Top

വാലറ്റത്തെ കപ്പിത്താനായി ചാഹര്‍; തോല്‍വിയുറപ്പിച്ചിടത്ത് നിന്ന് വിജയം പിടിച്ചുവാങ്ങി ഇന്ത്യ

പരമ്പരയിലെ രണ്ടാം വിജയത്തോടെ ടീം ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2021-07-20 18:16:48.0

Published:

20 July 2021 6:00 PM GMT

വാലറ്റത്തെ കപ്പിത്താനായി ചാഹര്‍; തോല്‍വിയുറപ്പിച്ചിടത്ത് നിന്ന് വിജയം പിടിച്ചുവാങ്ങി ഇന്ത്യ
X

ശ്രീലങ്ക വിജയമുറപ്പിച്ചിടത്ത് നിന്ന് ഇന്ത്യയുടെ കപ്പിത്താനായി ദീപക് ചാഹര്‍ നങ്കൂരമിട്ടു. ആദ്യ ഏകദിനത്തിലെ നാണംകെട്ട പരാജയത്തിന് ശ്രീലങ്ക കണക്ക് തീര്‍ക്കുമെന്ന് കരുതിയവര്‍ക്ക് പിഴച്ചു. ആവേശപ്പോരാട്ടത്തിനൊടുവില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം. പരമ്പരയിലെ രണ്ടാം വിജയത്തോടെ ടീം ഇന്ത്യ പരമ്പരയും സ്വന്തമാക്കി. സീനിയര്‍ ടീമിന്‍റെ കോച്ചായുള്ള രാഹുല്‍ ദ്രാവിഡിന്‍റെ ആദ്യ പരമ്പരയില്‍ തന്നെ ആധികാരിക വിജയം നേടാന്‍ കഴിഞ്ഞത് ദ്രാവിഡിനും സംഘത്തിനും ഇരട്ടി മധുരമായി.

276 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 116ന് അഞ്ച് എന്ന നിലയിലായിരുന്നു. ഒടുവില്‍ 193ന് ഏഴ് എന്ന നിലയില്‍ പരാജയം ഉറപ്പിച്ചയിടത്തുനിന്നാണ് ദീപക് ചാഹര്‍ രക്ഷകനായി അവതരിച്ചത്. എട്ടാം വിക്കറ്റില്‍ ഭൂവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ചാണ് ചാഹര്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അപരാജിതമായ എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 82 പന്തില്‍ 69 റണ്‍സുമായി ചാഹറും 29 പന്തില്‍ 18 റണ്‍സുമായി ഭൂവനേശ്വര്‍ കുമാറും പുറത്താകാതെ നിന്നു.

കഴിഞ്ഞ കളിയിലെപ്പോലെ മികച്ച തുടക്കം നല്‍കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ മത്സരത്തില്‍ 86 റൺസ് റണ്‍സുമായി ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്‍ ധവാന് 29 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. വെടിക്കെട്ട് പ്രകടനവുമായി കഴിഞ്ഞ കളിയിലെ താരമായ പൃഥ്വി ഷാ 13 റണ്‍സുമായി കൂടാരം കയറി. വണ്‍ ഡൌണായി ഇറങ്ങിയ ഇഷന്‍ കിഷന് ഒരു റണ്‍സ് മാത്രമേ സ്കോര്‍ കാര്‍ഡില്‍ ചേര്‍ക്കാന്‍ കഴിഞ്ഞുള്ളൂ. പിന്നീട് ഒത്തുചേര്‍ന്ന മനീഷ് പാണ്ഡേയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് രക്ഷപെടുത്തുമെന്ന് കരുതിയെങ്കിലും മനീഷ് പാണ്ഡേ അപ്രതീക്ഷിതമായി റണ്‍ ഔട്ടാകുകയായിരുന്നു. ദസുൻ ശനകയുടെ പന്തില്‍ സ്ട്രെയിറ്റ് ഡ്രൈവിന് ശ്രമിച്ച സൂര്യകുമാറിന്റെ ബാറ്റില്‍ കൊണ്ട പന്ത് നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലെ ബെയില്‍ തെറിപ്പിക്കുമ്പോള്‍ മനീഷ് പാണ്ഡേ ക്രീസിന് പുറത്തായിരുന്നു. പന്ത് സ്റ്റമ്പില്‍ കൊള്ളുന്നതിന് മുമ്പ് ദസുൻ ശനകയുടെ ടച്ചു കൂടെയായപ്പോള്‍ മനീഷ് പാണ്ഡേ പുറത്ത്. 31 പന്തില് 37 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു പാണ്ഡേയുടെ ദൌര്‍ഭാഗ്യകരമായ പുറത്താകല്‍.

