Quantcast

മുംബൈ തയ്യാറെടുത്തത് റസലിനായി, പക്ഷേ ഔട്ട് ഓഫ് സിലബസായി എത്തിയത് കമ്മിന്‍സ്; ട്രോളുമായി ആരാധകർ

ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടമുള്ള ടീമായിട്ടു കൂടി വീണ്ടും വീണ്ടും മുംബൈ തോല്‍വി വഴങ്ങുന്നത് എതിര്‍ടീം ആരാധകർ ആഘോഷിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    7 April 2022 4:48 AM GMT

മുംബൈ തയ്യാറെടുത്തത് റസലിനായി, പക്ഷേ ഔട്ട് ഓഫ് സിലബസായി എത്തിയത് കമ്മിന്‍സ്; ട്രോളുമായി ആരാധകർ
X

തുടർച്ചയായ മൂന്നാം മത്സരത്തിലും 'ദൈവത്തിന്‍റെ പോരാളികള്‍' തോല്‍വി വഴങ്ങിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. കൊല്‍ക്കത്തക്കെതിരായ പരാജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ കണക്കിന് പരിഹസിക്കുകയാണ് എതിര്‍ടീമുകളുടെ ആരാധകവൃന്ദം. വ

കമ്മിന്‍സിന്‍റെ വെടിക്കെട്ട് ബാറ്റിങിലാണ് ഇന്നലെ മുംബൈ തകര്‍ന്നുപോയത്. 14 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച കമ്മിന്‍സിന്‍റെ പ്രകടനത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി അയാള്‍ തലങ്ങും വിലങ്ങും ബൌണ്ടറി പറത്തി. ഫലമോ മുംബൈ ഇന്ത്യന്‍സിന് സീസണിലെ മൂന്നാം മത്സരത്തിലും തോല്‍വി.

ഏറ്റവും കൂടുതല്‍ ഐ.പി.എല്‍ കിരീടമുള്ള ടീമായിട്ടു കൂടി വീണ്ടും വീണ്ടും മുംബൈ തോല്‍വി വഴങ്ങുന്നത് എതിര്‍ടീം ആരാധകർ ആഘോഷിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ട്രോളുകളിലൂടെ അവര്‍ മുംബൈയെ എയറില്‍ നിര്‍ത്തിയിരിക്കുകയാണ്. ആന്ദ്രേ റസലിനായി തയ്യാറെടുത്ത് എത്തിയ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ ഔട്ട് ഓഫ്സ് സിലബസായി കമ്മിന്‍സാണ് എത്തിയതെന്നായിരുന്നു ഒരു കൊല്‍ക്കത്ത ആരാധകന്‍റെ ട്രോള്‍.

'ആരും എങ്ങും പോകില്ല' എന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ പങ്കുവെച്ച മീം. ഫീല്‍ഡര്‍മാര്‍ക്ക് ഒരവസരം പോലും കൊടുക്കാതെ ബാറ്റുവീശിയ കമ്മിന്‍സ് ഫീല്‍ഡര്‍മാരോട് പറയുന്ന തരത്തിലാണ് രാജസ്ഥാന്‍ ട്രോള്‍ പങ്കുവെച്ചിരിക്കുന്നത്.

സ്കൂള്‍ ക്രിക്കറ്റ് കളിക്കുന്ന ലാഘവത്തോടെയാണ് കമ്മിന്‍സ് ഇന്നലെ മുംബൈക്കെതിരെ ബാറ്റ് വീശിയത്. കമ്മിന്‍സിന്‍റെ ബാറ്റില്‍ നിന്ന് തലങ്ങും വിലങ്ങും അടി പാഞ്ഞു. അതും ഗ്രൌണ്ടിന്‍റെ എല്ലാ ഭാഗത്തേക്കും. 127 ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ ആയിരുന്നു 15 ആം ഓവറില്‍ കൊല്‍ക്കത്ത. ജയിക്കാന്‍ 35 റണ്‍സ് കൂടി വേണം. ഏറ്റവും കുറഞ്ഞത് ഒരു മൂന്ന് ഓവറും കൂടിയെങ്കിലും കളി ഉണ്ടാകുമെന്ന് കരുതിയിടത്താണ് അയാള്‍ ഒരോവര്‍ കൊണ്ട് മത്സരം ഫിനിഷ് ചെയ്തത്. ഡാനിയല്‍സ് സാംസിന്‍റെ 16 ആം ഓവറില്‍ കമ്മിന്‍സ് അടിച്ചെടുത്തത് 35 റണ്‍സാണ്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയും കമ്മിന്‍സ് സ്വന്തം പേരില്‍ കുറിച്ചു. കെ.എല്‍ രാഹുലിന് മാത്രമാണ് ഇതിനുമുമ്പ് ഐ.പി.എല്ലില്‍ 14 പന്തില്‍ അർധശതകം കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ഈ റെക്കോര്‍ഡിനൊപ്പമാണ് ഇന്നലെ കമ്മിന്‍സുമെത്തിയത്

