Quantcast

രഞ്ജിയിൽ തുടർശതകം നേടി ബംഗാൾ മന്ത്രി; വീര്യം ചോരാതെ മനോജ് തിവാരി

2021 ഫെബ്രുവരിയിൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു മുൻ ഇന്ത്യൻ താരം തൃണമൂലിൽ ചേർന്നത്

MediaOne Logo

Web Desk

  • Published:

    16 Jun 2022 12:31 PM GMT

രഞ്ജിയിൽ തുടർശതകം നേടി ബംഗാൾ മന്ത്രി; വീര്യം ചോരാതെ മനോജ് തിവാരി
X

ബംഗളൂരു: രാഷ്ട്രീയത്തിൽ അങ്കത്തിനിറങ്ങിയിട്ടും ക്രിക്കറ്റിൽ ഇനിയുമേറെ അങ്കങ്ങൾക്ക് ബാല്യമുണ്ടെന്ന് തെളിയിക്കുകയാണ് ബംഗാൾ കായിക മന്ത്രി മനോജ് തിവാരി. കർണാടകയിലെ ആളൂരിൽ മധ്യപ്രദേശിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ യുവതാരം ഷഹബാസ് അഹ്മദുമായി ചേർന്നുള്ള സെഞ്ച്വറി പ്രകടനത്തിലൂടെ ബംഗാളിനെ വലിയൊരു തകർച്ചയിൽനിന്ന് രക്ഷിച്ചിരിക്കുകയാണ് വെറ്ററൻ താരം. ഫസ്റ്റ്ക്ലാസ് കരിയറിലെ 29-ാമത് സെഞ്ച്വറിയാണ് തിവാരി അടിച്ചെടുത്തത്. തുടർച്ചയായി രണ്ടാമത്തെ ശതകം കൂടിയാണിത്.

മധ്യപ്രദേശിന്റെ 341 എന്ന ടോട്ടൽ പിന്തുടർന്നിറങ്ങിയ ബംഗാൾ അഞ്ചിന് 54 എന്ന നിലയിൽ കൂട്ടത്തകർച്ച മുന്നിൽ കാണുമ്പോഴാണ് മുൻ നായകൻ കൂടിയായ മനോജ് തിവാരി രക്ഷകനായെത്തുന്നത്. ഷഹബാസുമായി ചേർന്ന് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തിയ തിവാരി ടീമിനെ കരകയറ്റുകയായിരുന്നു. 205 പന്ത് നേരിട്ട തിവാരി 12 ബൗണ്ടറി സഹിതമാണ് സെഞ്ച്വറി കടന്നത്. സെഞ്ച്വറിക്കു പിന്നാലെ പുറത്താകുകയും ചെയ്തു. ഷഹബാസുമായി ചേർന്ന് 183 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷം മടങ്ങുമ്പോൾ ബംഗാൾ സ്‌കോർ 250 കടന്നിരുന്നു.

തിവാരിക്കു പിന്നാലെ ഷഹബാസും ശതകം പിന്നിട്ടെങ്കിലും ബംഗാൾ ഇന്നിങ്‌സിന് അധികം ആയുസുണ്ടായില്ല. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓൾറൗണ്ടർ കൂടിയായ ഷഹബാസ് 209 പന്ത് നേരിട്ട് 12 ബൗണ്ടറിയുടെ അകമ്പടിയോടെ 116 റൺസ് സ്വന്തമാക്കി. ഷഹബാസ് കൂടി പുറത്തായതോടെ ബംഗാൾ പോരാട്ടം 273 റൺസിൽ അവസാനിച്ചു.

മൂന്നാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ രണ്ടിന് 163 എന്ന നിലയിലാണ് മധ്യപ്രദേശ്. 231 റൺസ് ലീഡുമുണ്ട് നിലവിൽ. അർധസെഞ്ച്വറിയുമായി രജത് പട്ടിദാറും(63) 34 റൺസുമായി നായകൻ ആദിത്യ ശ്രീവാസ്തവയുമാണ് ക്രീസിലുള്ളത്.

ബംഗളൂരിൽ ജാർഖണ്ഡിനെതിരെ നടന്ന ക്വാർട്ടർ മത്സരത്തിലും സെഞ്ച്വറിയും അർധസെഞ്ച്വറിയുമായി മനോജ് തിവാരി തിളങ്ങിയിരുന്നു. ആദ്യ ഇന്നിങ്‌സിൽ 73 റൺസുമായി 773 എന്ന ബംഗാളിന്റെ കൂറ്റൻ ടോട്ടലിന്റെ ഭാഗമായി. രണ്ടാം ഇന്നിങ്‌സിൽ 19 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 136 റൺസും അടിച്ചെടുത്തു. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ബാറ്റ് ചെയ്ത ഒൻപതുപേരും അർധശതകം കടന്ന് ബംഗാൾ ടീം റെക്കോർഡിടുകയും ചെയ്തിരുന്നു.

2021 ഫെബ്രുവരിയിലാണ് മുൻ ഇന്ത്യൻ താരം കൂടിയായ തിവാരി ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് തുടക്കമിട്ടത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു താരം തൃണമൂലിൽ ചേർന്നത്. ഹൗറ ജില്ലയിലെ ശിബ്പൂർ മണ്ഡലത്തിൽ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് ബി.ജെ.പിയുടെ രതിൻ ചക്രവർത്തിയെ 32,000 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോൽപിക്കുകയും ചെയ്തു.

Summary: West Bengal Minister Manoj Tiwary scores second successive century in Ranji Trophy 2022

TAGS :

Next Story