Quantcast

കരീബിയന്‍ കരുത്ത്; രണ്ടാം ടി-20യിലും ഓസീസിനെ തകര്‍ത്ത് വിന്‍ഡീസ്

ആദ്യ മത്സരത്തില്‍ 18 റണ്‍സിന് വിജയിച്ച വിന്‍ഡീസ് ഇതോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 2-0നു മുന്നിലെത്തി

MediaOne Logo

Web Desk

  • Updated:

    2021-07-11 06:04:08.0

Published:

11 July 2021 5:58 AM GMT

കരീബിയന്‍ കരുത്ത്; രണ്ടാം ടി-20യിലും ഓസീസിനെ തകര്‍ത്ത് വിന്‍ഡീസ്
X

രണ്ടാം ടി20യിലും ഓസീസിനെ തകര്‍ത്തെറിഞ്ഞ് വിന്‍ഡീസ് ആധിപത്യം. 56 റൺസിനാണ് സന്ദര്‍ശകരെ വെസ്റ്റിന്‍ഡീസ് പരാജയപ്പെടുത്തിയത്.197 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് 140 റൺസെടുക്കുന്നതിനിടെ 10 വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു.

54 റൺസ് നേടിയ മിച്ചൽ മാര്‍ഷ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികവ് പുലര്‍ത്തിയപ്പോള്‍ ഓസീസ് നിരയില്‍ മറ്റു താരങ്ങള്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കുവാനായില്ല. വിന്‍ഡീസിന് വേണ്ടി ഹെയ്ഡന്‍ വാൽഷ് മൂന്ന് വിക്കറ്റ് നേടി. ഷെൽഡൺ കോട്രെൽ രണ്ട് വിക്കറ്റും നേടി. ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ ഓസീസിന് ഓപ്പണറെ നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ മാത്യു വെയ്ഡ് ആണ് ആദ്യം മടങ്ങിയത്. ആരോൺ ഫിഞ്ചിനും (6) അധികനേരം ക്രീസിൽ തുടരാനായില്ല. ജോഷ് ഫിലിപ്പെ (13), മോയിസസ് ഹെൻറിക്കസ് (19), ബെൻ മക്ഡർമോട്ട് (7), ഡാനിയൽ ക്രിസ്ത്യൻ (9) എന്നിവരും വേഗം മടങ്ങിയതോടെ ഓസീസ് തോല്‍വിയുറപ്പിച്ചു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഓപ്പണര്‍ ആന്ദ്രേ ഫ്ലെച്ചറിനെ (9) നഷ്ടമായി. മികച്ച ഫോമില്‍ ബാറ്റ് വീശിക്കൊണ്ടിരുന്ന ലെൻഡൽ സിമ്മൻസ് (30) പവർപ്ലേയുടെ അവസാന ഓവറിൽ പുറത്താകുന്നു. 13 റണ്‍സുമായി കൂടാരം കയറിയ ഗെയിൽ നിരാശപ്പെടുത്തുന്നു. അങ്ങനെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിൽ പരുങ്ങിയ വിൻഡീസിനെ നാലാം വിക്കറ്റില്‍ ഹെറ്റ്മെയറും ഡ്വെയ്ൻ ബ്രാവോയും ചേർന്നാണ് രക്ഷപെടുത്തിയത്. തകര്‍ത്തടിച്ച ഇരുവരും ചേർന്ന് 10 ഓവറിൽ 103 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 36 പന്തുകളില്‍ നിന്ന് നാല് സിക്സറുകളും രണ്ട് ബൌണ്ടറിയുമുള്‍പ്പടെ 61 റൺസെടുത്ത ഹെറ്റ്മെയര്‍ 18ാം ഓവറില്‍ റണ്ണൗട്ടായി. പിന്നാലെ വന്ന റസല്‍ അവസാന ഓവറുകളില്‍ തീപ്പൊരിയായി. എട്ടു പന്തുകളിൽ നിന്ന് 2 വീതം സിക്സറും ബൗണ്ടറികളുമായി 24 റൺസാണ് ആന്ദ്രേ റസൽ അവസാന ഓവറുകളില്‍ അടിച്ചുകൂട്ടിയത്.

ആദ്യ മത്സരത്തില്‍ 18 റണ്‍സിന് വിജയിച്ച വിന്‍ഡീസ് ഇതോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ 2-0നു മുന്നിലെത്തി

TAGS :

Next Story