കമ്മിന്‍സിന്‍റെ ആറാട്ടില്‍ പിന്നിലായിപ്പോയത് യൂസുഫ് പത്താനും സുനില്‍ നരൈനും സുരേഷ് റൈനയുമുള്‍പ്പടെയുള്ള വെടിക്കെട്ട് താരങ്ങളാണ്. ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുമായി ഓസീസിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ തകർത്തടിച്ചപ്പോള്‍ മുംബൈ സീസണിലെ മൂന്നാം തോൽവിയോടെ പോയിന്‍റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

വെടിക്കെട്ട് കമ്മിന്‍സ്

കമ്മിന്‍സിന്‍റെ ബാറ്റ് വല്ലപ്പോഴുമോ ഇത്രയും ഭീകരമായി പൊട്ടിത്തെറിക്കാറുള്ളൂ. പക്ഷേ താളം കിട്ടിയാല്‍ പിന്നെ അയാള്‍ ക്രീസില്‍ അഴിഞ്ഞാടും. ഇതിനുമുമ്പ് രണ്ട് തവണയാണ് കമ്മിന്‍സ് ഐ.പി.എല്ലില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയത്. 2020 ലായിരുന്നു കമ്മിന്‍സിന്‍റെ ആദ്യ ഐ.പി.എല്‍ ഫിഫ്റ്റി. അന്നും ആസ്ട്രേലിയന്‍ ഓള്‍റൌണ്ടറുടെ ചൂടറിഞ്ഞത് മുംബൈ തന്നെയായിരുന്നു.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പർകിങ്സിനായിരുന്നു കമ്മിന്‍സിന്‍റെ ബാറ്റിന്‍റെ ചൂടറിയാനുള്ള നിയോഗം. ചെന്നൈക്കെതിരായ മത്സരത്തില്‍ 34 പന്തില്‍ 66 റണ്‍സാണ് പാറ്റ് കമ്മിന്‍സ് അടിച്ചെടുത്തത്. ആറ് സിക്സറും നാല് ബൌണ്ടറിയുമുള്‍പ്പടെയായിരുന്നു കമ്മിന്‍സിന്‍റെ അന്നത്തെ താണ്ഡവം.മറ്റൊരു അതിശയകരമായ സംഭവം എന്താണെന്നുവെച്ചാല്‍ ഇതിനുമുമ്പ് കമ്മിന്‍സ് അർധസെഞ്ച്വറി നേടിയ മത്സരങ്ങളില്‍ രണ്ടിലും കൊല്‍ക്കത്ത തോറ്റുവെന്നതാണ്. കമ്മിന്‍സ് ഫിഫ്റ്റി നേടിയ ശേഷം കൊല്‍ക്കത്ത ജയിക്കുന്ന ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്.

ഇത് കമ്മിന്‍സിന്‍റെ പ്രതികാരം!

14 ബോളിലെ കമ്മിന്‍സിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ച്വറി പൊള്ളാര്‍ഡിനോടുള്ള പ്രതികാരം കൂടിയാണ്. നേരത്തെ മുംബൈ ഇന്നിങ്സിനിടെ അവസാന ഓവറെറിയാനെത്തിയ കമ്മിന്‍സിനെ പൊള്ളാര്‍ഡ് തല്ലി പതം വരുത്തിയിരുന്നു. സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ 19 .1 ഓവറില്‍ 138 റണ്‍സായിരുന്നു മുംബൈയുടെ സ്കോര്‍. അടുത്തതായി ക്രീസിലെത്തിയ പൊള്ളാര്‍ഡ് അവസാന അഞ്ച് പന്തില്‍ നടത്തിയ സംഹാര താണ്ഡവമാണ് ടീം സ്കോര്‍ 161 ലെത്തിച്ചത്. മൂന്ന് സിക്സറുള്‍പ്പടെ കമ്മിന്‍സിന്‍റെ അവസാന അഞ്ച് പന്തില്‍ പൊള്ളാര്‍ഡ് 23 റണ്‍സാണ് മുംബൈ സ്കോര്‍ കാര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

ഇതിനെല്ലാം ഒരോവറില്‍ പാറ്റ് കമ്മിന്‍സ് മറുപടി പറഞ്ഞു. നാല് സിക്സറും രണ്ട് ബൌണ്ടറിയും ഒരു നോബാളിലെ രണ്ട് റണ്‍സും ഉള്‍പ്പടെ 35 റണ്‍സാണ് കമ്മിന്‍സ് 16 ആം ഓവറില്‍ അടിച്ചുകൂട്ടിയത്. പക്ഷേ പൊള്ളാര്‍ഡിനോടുള്ള താരത്തിന്‍റെ ദേഷ്യത്തിന് അടികിട്ടിയത് പാവം ഡാനിയല്‍സ് സാംസിനാണെന്ന് മാത്രം.ഇന്നലത്തെ ജയത്തോടെ കൊല്‍ക്കത്ത പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. പുനെയില്‍ വെച്ചു നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിനാണ് മുംബൈയെ തകര്‍ത്തുവിട്ടത്. മൂന്നാം മത്സരത്തിലും തുടർച്ചയായ തോല്‍വി വഴങ്ങിയതോടെ മുംബൈ പോയിന്‍റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

TAGS :

Next Story