പാക് സ്വപ്‌നങ്ങളുടെ അന്തകനായ സിയാൽകോട്ടിന്റെ പുത്രൻ; സിക്കന്ദർ റാസ എന്ന സിംബാബ്‌വേ 'റോക്ക്‌സ്റ്റാർ'

കീറിപ്പറിഞ്ഞ ഷൂവിന്റെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ സ്‌പോൺസർമാര്‍ക്കുവേണ്ടി കേണപേക്ഷിച്ച റയാൻ ബേളിനെ ഓർക്കുന്നില്ലേ..? അവര്‍ക്കിടയില്‍നിന്നാണ് ഒരു സിക്കന്ദർ റാസ ഉയർന്നുവരുന്നത്. പാകിസ്താന്‍റെ ലോകകിരീട സ്വപ്നങ്ങള്‍ക്കുമുന്‍പിലൊരു അന്തകനായി റാസ ചിരിച്ചുനില്‍ക്കുമ്പോള്‍ അതിനു പിന്നിലൊരു മധുരപ്രതികാരത്തിന്‍റെ കഥകൂടിയുണ്ട്

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2022-10-28 06:21:31.0

Published:

27 Oct 2022 6:12 PM GMT

പാക് സ്വപ്‌നങ്ങളുടെ അന്തകനായ സിയാൽകോട്ടിന്റെ പുത്രൻ; സിക്കന്ദർ റാസ എന്ന സിംബാബ്‌വേ റോക്ക്‌സ്റ്റാർ
X

ഹരാരെയിൽനിന്ന് ലോകകപ്പിനായി ആസ്‌ട്രേലിയയിലേക്ക് പറക്കുമ്പോൾ സിക്കന്ദർ റാസ നായകൻ ക്രെയ്ഗ് എർവിനോട് ഒരു ബെറ്റ് വച്ചിരുന്നു. ''ഇതാ, ഈ കാറ്റ്‌ലോഗ് നോക്കിവച്ചോളൂ... ലോകകപ്പില്‍ ഒരു മത്സരത്തിലെങ്കിലും കളിയിലെ താരമായി നീ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏതു വാച്ചാണ് നിനക്കു വേണ്ടതെന്നു പറഞ്ഞാൽ മതി, ഞാൻ വാങ്ങിത്തന്നിരിക്കും. തിരിച്ചാണെങ്കിൽ നീ എനിക്കു വാങ്ങിത്തരേണ്ടിവരും.''

ആ ബെറ്റിന് എർവിൻ കൈകൊടുക്കുമ്പോൾ റാസ ഇതൊരു മത്സരമാക്കി മാറ്റുമെന്ന് ഒട്ടും പ്രതീക്ഷിച്ചുകാണില്ല. ലോകകപ്പിൽ ഇതുവരെ സിംബാബ്‌വേ ആകെ അഞ്ചു മത്സരമാണ് കളിച്ചത്. അതിൽ മൂന്ന് മത്സരങ്ങളിൽ ജയിച്ചു. മൂന്നിലും മാൻ ഓഫ് ദ മാച്ച് സിക്കന്ദർ റാസ!

സിംബാബ്‌വേയും ഒരു 'മിശിഹാ'യെ കാത്തിരുന്നു

ക്രിക്കറ്റ് ചരിത്രത്തില്‍ ചില്ലറക്കാരല്ല സിംബാബ്‌വേ. ശരിക്കും, പുസ്തകത്തിലെ പുലികള്‍. ആൻഡി-ഗ്രാന്‍റ് ഫ്‌ളവർ സഹോദരന്മാർ, തദേന്ത തായ്ബു, ഹീത്ത് സ്ട്രീക്ക്, ഹെന്‍ട്രി ഒലോങ്കയെല്ലാം നിറഞ്ഞാടിയ ഒരു സ്വപ്‌നസമാനമായ കാലമുണ്ടായിരുന്നു സിംബാബ്‌വേയ്ക്ക്. എന്നാൽ, ക്രിക്കറ്റ് ആരാധകരെയെല്ലാം ഒരേസമയം ഞെട്ടിച്ചും വേദനിപ്പിച്ചും സിംബാബ്‌വേ ഒരുനാള്‍ നമ്മുടെ കണ്‍മുന്നിലിരിക്കെ, രാജ്യാന്തര ക്രിക്കറ്റ് മൈതാനത്തുനിന്ന് അപ്രത്യക്ഷരായി.

