Quantcast

ബൗളർമാരോട് നീതി പുലർത്താത്ത ക്രിക്കറ്റ്; ഇത് ക്രിക്കറ്റിലെ വിവേചനത്തിന്‍റെ ചരിത്രം

എന്തുകൊണ്ട് ബാറ്റർമാർ മാത്രം ക്യാപ്റ്റനാകുന്നു? സാങ്കേതിക ന്യായങ്ങൾ മാത്രമാണോ കാരണം...?

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2021-11-30 12:44:09.0

Published:

30 Nov 2021 12:00 PM GMT

ബൗളർമാരോട് നീതി പുലർത്താത്ത ക്രിക്കറ്റ്;  ഇത് ക്രിക്കറ്റിലെ വിവേചനത്തിന്‍റെ  ചരിത്രം
X

നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന മാന്യന്മാരുടെ കളിയെന്ന് കായികപ്രേമികള്‍ നിര്‍വചിച്ച ക്രിക്കറ്റ് ബൗളർമാരോട് നീതി പുലർത്തിയോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചർച്ച. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ടെസ്റ്റ് നായകനായി പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സ് എത്തിയതോടെയാണ് പഴയ ചർച്ചകള്‍ വീണ്ടും സജീവമായത്. 144 വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിനിടയില്‍ ആസ്‌ട്രേലിയയുടെ പേസ് ബൗളറായ ആദ്യ മുഴുവൻ സമയ ടെസ്റ്റ് ക്യാപ്റ്റനാണ് കമ്മിന്‍സ്. ക്രിക്കറ്റിന്‍റെ ജന്മനാടായ ഇംഗ്ലണ്ടില്‍ പോലും ദേശീയ ടീമിനെ നയിക്കാന്‍ നിയോഗമുണ്ടായത് ഒരേയൊരു മുന്‍‌നിര ബൗളര്‍ക്ക് മാത്രമാണ്. ബോബ് വില്ലിസ്.

അടുത്തിടെ, അലിസ്റ്റർ കുക്ക് സ്ഥാനമൊഴിഞ്ഞതിന് ശേഷം ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാതിരുന്നത് ക്രിക്കറ്റിലെ നീതിനിഷേധത്തിന്‍റെ ഭാഗമാണെന്ന് ജെയിംസ് ആൻഡേഴ്സൺ തുറന്നടിച്ചിരുന്നു. ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റ് നേടിയ സ്റ്റാ‍‍ര്‍ സ്ട്രൈക്ക് ബൌള‍‍റാണ് ജെയിംസ് ആന്‍ഡേഴ്സണ്‍. 'എന്തുകൊണ്ടാണ് ഫാസ്റ്റ് ബൗളർമാർക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അവസരം നൽകാത്തതെന്ന് എനിക്കറിയില്ല. അവർ നന്നായി ആ ജോലി ചെയ്യുമെന്നും അതിന് അനുയോജ്യരാണെന്നും ഞാൻ കരുതുന്നു...' ആൻഡേഴ്സൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.

സീനിയ‍ര്‍ താരമായിട്ടും വേണ്ടത്ര ട്രാക്ക് റെക്കോര്‍ഡ് ഉണ്ടായിട്ടും ആന്‍ഡേഴ്സണെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് ബൌളര്‍ ആയതുകൊണ്ടാണെന്ന വാദങ്ങള്‍ക്ക് ശക്തിപകരുന്നതായിരുന്നു താരത്തിന്‍റെ പ്രതികരണം.

അങ്ങനെ ക്രിക്കറ്റിന്‍റെ ചരിത്രതാളുകള്‍ മറിച്ചുനോക്കിയാല്‍ ക്യാപ്റ്റന്‍ ക്യാപ് എന്നും ബൗളര്‍മാര്‍ക്ക് നിഷേധിക്കപ്പെട്ട കനിയാണ്. ഒരുപക്ഷേ വിരലിലെണ്ണാവുന്ന ബൗളർമാര്‍ക്ക് മാത്രമാണ് ഇതുവരെ നായകസ്ഥാനം അലങ്കരിക്കാന്‍ സാധിച്ചിട്ടുള്ളത്. അതിന് ക്രിക്കറ്റ് വിദഗ്ധർ പല സാങ്കേതികതകളും പറയുന്നുണ്ട്. പക്ഷേ എന്തെല്ലാം തരത്തിലുള്ള ന്യായങ്ങള്‍ നിരത്തിയാലും ബൗളര്‍മാരോട് ക്രിക്കറ്റ് എന്നും ചിറ്റമ്മ നയമാണ് കാണിച്ചിട്ടുള്ളതാണെന്നാണ് ഒരു വിഭാഗം നിരീക്ഷകരുടെ വാദം.

