Quantcast

ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ച ആ ക്യാച്ച്; മലയാളിക്ക് ക്രിക്കറ്റ് സ്വപ്‌നങ്ങൾ പകർന്ന ശ്രീ

ക്രിക്കറ്റെന്നത് മലയാളിക്ക് അന്യമായ കായിക ഇനമാണെന്ന് പുതുതലമുറ മുഴുവൻ വിശ്വസിച്ചിടത്തുനിന്നാണ് കോതമംഗലത്തുകാരൻ ശാന്തകുമാരൻ ശ്രീശാന്തിന്റെ ഉയിർപ്പ്. മലയാളിയുടെ എല്ലാ പ്രാർത്ഥനകളും ആശീർവാദങ്ങളും ഏറ്റുവാങ്ങി 2005 ഒക്ടോബർ 25നായിരുന്നു നാഗ്പൂർ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ശ്രീശാന്തിന്റെ അരങ്ങേറ്റം

MediaOne Logo

Shaheer

  • Published:

    9 March 2022 5:18 PM GMT

ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ച ആ ക്യാച്ച്; മലയാളിക്ക് ക്രിക്കറ്റ് സ്വപ്‌നങ്ങൾ പകർന്ന ശ്രീ
X

24 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ നൂറുകോടി ജനങ്ങളുടെ നെഞ്ചിടിപ്പിലേക്ക് മിസ്ബാഹുൽ ഹഖ് എന്ന പാക് താരം കോരിയിട്ടൊരു ഷോട്ട്. എല്ലാവരും കണ്ണുപൂട്ടി പ്രാർത്ഥിച്ച ആ ഒരൊറ്റ നിമിഷത്തിൽ ഇന്ത്യയുടെ വിധിയുടെ സൂക്ഷിപ്പുകാരനായി അവിടെയുണ്ടായിരുന്നത് കേരളത്തിൽനിന്നുള്ള ശാന്തകുമാരൻ ശ്രീശാന്ത്. ജോഹന്നാസ് ബർഗിൽ ബദ്ധവൈരികളായ പാകിസ്താനെ അടിയറവ് പറയിച്ച് മഹേന്ദ്ര സിങ് ധോണിയുടെ യുവനിര പ്രഥമ ലോക ടി20 കിരീടം ചൂടുമ്പോൾ നിർണായകമായ ആ അവസാന ക്യാച്ചെടുത്ത് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയിൽനിറഞ്ഞുനിന്നു മലയാളികളുടെ അഭിമാനം. ഒരുപക്ഷെ, ശ്രീശാന്തിന്റെ തന്നെ കരിയറിലെ ഏറ്റവും അവിസ്മരണീയ മുഹൂർത്തമായിരിക്കും അത്.

ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിട; ഐ.പി.എല്ലിലേക്കും തിരിച്ചില്ല

ഐ.പി.എൽ വാതുവയ്പ്പ് വിവാദത്തെ തുടർന്നുള്ള വിലക്കുകളെ തുടർന്നുള്ള നീണ്ട ഇടവേളയ്ക്കുശേഷം ശ്രീശാന്ത് സജീവക്രിക്കറ്റിലേക്ക് ഏറെ പ്രതീക്ഷയോടെ തിരിച്ചുവന്നിട്ടേയുണ്ടായിരുന്നുള്ളൂ. ഗുജറാത്തിലെ രാജ്‌കോട്ടിൽ കേരള രഞ്ജി ടീമിന്റെ ഭാഗമായുണ്ടായിരുന്നെങ്കിലും പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായാണ് പുതുതലമുറയ്ക്കുവേണ്ടി മാറിക്കൊടുക്കുന്നുവെന്ന് പറഞ്ഞ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഐ.പി.എല്ലിലേക്കുള്ള തിരിച്ചുവരവ് താരം ഏറെ കാത്തിരുന്നതാണ്. ഇത്തവണ ഐ.പി.എൽ മെഗാലേല പട്ടികയിലും ഇടംപിടിച്ചിരുന്നെങ്കിലും ആരും താൽപര്യം പ്രകടിപ്പിക്കാത്തതിനെ തുടർന്ന് ലേലത്തിൽ പേരുപരാമർശിക്കാതെ പോകുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നുവെന്നാണ് ട്വിറ്ററിലൂടെ താരം വ്യക്തമാക്കിയത്. ഇതോടെ ഇനി ഐ.പി.എല്ലിലേക്കുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശ്രീശാന്ത്.