ലോകക്രിക്കറ്റിൽ രാജാക്കന്മാരെപ്പോലെ വാണ പെട്ടെന്നൊരുനാള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ചാരമായി കത്തിത്തീര്‍ന്നു. കളികൊണ്ടും കരുത്തുകൊണ്ടും പരമദരിദ്രരായിത്തീർന്നു. ക്രിക്കറ്റ് ബോർഡിന്‍റെ പിടിപ്പുകേടു കൂടിയായപ്പോൾ സിംബാബ്‌വേ എന്ന ക്രിക്കറ്റ് മേൽവിലാസത്തിന്റെ പതനം സമ്പൂർണം. അതേകാരണം കൊണ്ട് രണ്ടു തവണ ലോകകപ്പുകളിൽനിന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സിംബാബ്‌വേയ്ക്ക് വിലക്കേർപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി.

കീറിപ്പറിഞ്ഞ ഷൂവിന്റെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ സ്‌പോൺസർമാര്‍ക്കുവേണ്ടി കേണപേക്ഷിച്ച റയാൻ ബേളിനെ ക്രിക്കറ്റ് ആരാധകർ അങ്ങനെയങ്ങ് മറക്കില്ല. സിംബാബ്‌വേ ക്രിക്കറ്റിന്‍റെ ദയനീയചിത്രം തന്നെയായിരുന്നു അത്. ടീമിനെ സ്‌പോൺസർ ചെയ്യാൻ ആരുമില്ല. ദേശീയ ടീമിനു വേണ്ടി തിളങ്ങിയിട്ടും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ താരങ്ങൾക്കാകുന്നില്ല. സ്വന്തമായി ഷൂ വാങ്ങാൻ പോയിട്ട് ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വലഞ്ഞ് ഒരു അന്താരാഷ്ട്ര കായികസംഘം! അവര്‍ക്കിടയില്‍നിന്നാണ് മിശിഹായെപ്പോലെ ഒരു സിക്കന്ദർ റാസ ഉയർന്നുവരുന്നത്.

ഭാഗ്യനക്ഷത്രമായി റാസ

ചാരത്തിൽനിന്നുള്ള സിംബാബ്‌വേയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഭാഗ്യനക്ഷത്രമായാണ് സിക്കന്ദർ റാസ ഉയർന്നുവരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് റാസയെ അങ്ങനെ മറക്കാനാകില്ല. കഴിഞ്ഞ ആഗസ്റ്റിൽ കെ.എൽ രാഹുലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ യുവസംഘം നടത്തിയ സിംബാബ്‌വേ പര്യടനത്തിലെ അവസാന ഏകദിനം. റാസയുടെ ആ അവിസ്മരണീയ സെഞ്ച്വറി. ഇന്ത്യന്‍ ആരാധകര്‍ തരിച്ചിരുന്ന നിമിഷങ്ങള്‍!

അനായാസം പരമ്പര തൂത്തുവാരാനുള്ള ഇന്ത്യൻ മോഹങ്ങളെ തല്ലിക്കെടുത്തി വിജയം ഇന്ത്യയിൽനിന്ന് തട്ടിപ്പറിച്ചെന്നുറപ്പിച്ച ഘട്ടത്തിലേക്ക് സിംബാബ്‌വേയെ നയിച്ചത് റാസയായിരുന്നു. 49-ാമത്തെ ഓവറിൽ ഷർദുൽ താക്കൂറിന്റെ പന്തിൽ ശുഭ്മൻ ഗില്ലിനു ക്യാച്ച് നൽകി റാസ മടങ്ങുമ്പോഴാണ് ഇന്ത്യൻ താരങ്ങൾക്കും ആരാധകർക്കുമെല്ലാം ശ്വാസം നേരെവീണത്. ജയത്തിന് ഏതാനും വാര അകലെ സിംബാബ്‌വേ ഇടറിവീഴുകയും ചെയ്തു. ആറ് സിക്‌സും ഒൻപത് ബൗണ്ടറിയും മിഴിവേകിയ ഇന്നിങ്‌സിൽ 95 പന്ത് നേരിട്ട് റാസ അടിച്ചെടുത്തത് 115 റൺസാണ്. മത്സരത്തിൽ പന്ത് കൊണ്ടും തിളങ്ങി താരം. ആഗസ്റ്റില്‍ ഐ.സി.സിയുടെ 'സ്റ്റാര്‍ ഓഫ് ദി മന്ത്' ആയതും റാസ തന്നെ!