ആധുനിക ക്രിക്കറ്റിന്‍റെ സംഭാവനകളായ ഐപിഎല്ലിലും ബിഗ് ബാഷ് ലീഗിലും ഉള്‍പ്പടെ ബാറ്റർമാരാകണം ക്യാപ്റ്റന്‍ എന്ന അലിഖിത നിയമം ഉണ്ടെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്.

എന്തുകൊണ്ട് ബാറ്റ‍‍ര്‍മാര്‍ മാത്രം ക്യാപ്റ്റനാകുന്നു? സാങ്കേതിക ന്യായങ്ങള്‍ ഇങ്ങനെ...

ക്രിക്കറ്റിലെ ഈ വൈരുദ്ധ്യത്തിന് കാലങ്ങളായി നിരവധി കാരണങ്ങൾ ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രധാനമായി ഉന്നയിക്കുന്ന കാരണങ്ങളില്‍ ഒന്ന് ബൗളര്‍മാര്‍ക്ക് പരിക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്ന വസ്തുതയാണ്. ബാറ്റര്‍മാരെ അപേക്ഷിച്ച് ഫാസ്റ്റ് ബൗളർമാർക്ക് ഫീല്‍ഡിലും പരിശീലനത്തിനിടയിലും എല്ലാം പരിക്കിനുള്ള റിസ്ക് ഫാക്ടര്‍ കൂടുതലാണ്. കായികമായി കൂടുതല്‍ അധ്വാനം വേണ്ട ജോലിയായതുകൊണ്ട് തന്നെ ഫാസ്റ്റ് ബൗളര്‍മാരുടെ കരിയര്‍ വേഗം അവസാനിക്കാറുണ്ട്. പരിക്കുകളും കളിക്കളത്തില്‍ സ്റ്റാമിന നിലനിര്‍‌ത്തേണ്ട ആവശ്യകതയും പേസ് ബൗളര്‍മാരെ ഷോര്‍ട് കരിയറില്‍ കളി നിര്‍ത്താന്‍ പ്രേരിപ്പിക്കാറുണ്ട്. ഇതും ക്യാപ്റ്റന്‍സിയിലേക്ക് ബൗളര്‍മാരെ പരിഗണിക്കുന്നതില്‍ നിന്ന് തടയിടുന്നു.

ക്യാപ്റ്റൻറെ റോള്‍ ഏറ്റവും പ്രധാനമായും ഉപയോഗപ്പെടുത്തേണ്ടത് ടീം ഫീല്‍ഡ് ചെയ്യുമ്പോഴാണ്. എന്നാല്‍ ഈ സമയത്ത് ബൗളറാണ് ക്യാപ്റ്റനാകുന്നതെങ്കില്‍ അയാള്‍ക്ക് ഫീല്‍ഡിലെ നല്ലൊരു സമയം പന്തെറിയേണ്ടിയും വരും. ഗ്രൗണ്ടിലെ കനത്ത ജോലിഭാരം അയാളെ ക്ഷീണിതനാക്കുകയും ക്യാപ്റ്റന്‍‌ എന്ന നിലയില്‍ കളിയെ മനസിലാക്കുവാനും നിർണായക തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവിനെ ബാധിക്കുമെന്നും വിലയിരുത്തുന്നു. അതേസമയം ഒരു ബാറ്ററാണ് ക്യാപ്റ്റനെങ്കില്‍ അയാള്‍‌ക്ക് ഫീല്‍ഡിങ് ടൈമില്‍ ബൗളറുടെ അധികം ഭാരം ഉണ്ടാകുകയില്ല. എതിര്‍ ടീമിന്‍റെ ബാറ്റിങിനെ തടയിടാനും ഫീല്‍ഡ് ഒരുക്കാനും അയാള്‍ക്ക് വേഗം കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.