മലയാളിയുടെ സ്വന്തം ശ്രീ

ഉത്തരേന്ത്യൻ ലോബികൾ അടക്കിവാഴുന്നുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു കായികരംഗത്ത് 2000ത്തിന്റെ തുടക്കംവരെ മലയാളിതാരങ്ങൾക്ക് സ്വപ്‌നം കാണാൻ പോലുമുള്ള അവകാശമുണ്ടായിരുന്നില്ല. എന്നാൽ, 2000ത്തിൽ സൗരവ് ഗാംഗുലിക്കു കീഴിൽ ടിനു യോഹന്നാനെന്ന മലയാലി മീഡിയം പേസർ ചരിത്രം തിരുത്തി. ആദ്യമായൊരു മലയാളി ഇന്ത്യൻ ദേശീയ കുപ്പായമിട്ടു. മൊഹാലിയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു മലയാളികൾ എന്നും ഓർക്കുന്ന ആ അരങ്ങേറ്റം. എന്നാൽ, അതിനുശേഷം വെറും രണ്ട് ടെസ്റ്റുകളിൽ മാത്രമേ ടിനുവിന് കളിക്കാൻ അവസരം ലഭിച്ചുള്ളൂ.

വീണ്ടും ക്രിക്കറ്റെന്നത് മലയാളികൾക്ക് അന്യമായ കായിക ഇനമാണെന്ന് യുവതലമുറ മുഴുവൻ വിശ്വസിച്ചിടത്തുനിന്നാണ് കോതമംഗലത്തുകാരൻ ശാന്തകുമാരൻ നായര്‍ ശ്രീശാന്തിന്റെ ഉയിർപ്പ്. മലയാളിയുടെ എല്ലാ പ്രാർത്ഥനകളും ആശിർവാദങ്ങളും ഏറ്റുവാങ്ങി 2005 ഒക്ടോബർ 25ന് എസ്. ശ്രീശാന്ത് നാഗ്പൂർ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറ്റം കുറിച്ചു. ശ്രീലങ്കയ്ക്കെതിരായിരുന്നു അരങ്ങേറ്റ മത്സരം. തുടക്കക്കാരനോടുള്ള ഒരു മയവുമില്ലാതെ സനത് ജയസൂര്യയും കുമാർ സംഗക്കാരയും താരത്തെ തലങ്ങും വിലങ്ങും തല്ലി. എന്നാൽ, കളിയുടെ അവസാനത്തിൽ രണ്ട് വിക്കറ്റുകൾ കൊയ്ത് അരങ്ങേറ്റ മത്സരത്തിൽ തന്നെ ശ്രീശാന്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെ വരവറിയിച്ചു.

തുടർന്നങ്ങോട്ട് ഏറെക്കാലം ഇന്ത്യൻ ടീമിലെ നിത്യസാന്നിധ്യമായി മാറി മലയാളിയുടെ സ്വന്തം ശ്രീ. 2007ലെ കന്നി ടി20 ലോകകപ്പിനുള്ള യുവസംഘത്തിൽ ഇടംപിടിച്ചത് താരത്തിന്റെ ബൗളിങ് മികവിനുള്ള അംഗീകാരമായിരുന്നു. ആ നിർണായക ക്യാച്ചിനപ്പുറം മികച്ച ബൗളിങ് പ്രകടനങ്ങളിലൂടെയും ഇന്ത്യയുടെ ലോകകിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു ശ്രീശാന്ത്. 2011ൽ ഏകദിന ലോകകപ്പും ഇന്ത്യയുടെ ധോണിപ്പട നാട്ടിലെത്തിക്കുമ്പോഴും ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ലോകോത്തര താരങ്ങളെ പേസ് കൊണ്ടും വേരിയേഷൻ കൊണ്ടും ശ്രീശാന്ത് ഞെട്ടിച്ചു.


കയറ്റിറക്കങ്ങൾ നിറഞ്ഞ കരിയറായിരുന്നെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വന്തമായൊരു അധ്യായം തുന്നിച്ചേർത്താണ് ശ്രീശാന്ത് കളി മതിയാക്കുന്നത്. എന്നാൽ, സഞ്ജു സാംസൺ അടക്കം ദേശീയ, രാജ്യാന്തരതലത്തിലേക്ക് ഒരുപിടി മലയാളി താരങ്ങളെ ശ്രീശാന്ത് കൈപിടിച്ചുയർത്തിയിട്ടുണ്ടെന്ന കാര്യം മറക്കാനാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മലയാളിക്ക് അപ്രാപ്യമല്ലെന്ന ആത്മിശ്വാസം ഇവിടത്തെ പുതുതലമുറയ്ക്ക് പകർന്നുനൽകിയതും ശ്രീശാന്ത് തന്നെയായിരുന്നു.

വിവാദങ്ങളുടെ തോഴൻ

കളിക്കളത്തിൽ എപ്പോഴും ശൗര്യത്തിന്റെ മുഖമായിരുന്നു ശ്രീശാന്ത്. വിക്കറ്റ് ആഘോഷം മുതൽ എതിരാളികളോടുള്ള പെരുമാറ്റവും ബൗളിങ് ആക്രമണംവരെ പലപ്പോഴും വിവാദങ്ങൾ വിളിച്ചുവരുത്തി.