പിന്നീടെത്തിയ ഹാര്‍ദിക് പാണ്ഡ്യക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്കോർ കാര്‍ഡില്‍ റണ്‍സ് ഒന്നും കണ്ടെത്തുന്നതിന് മുമ്പ് തന്നെ പാണ്ഡ്യ പവലിയനിലെത്തിയിരുന്നു. മറുവശത്ത് സൂര്യകുമാര്‍ യാദവ് ഒറ്റയാള്‍ പോരാട്ടത്തിന് ശ്രമിച്ചെങ്കിലും അര്‍ദ്ധ സെഞ്ച്വറി തികച്ചയുടന്‍ ലങ്കന്‍ ക്യാപ്റ്റന്‍ ദസുൻ ശനകയുടെ പന്തില്‍ ഡിസില്‍വക്ക് ക്യാച്ച് നല്‍കി മടങ്ങാനായിരുന്നു വിധി. ക്രൂനാല്‍ പാണ്ഡ്യയും വാലറ്റത്ത് രക്ഷാപ്രവർത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ടീം വിജയതീരം തൊടുന്നതിന് മുമ്പ് പുറത്താകുകയായിരുന്നു. 54 പന്തില്‍ നിന്ന് 35 റണ്‍സുമായി പൊരുതിയ പാണ്ഡ്യ വാനിൻഡു ഹസരങ്കയുടെ പന്തില്‍ ബൗള്‍ഡായി പുറത്താകുകയായിരുന്നു. പിന്നീടാണ് ദീപക് ചാഹര്‍ രക്ഷാദൗത്യം ഏറ്റെടുക്കുന്നത്

നേരത്തെ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം ശരിയായി മുതലെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഭേദപ്പെട്ട സ്കോര്‍ കണ്ടെത്താന്‍ ശ്രീലങ്കക്കായി. കഴിഞ്ഞ കളിയില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 262 റൺസിലൊതുങ്ങിയ ലങ്കന്‍ ബാറ്റിങ് നിര അത്ര തന്നെ വിക്കറ്റ് നഷ്ടത്തില്‍ ഇന്നത്തെ മത്സരത്തില്‍ 275 റണ്‍സ് നേടി. അര്‍ധസെഞ്ച്വറി നേടിയ ചരിത് അസലങ്കയുടെയും ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയുടെയും മികവിലാണ് ലങ്കന്‍ പട ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 68 പന്തില്‍ ആറ് ബൌണ്ടറികളുള്‍പ്പടെ ചരിത് അസലങ്ക 65 റണ്‍സ് നേടി. 71 പന്തില്‍ നാല് ബൌണ്ടറിയും ഒരു സിക്സറുമായി ആവിഷ്‌ക ഫെര്‍ണാണ്ടോ അർദ്ധ സെഞ്ച്വറിയും കണ്ടെത്തി. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ചമിക കരുണരത്‌നെയാണ് ലങ്കന്‍ സ്കോര്‍ 250 കടത്തിയത്. 33 പന്തില്‍ അഞ്ച് ബൌണ്ടറിയുള്‍പ്പടെ 44 റണ്‍സാണ് ചമിക അവസാന ഓവറുകളില്‍ അടിച്ചുകൂട്ടിയത്. ഫെര്‍ണാണ്ടോയ്ക്ക് പുറമേ മറ്റൊരു ഓപ്പണറായ മിനോദ് ഭനുകയും ലങ്കന്‍ ഇന്നിങ്സില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 36 റണ്‍സെടുത്ത ഭനുക ഓപ്പണിങ് വിക്കറ്റില്‍ ഫെര്‍ണാണ്ടോയ്ക്കൊപ്പം 77 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പുറത്തായത്. ഇന്ത്യന്‍ നിരയില്‍ ഭൂവനേശ്വര്‍ കുമാറും ചാഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.


TAGS :

Next Story