ക്യാപ്റ്റനായി ശ്രദ്ധപിടിച്ചുപറ്റിയ ബൗളർമാർ

എന്നാല്‍ എല്ലാ സാങ്കേതികതകളെയും നിരീക്ഷണങ്ങളെയും മാറ്റിയെഴുതിയ ബൌളര്‍മാരായ ക്യാപ്റ്റന്‍മാര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് സത്യം.

  • ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന കപില്‍ ദേവ് ആള്‍റൌണ്ടര്‍ ആണെങ്കിലും ലോകം കണ്ട ഏറ്റവും മികച്ച പേസ് ബൌളര്‍മാരില്‍ ഒരാളായാണ് കപിലിനെ വിലയിരുത്തുന്നത്. കപിലിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത് ലോകകപ്പ് ഉള്‍പ്പടെ നിരവധി നേട്ടങ്ങളാണ്.
  • ബാറ്റര്‍മാരായ ക്യാപ്റ്റൻമാർ ആധിപത്യം പുലർത്തുന്ന ഒരു രാജ്യത്ത്, അനിൽ കുംബ്ലെ അതിന് ഒരു അപവാദമായിരുന്നു. ടെസ്റ്റിലെ ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ കുംബ്ലെ ചുരുങ്ങിയ സമയത്തേക്കാണെങ്കിലും ടെസ്റ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഭംഗിയായി നിര്‍വഹിച്ചു. പാകിസതാനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിച്ച അവസാന ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് കുംബ്ലെ.
  • 1992 ലോകകപ്പില്‍ പാകിസ്താനെ കിരീടത്തിലേക്ക് നയിച്ച ഇമ്രാന്‍ ഖാന്‍‌ നൂറ്റാണ്ടിലെ തന്നെ എണ്ണം പറഞ്ഞ പേസ് ബൗളറായിരുന്നു. സ്വിങ് ബൌളിങിന്‍റെ സുല്‍ത്താനായ വസീം അക്രം ആകട്ടെ 99 ല്‍ പാകിസ്താനെ ലോകകപ്പ് ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ്.
    • ആസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ സ്റ്റീവ് വോ-റിക്കി പോണ്ടിംഗ് കാലഘട്ടത്തിന്‍റെ ഭാഗമായിരുന്നു സ്പിന്‍ മാന്ത്രികന്‍ ഷെയ്ൻ വോൺ. ബാറ്റര്‍മാരായ ക്യാപ്റ്റന്‍മാരുടെ നിഴലില്‍‌ അന്താരാഷ്ട്ര മത്സരങ്ങളില്‍ തന്‍റെ ക്യാപ്റ്റൻസി മികവ് തെളിയിക്കാൻ വോണിന് ഒരിക്കലും അവസരം ലഭിച്ചില്ല. പക്ഷേ ഐ.പി.എല്ലിന്‍റെ ആദ്യ എഡിഷനില്‍ തന്നെ ഷെയ്ന്‍ വോണ്‍ തന്‍റെ കഴിവ് തെളിയിച്ചു. ടൂർണമെന്‍റെ ഫേവറൈറ്റുകളെയെല്ലാം തകർത്തെറിഞ്ഞ് വോണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടി.


ക്രിക്കറ്റിലെ ക്ലാസ് സെഗ്രിഗേഷന്‍

ക്രിക്കറ്റില്‍ എല്ലാക്കാലത്തും ക്ലാസ് സെഗ്രിഗേഷന്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍സിയിലേക്ക് വരുമ്പോള്‍ സാങ്കേതികതയും ഫീല്‍ഡിലെ ഉത്തരവാദിത്തവുമെല്ലാം ബൌളര്‍മാരെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാക്കിയെടുക്കുകയാണ് എന്നതാണ് എല്ലായ്പ്പോഴും സംഭവിക്കാറ്.


TAGS :

Next Story