ഉയിർത്തെഴുന്നേൽപ്പിന്റെ 'പോസ്റ്റർബോയ്'

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിലെ ചടുലനീക്കങ്ങൾ കൊണ്ടും കളി ഒറ്റയ്ക്ക് റാഞ്ചാൻ ശേഷിയുള്ള താരമാണ് സിക്കന്ദർ റാസ. ഇന്ത്യയ്ക്ക് ജഡേജ, ആസ്‌ട്രേലിയയ്ക്ക് ഗ്ലെൻ മാക്‌സ്‌വെൽ, പാകിസ്താന് ഷാദാബ് ഖാൻ ഒക്കെ എന്താണോ അതാണ് സിംബാബ്‌വേയ്ക്കിപ്പോൾ സിക്കന്ദർ റാസ. ദ റിയൽ റോക്ക്സ്റ്റാർ. എന്നാൽ, തകർന്നു തരിപ്പണമായിക്കിടക്കുന്ന ഒരു സംഘത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പോസ്റ്റർ ബോയിയായി സിക്കന്ദർ അവർക്കെല്ലാം ഒരുപടി മേലെ നിൽക്കും.

1986 ഏപ്രിൽ 24ന് പാകിസ്താനിലെ സിയാൽകോട്ടിലുള്ള ഒരു പഞ്ചാബി-കശ്മീരി കുടുംബത്തിലാണ് സിക്കന്ദറിന്റെ ജനനം. പാകിസ്താൻ എയർഫോഴ്‌സ് പബ്ലിക് സ്‌കൂളിൽ പഠിക്കുമ്പോള്‍‌ പാക് വ്യോമസേനയിൽ പൈലറ്റാകണമെന്നായിരുന്നു ആഗ്രഹം. വ്യോമസേന റിക്രൂട്ട്മെന്‍റ് വന്നപ്പോള്‍ അപേക്ഷിച്ചു. കാഴ്ചാ പരിശോധനയിൽ പരാജയപ്പെട്ടു, നിരാശനായി മടക്കം.

2002ല്‍ കുടുംബത്തോടൊപ്പം സിംബാബ്‌വേയിലേക്ക് കുടിയേറി. അവിടെനിന്നാണ് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ കാലിഡോണിയൻ സർവകലാശാലയിലെത്തുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിരുദപഠനം. സ്‌കോട്ട്‌ലൻഡ് കാലം ജീവിതത്തിൽ വഴിത്തിരിവായി; സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിലായിരുന്നില്ല, ക്രിക്കറ്റില്‍! ഗ്ലാസ്‌ഗോ പഠനത്തിനിടയിൽ സ്‌കോട്ടിഷ് ക്രിക്കറ്റ് മൈതാനങ്ങളും പ്രലോഭനമായി പിന്തുടര്‍ന്നു. പന്തും ബാറ്റും ഉറക്കംകെടുത്തി. ആ തിരിച്ചറിവുമായാണ് സിംബാബ്‌വേയിലേക്ക് തിരിച്ചുപറക്കുന്നത്.

പതുക്കെ സിംബാബ്‌വേ ആഭ്യന്തര ക്രിക്കറ്റ് മൈതാനത്തിലേക്ക് പാഡണിഞ്ഞിറങ്ങി. അധികം വൈകാതെത്തന്നെ ദേശീയ സെലക്ടർമാരുടെ കണ്ണുടക്കി. പക്ഷെ, പൗരത്വം ഒരു വില്ലനായി മുന്നിൽ. എന്നാല്‍, 2011ൽ ആ കടമ്പ കടന്നു, സിംബാബ്‌വേ പൗരനായി. പിന്നാലെ സെലക്ടർമാരുടെ വിളിയുംവന്നു; നേരെ ദേശീയ ടീമിലേക്ക്. റസ അങ്ങനെ സിംബാബ്‌വേ കാത്തുകാത്തിരുന്ന 'സൂപ്പർമാനാ'യി മാറിയതിന് പിന്നീടുള്ള ഒരു പതിറ്റാണ്ട് സാക്ഷി.

ഒടുവിൽ, ഓസീസ് മണ്ണിൽ ജന്മനാടിന്റെ ലോകകപ്പ് സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി അതേ റാസ. പാകിസ്താന്റെ വിജയമോഹങ്ങളുടെ വഴിയിൽ അന്തകന്‍റെ രൂപത്തില്‍ സിയാൽകോട്ടിന്റെ പുത്രൻ! വ്യോമസേനയിലിരുന്ന് പിറന്ന മണ്ണിനെ സേവിക്കാൻ സ്വപ്‌നം കണ്ടവന്റെ മുന്നിൽ വാതിൽകൊട്ടിയടച്ചവരോട് സിക്കന്ദർ റാസ ചെയ്ത മധുരപ്രതികാരം എന്ന് അതിനെ വിശേഷിപ്പിക്കാമോ!? ചരിത്രം ഇങ്ങനെ എന്തൊക്കെ കൗതുകങ്ങളും പ്രതികാരങ്ങളും കാത്തുവച്ചിരിക്കുന്നു!

Summary: Sikandar Raza, the new rock-star and poster-boy of the resurrection of the Zimbabwe cricket

TAGS :

Next Story