2008 ഏപ്രിൽ 25ന് ഐ.പി.എല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടയിലെ വിവാദം ക്രിക്കറ്റ് ആരാധകർ ആരും മറക്കില്ല. പഞ്ചാബിനു വേണ്ടിയായിരുന്നു ശ്രീശാന്ത് കളിച്ചിരുന്നത്. മത്സരത്തിൽ ജയവും പഞ്ചാബിനൊപ്പായിരുന്നു. എന്നാൽ, കളി തീർന്ന ശേഷം ശ്രീശാന്ത് മുംബൈ നായകനും ടീം ഇന്ത്യയിലെ സഹതാരവുമായ ഹർഭജൻ സിങ്ങിന്‍റെ അടുത്തുചെന്നു. പ്രകോപിപ്പിക്കാനെന്നോണം ഹര്‍ഭജനുനേരെ കൈനീട്ടി. കളിക്കിടയിലും താരത്തിന്‍റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിരുന്നു. ഇതെല്ലാം മനസ്സില്‍വച്ചെന്നോണം ശ്രീശാന്തിന്‍റെ മുഖത്തടിച്ചായിരുന്നു ഹര്‍ഭജന്‍റെ പ്രതികരണം. സംഭവം ചില്ലറ കോളിളക്കമൊന്നുമല്ല ക്രിക്കറ്റ് ലോകത്തുണ്ടാക്കിയത്.

2006ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലായിരുന്നു മറ്റൊരു വിവാദം. ദക്ഷിണാഫ്രിക്കൻ താരം ആന്ദ്രെ നേലിന്റെ പന്തിൽ സിക്‌സർ പറത്തി ശ്രീശാന്ത് ഗ്രൗണ്ടിൽ 'ഷോഓഫ്' കാണിച്ചു. നൃത്തംവച്ചായിരുന്നു താരത്തിന്റെ പിടിവിട്ട ആഘോഷം. ബാറ്റ് ചുഴറ്റിയും പ്രകടനം തുടർന്നു.


മുൻ ഇംഗ്ലീഷ് താരങ്ങളായ കെവിൻ പീറ്റേഴ്‌സനും മൈക്കൻ വോണുമെതിരെയും ശ്രീശാന്ത് ശൗര്യം പ്രകടിപ്പിച്ചു. പീറ്റേഴ്‌സനെതിരെ ബൗൺസർ എറിഞ്ഞായിരുന്നു 'പകപോക്കലെ'ങ്കിൽ വോണെതിരെ ചുമലിൽ തട്ടിയായിരുന്നു പ്രതികരണം. മത്സരത്തിൽ 50 ശതമാനം മാച്ച് ഫീ പിഴ വീഴുകയും ചെയ്തു.

ശ്രീശാന്തിന്റെ കരിയർ തന്നെ തീർത്തുകളഞ്ഞ ഐ.പി.എൽ വാതുവയ്പ്പ് വിവാദം മലയാളി ഒരുകാലത്തും ഓർക്കാൻ ആഗ്രഹിക്കാത്ത അധ്യായമാണ്. 2013 മെയ് 16നാണ് രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ അജിത് ചന്ദില, അങ്കീത് ചവാൻ എന്നിവർക്കൊപ്പം മുംബൈയിൽ ശ്രീശാന്ത് അറസ്റ്റിലാകുന്നത്. ഐ.പി.എൽ മത്സരത്തിൽ വാതുവയ്പ്പ് നടത്തിയെന്നായിരുന്നു കുറ്റം. കുറ്റം ശ്രീശാന്ത് സമ്മതിച്ചെന്ന് പൊലീസ് വെളിപ്പെടുത്തിയതിനു പിന്നാലെ ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്കും വന്നു. എന്നാൽ, താൻ നിരപരാധിയാണെന്നാണ് സംഭവത്തെക്കുറിച്ച് പിന്നീട് ശ്രീശാന്ത് എപ്പോഴും പറഞ്ഞിട്ടുള്ളത്.

നേട്ടങ്ങളുടെ കരിയർ

രാജ്യാന്തരതലത്തിൽ 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 10 ട്വന്റി20 മത്സരങ്ങളിലും ഇന്ത്യൻ കുപ്പായമിട്ടിട്ടുണ്ട്് ശ്രീശാന്ത്. ഇതിൽ 27 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽനിന്നായി 75 വിക്കറ്റും 10 ടി20യിൽനിന്ന് ഏഴു വിക്കറ്റും സ്വന്തമാക്കി.

2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നാഗ്പൂരിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2011 ഓഗസ്റ്റിൽ ഓവലിൽ ഇംഗ്ലണ്ടിനെതിരെ തന്നെ രാജ്യാന്തര കരിയറിലെ അവസാന ടെസ്റ്റും കളിച്ചു. 2011 ഏപ്രിലിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാനമായി ഏകദിനം കളിച്ചത്. ടി20യിൽ 2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം 2008 ഫെബ്രുവരിയിൽ ആസ്‌ട്രേലിയയ്ക്കെതിരെ അവസാന ടി20യും കളിച്ചു.

Summary: The catch that won India the World Cup; Sreesanth, who inspired Malayalees to dream of international cricket

TAGS :

Next Story