വിരാട് കോഹ്ലിയുടെ 'കട്ട ഫാൻ'; ആരാണ് പാക് ബൗളർ ഹസ്സൻ അലിയുടെ ഭാര്യ സാമിയ?

ടി20 ലോകകപ്പ് സെമി ഫൈനലിൽ ആസ്‌ട്രേലിയയ്‌ക്കെതിരായ തോൽവിക്കുപിറകെ പാകിസ്താൻ പേസർ ഹസ്സൻ അലിക്കും ഭാര്യ സാമിയയ്ക്കുമെതിരെ വൻ സൈബർ ആക്രമണമാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-11-12 14:48:27.0

Published:

12 Nov 2021 2:36 PM GMT

വിരാട് കോഹ്ലിയുടെ കട്ട ഫാൻ; ആരാണ് പാക് ബൗളർ ഹസ്സൻ അലിയുടെ ഭാര്യ സാമിയ?
X

ടി20 ലോകകപ്പിൽ പാകിസ്താനുമായുള്ള മത്സരത്തിലെ തോൽവിക്കു പിറകെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ വൻ സൈബർ ആക്രമണമാണ് നടന്നിരുന്നത്. മുസ്‍ലിമായതുകൊണ്ടും പാകിസ്താൻ അനുകൂലിയായതുകൊണ്ടുമെല്ലാമാണ് ഷമി ഇന്ത്യയെ തോൽപിച്ചതെന്ന തരത്തിലായിരുന്നു വിമര്‍ശനം. സെമി ഫൈനലിൽ ആസ്‌ട്രേലിയയ്‌ക്കെതിരായ തോൽവിക്കുപിറകെ പാകിസ്താൻ പേസർ ഹസ്സൻ അലിയും സമാനമായ തരത്തിൽ വലിയ തോതിൽ സൈബർ ആക്രമണത്തിന് ഇരയാകുകയാണ്. താരത്തിന്റെ ഇന്ത്യക്കാരിയായ ഭാര്യയെ മുന്നിൽനിർത്തിയാണ് ആക്രമണം നടക്കുന്നത്.

ഫ്‌ളൈറ്റ് എൻജിനീയർ

ഹരിയാനയിലെ പാൽവാൽ ജില്ലയിലുള്ള ചന്ദേനി സ്വദേശിയാണ് ഹസ്സൻ അലിയുടെ ഭാര്യ സാമിയ അർസൂ. പഴയ സർക്കാർ ജീവനക്കാരനാണ് സാമിയയുടെ പിതാവ് ലിയാഖത്ത് അലി. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസറായാണ് അദ്ദേഹം വിരമിക്കുന്നത്.


കഴിഞ്ഞ 15 വർഷമായി ഫരീദാബാദിലാണ് ലിയാഖത്തും കുടുംബവും കഴിയുന്നത്. അവിടെവച്ചു തന്നെയായിരുന്നു സാമിയ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഫ്‌ളൈറ്റ് എൻജിനീയറായ സാമിയ കുറച്ചുകാലമായി ദുബൈയിൽ എമിറേറ്റ്‌സ് എയർലൈൻസ് ജീവനക്കാരിയാണ്.

ദുബൈയിൽ മൊട്ടിട്ട പ്രണയം

ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു സുഹൃത്ത് വഴിയാണ് സാമിയയും ഹസ്സനും കണ്ടുമുട്ടുന്നത്. ആ കൂടിക്കാഴ്ച പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.


സാമിയയെ കണ്ടുമുട്ടിയ വിവരം തുടക്കത്തില്‍ തന്നെ സഹോദരനോട് സംസാരിച്ചിരുന്നുവെന്നാണ് ഹസ്സന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് അവരെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം കുടുംബവുമായും ചർച്ച ചെയ്തു. കുടുംബത്തിന് എതിർപ്പൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2019ൽ ദുബൈയിൽ വച്ച് ഇരുവരും തമ്മില്‍ വിവാഹിതരായി.

ഇഷ്ടതാരം കോഹ്ലി

വിരാട് കോഹ്ലിയുടെ കടുത്ത ആരാധികയാണ് സാമിയ. ഒരു ഇൻസ്റ്റഗ്രാം ലൈവ് സെഷനിലാണ് സാമിയ തന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെക്കുറിച്ച് മനസ് തുറന്നത്. ലൈവിൽ കാഴ്ചക്കാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സാമിയ. ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്നു ചോദിച്ചപ്പോഴാണ് കോഹ്ലിയുടെ പേര് അവർ വെളിപ്പെടുത്തിയത്.


കൈവിട്ട കപ്പ്

സെമിയിൽ 19-ാം ഓവറിൽ ഷഹീൻ അഫ്രീദിയുടെ ഓവറിലായിരുന്നു കളിയുടെ ഗതിതിരിച്ച ഒരു ക്യാച്ച് ഹസ്സൻ അലി കൈവിട്ടത്. അഫ്രീദിയുടെ പന്ത് ഉയർത്തിയടിച്ച മാത്യു വെയ്ഡിന് കൃത്യമായി ടൈം ചെയ്യാനായില്ല. ഉയർന്നുപൊങ്ങിയ പന്ത് നേരെ താഴെ ഹസ്സന്റെ കൈയിലേക്കാണ് വീണത്. എന്നാൽ, താരത്തിന് പന്ത് കൈപിടിയിലൊതുക്കാനായില്ല. തൊട്ടടുത്ത മൂന്ന് പന്തും ഗാലറിയിലേക്ക് പറത്തി വെയ്ഡ് തന്നെ ഓസീസ് വിജയം പൂർത്തിയാക്കുകയും ചെയ്തു.


ഇതോടെയാണ് ഹസ്സനും ഭാര്യ സാമിയയ്ക്കുമെതിരെ വ്യാപകമായ ട്രോൾ പരിഹാസവും സൈബർ ആക്രമണവും ആരംഭിച്ചത്. ഇന്ത്യക്കാരിൽനിന്ന് പണം വാങ്ങിയാണ് ഹസ്സൻ ആ ക്യാച്ച് വിട്ടതെന്നായിരുന്നു പാക് ആരാധകരുടെ കുറ്റപ്പെടുത്തൽ.

TAGS :

Next Story