo

Web Desk

  • Published:

    18 April 2022 2:27 PM GMT

ഉംറാൻ ബുംറയ്‌ക്കൊപ്പം പന്തെറിയണം, ഇംഗ്ലീഷുകാരുടെ മുട്ടുവിറയ്ക്കും- പ്രശംസ കൊണ്ട് മൂടി ശശി തരൂർ
X

ന്യൂഡൽഹി: ഇത്തവണത്തെ ഐ.പി.എല്ലിന്റെ സെൻസേഷനായി മാറിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അതിവേഗക്കാരൻ ഉമ്രാൻ മാലിക്. മാരക വേഗം കൊണ്ട് ക്രിക്കറ്റ് ആരാധകരെയും കളി വിദഗ്ധരെയുമെല്ലാം വിസ്മയിപ്പിക്കുന്ന ഈ കശ്മീരി വലങ്കയ്യൻ പേസ് ബൗളർ കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിലും ഹൈദരാദാബിനു വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിരവധി മുൻതാരങ്ങളും ഇതിഹാസ താരങ്ങൾ വരെ താരത്തിനു പ്രശംസയുമായി രംഗത്തെത്തിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ എഴുത്തുകാരനും കോൺഗ്രസ് നേതാവുമായ ശശി തരൂർ എം.പിയും താരത്തെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ്.

''എത്രയും പെട്ടെന്ന് അവൻ ഇന്ത്യൻ കുപ്പായത്തിൽ വരണം. എന്തൊരു അസാമാന്യ പ്രതിഭയാണിത്. കത്തിത്തീരും മുൻപ് അദ്ദേഹത്തിന് കരുത്ത് നൽകണം. ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരത്തിനായി അദ്ദേഹത്തെ കൊണ്ടുപോകൂ. അവനും ബുംറയും ചേർന്ന് പന്തെറിഞ്ഞാൽ അത് ഇംഗ്ലീഷുകാരെ വിറപ്പിക്കും.''-തരൂർ ട്വീറ്റ് ചെയ്തു.

പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റൺ കളംനിറഞ്ഞു കളിച്ച ഇന്നലത്തെ മത്സരത്തിൽ ഉംറാൻ മാലിക് നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് പിഴുതത്. അവസാന ഓവറിൽ മൂന്ന് ബാറ്റർമാരെയാണ് താരം കൂടാരം കയറ്റിയത്. മറ്റൊരാൾ റണ്ണൗട്ടാകുകയും ചെയ്ത ഓവറിൽ ഒരു റൺ പോലുമെടുക്കാൻ പഞ്ചാബിനായില്ല. ആറു മത്സരങ്ങളിൽനിന്നായി ഒൻപതു പേരെ പുറത്താക്കി വിക്കറ്റ് വേട്ടക്കാരിലും മുൻനിരയിലുണ്ട് യുവതാരം.

നിരന്തരം മണിക്കൂറിൽ 150 കി.മീറ്റർ വേഗതയിലാണ് താരം പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച താരം 150.6 കി.മീറ്റർ വേഗതയിൽ പന്തെറിഞ്ഞ് സീസണിലെ റെക്കോർഡും സ്വന്തം പേരിലാക്കിയിരുന്നു. ഇത്തവണ മെഗാ ലേലത്തിനുമുൻപ് ഹൈദരാബാദ് നിലനിർത്തിയ താരങ്ങളിലൊരാളുമാണ് ഉംറാൻ.

തീതുപ്പുന്ന പന്തിനെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തിക്കഴിഞ്ഞു. ഉംറാൻ ഉടൻ തന്നെ ഇന്ത്യൻ ടീമിലെത്തുമെന്ന് ഇംഗ്ലീഷ് താരം മൈക്കൽ വോണും നേരത്തെ പ്രതികരിച്ചിരുന്നു. താൻ ബി.സി.സി.ഐ അധ്യക്ഷനാണെങ്കിൽ താരത്തെ ഉടൻ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക് അയക്കുമെന്നും വോൺ സൂചിപ്പിച്ചു.

Summary: ''Umran Malik and Bumrah bowling in tandem will terrify the Angrez'', says Shashi Tharoor

TAGS :

Next Story