Quantcast

തീതുപ്പി തസ്‌കിൻ, അക്കര്‍മാന്‍റെ ഒറ്റയാള്‍ പോരാട്ടം വിഫലം; ബംഗ്ലാ കടുവകളെ വിറപ്പിച്ചു കീഴടങ്ങി ഡച്ച് പട

അവസാന പന്തുവരെ നീണ്ട ആവേശപ്പോരിൽ നെതർലൻഡ്‌സിനെതിരെ ഒൻപത് റൺസിനാണ് ബംഗ്ലാദേശ് വിജയം

MediaOne Logo

Web Desk

  • Published:

    24 Oct 2022 9:41 AM GMT

തീതുപ്പി തസ്‌കിൻ, അക്കര്‍മാന്‍റെ ഒറ്റയാള്‍ പോരാട്ടം വിഫലം; ബംഗ്ലാ കടുവകളെ വിറപ്പിച്ചു കീഴടങ്ങി ഡച്ച് പട
X

ഹൊബാർട്ട്: ടി20 ലോകകപ്പിലെ 17-ാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ വിറപ്പിച്ച് കീഴടങ്ങി നെതർലൻഡ്‌സ്. അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട പോരാട്ടത്തിൽ ഒൻപത് റൺസിനാണ് ബംഗ്ലാദേശ് വിജയം പിടിച്ചെടുത്തത്.

ആദ്യ ഓവറിൽ സ്‌കോർബോർഡ് ചലിക്കുന്നതിനുമുൻപ് തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ച മുന്നിൽകണ്ട നെതർലൻഡ്‌സിനെ കോളിൻ അക്കർമാന്റെ അസാമാന്യ പോരാട്ടമാണ് വിജയത്തിനു തൊട്ടരികെ വരെ എത്തിച്ചത്. തസ്‌കിൻ അഹ്മദിന്റെ മാസ്മരിക പേസാണ് വൻ നാണക്കേടിൽനിന്ന് ബംഗ്ലാ കടവുകളെ രക്ഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നെതർലൻഡ്‌സ് എട്ടു വിക്കറ്റ് പിഴുത് 144 റൺസിൽ തളച്ചു. മറുപടി ബാറ്റിങ്ങിൽ 135 റൺസ് സ്വന്തമാക്കാനേ ഡച്ച് പടയ്ക്കായുള്ളൂ.

ബംഗ്ലാദേശ് ഉയർത്തിയ 145 ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ നെതർലൻഡ്‌സിനെ ആദ്യ ഓവറിൽ തന്നെ തസ്‌കിൻ അഹ്മദ് ഞെട്ടിച്ചു. തുടരെയുള്ള പന്തുകളിൽ ഓപണർ വിക്രംജിത് സിങ്ങും ബസ് ലീഡും ഗോൾഡൻ ഡക്കായി മടങ്ങി. പിന്നാലെ, മാക്‌സ് ഒഡൗഡും ടോം കൂപ്പർ മടങ്ങിയതോടെ കൂട്ടത്തകർച്ച മുന്നിൽകണ്ടു ഡച്ച് പട.

എന്നാൽ, ഒരറ്റത്ത് വിക്കറ്റുകൾ കൊഴിച്ചുകൊണ്ടിരുന്നപ്പോഴും കോളിൻ അക്കർമാൻ അപരാജിതനായി പോരാടി. എന്നാൽ, തസ്‌കിന്റെ തന്നെ പന്തിൽ അക്കർമാനിന്റെ പോരാട്ടവും അവസാനിച്ചു. 48 പന്തിൽ ആറ് ഫോരും രണ്ടു സിക്‌സറും സഹിതം 62 റൺസുമായാണ് താരം മടങ്ങിയത്. നായകൻ സ്‌കോട്ട് 16 റൺസുമായി കൂടാരം കയറി. അവസാന ഓവറുകളിൽ വാലറ്റക്കാരൻ പോൾ വാൻ മീകരൻ നടത്തിയ വെടിക്കെട്ട് പ്രകടനം ശരിക്കും ബംഗ്ലാദേശിനെ വിറപ്പിച്ചു. 14 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും അടക്കം 24 റൺസ് അടിച്ചെടുത്ത മീകരൻ സൗമ്യ സർക്കാർ എറിഞ്ഞ മത്സരത്തിലെ അവസാന പന്തിൽ കീഴടങ്ങിയതോടെയാണ് ബംഗ്ലാ ആരാധകർക്ക് ശ്വാസം നേരെ വീണത്.

നേരത്തെ, ടോസ് നേടിയ ഡച്ച് നായകൻ സ്‌കോട്ട് എഡ്വാഡ്‌സ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. എന്നാൽ, ഓപണർമാരായ നജ്മുൽ ഹുസൈനും(25) സൗമ്യ സർക്കാരും(14) ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം നൽകിയാണ് മടങ്ങിയത്. ഇരുവരും പോയതിനു പിന്നാലെ ലിട്ടൻ ദാസും ഷാകിബുൽ ഹസനും രണ്ടക്കം കടക്കാനാകാതെ മടങ്ങി.

അഫീഫ് ഹുസൈനും(38) ഓൾറൗണ്ടർ മുസദ്ദിക് ഹുസൈനും(20) ചേർന്നാണ് പിന്നീട് ടീമിനെ പോരാടി നോക്കാവുന്ന സ്‌കോറിലെത്തിച്ചത്. ഡച്ച് ബൗളർമാരിൽ പോൾ വാൻ മീകെരെൻ, ബസ് ലീഡ് എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ഫ്രെഡ് ക്ലാസൻ, ടിം പ്രിംഗ്ലെ, ഷാരിസ് അഹ്മദ്, ലോഗൻ വാൻ ബീക് എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Summary: Taskin Ahmed's fiery spell helps Bangladesh clinch the match from Netherlands in last over thriller

TAGS :

Next Story