Quantcast

സ്പിന്‍ മാജിക്, കോഹ്‌ലി-രാഹുല്‍ മാസ്റ്റര്‍ക്ലാസ്; കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം

മൂന്ന് മുൻനിര ബാറ്റർമാർ സംപ്യജ്യരായി കൂടാരം കയറിയ ശേഷമാണ് കോഹ്ലിയും രാഹുലും ചേര്‍ന്നൊരു മനോഹര ചേസിങ് കൂട്ടുകെട്ട് ചെപ്പോക്കിൽ പിറന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-08 18:25:42.0

Published:

8 Oct 2023 12:36 PM GMT

സ്പിന്‍ മാജിക്, കോഹ്‌ലി-രാഹുല്‍ മാസ്റ്റര്‍ക്ലാസ്; കങ്കാരുക്കളെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം
X

ചെന്നൈ: ഓസീസ് സംഘത്തെ ആദ്യം ബൗളർമാർ ചുരുട്ടിക്കെട്ടി. ഒടുവിൽ വിരാട് കോഹ്ലിയും കെ.എൽ രാഹുലും ചേർന്ന് മനോഹരമായൊരു ചേസിങ്ങിലൂടെ വിജയതീരത്തെത്തിച്ചു. ഇതിലും നന്നായി ഒരു ലോകകപ്പ് തുടക്കം എവിടെനിന്നു കിട്ടാൻ! ചെപ്പോക്കിൽ കരുത്തരായ ആസ്‌ട്രേലിയയെ ആറു വിക്കറ്റിനു തകർത്ത് ലോകകപ്പ് വിജയക്കുതിപ്പിന് ടീം ഇന്ത്യ തുടക്കമിട്ടു.

ഇന്ത്യൻ സ്പിന്നർമാരുടെ മാജിക്കിൽ 199 എന്ന ചെറിയ സ്‌കോറിലേക്കു കൂപ്പുകുത്തിയ ആസ്‌ട്രേലിയയെ കളിയുടെ സർവമേഖലയിലും അപ്രസക്തരാക്കിയാണ് ടീം ഇന്ത്യയുടെ വിജയം. ഇഷൻ കിഷൻ, രോഹിത് ശർമ, ശ്രേയസ് അയ്യർ എന്നിങ്ങനെ മൂന്ന് മുൻനിര ബാറ്റർമാർ സംപ്യജ്യരായി കൂടാരം കയറിയ ശേഷമാണ് അസാമാന്യമായൊരു ചേസിങ് കൂട്ടുകെട്ട് ചെപ്പോക്കിൽ പിറന്നത്. സെഞ്ച്വറിയോളം പോന്ന അർധസെഞ്ച്വറികളുമായാണ് ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലേക്കു നയിച്ചത്.

നാലാം വിക്കറ്റിൽ കോഹ്ലിയും രാഹുലും ചേർന്ന് 165 റൺസാണു പടുത്തുയർത്തിയത്. അതും 215 പന്ത് ക്ഷമയോടെ നേരിട്ടാണ് അവർ കൂട്ടുകെട്ട് പടുത്തുയർത്തിയത്. ഒടുവിൽ വിജയത്തിനു തൊട്ടടുത്ത് കോഹ്ലി ഹേസൽവുഡിന്റെ പന്തിൽ ലബുഷൈനു ക്യാച്ചു നൽകി മടങ്ങി. 116 നേരിട്ട് ആറ് ബൗണ്ടറി സഹിതം 85 റൺസെടുത്താണ് കോഹ്ലി പുറത്തായത്. 115 പന്ത് നേരിട്ട് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 97 റൺസെടുത്ത് രാഹുലും 11 റൺസെടുത്ത് ഹർദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു.

സ്പിന്‍കുരുക്കില്‍ വീണ് ഓസീസ്

സ്പിന്നര്‍മാര്‍ക്ക് മേധാവിത്വം കിട്ടിയ പിച്ചില്‍ 199 റണ്‍സാണ് ആസ്ട്രേലിയന്‍ ബാറ്റര്‍മാര്‍മാര്‍ നേടിയത്. ആക്രമണം നയിച്ചത് ജസ്പ്രീത് ബുംറയാണെങ്കിലും രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ആർ അശ്വിനും ചേർന്ന് കേളികേട്ട ഓസീസ് ബാറ്റിങ് നിരയെ അപ്പാടെ വരിഞ്ഞുമുറുക്കിക്കളയുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ തീരുമാനം ചോദ്യംചെയ്യുന്ന തരത്തിലായിരുന്നു അവരുടെ ബാറ്റിങ് പ്രകടനം. മിച്ചൽ മാർഷിനെ മത്സരത്തിലെ മൂന്നാം ഓവറിൽ തന്നെ ജസ്പ്രീത് ബുംറ മടക്കിയയച്ചെങ്കിലും രണ്ടാം വിക്കറ്റിൽ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ചേർന്ന് മികച്ചൊരു കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

റണ്ണൊഴുക്ക് തടയാനായെങ്കിലും ഏറെനേരം ഇന്ത്യൻ ബൗളർമാരെ വാർണർ-സ്മിത്ത് കൂട്ടുകെട്ട് പരീക്ഷിച്ചുകൊണ്ടിരുന്നു. അർധസെഞ്ച്വറിയിലേക്കു കുതിച്ച വാർണറെ സ്വന്തം പന്തിൽ തന്നെ പിടികൂടി ഒടുവിൽ കുൽദീപ് യാദവ് ഇന്ത്യൻ ക്യാപ്റ്റൻ ആഗ്രഹിച്ച ബ്രേക്ത്രൂ നൽകി. 52 പന്ത് നേരിട്ട് ആറ് ബൗണ്ടറി സഹിതം 41 റൺസെടുത്താണ് വാർണർ പുറത്തായത്.

മൂന്നാം വിക്കറ്റിൽ മാർനസ് ലബുഷൈൻ സ്മിത്തിനു കൂട്ടുനൽകിയെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. സ്മിത്തിനെ ക്ലീൻബൗൾഡാക്കി രവീന്ദ്ര ജഡേജ ആദ്യ വിക്കറ്റ് വീഴ്ത്തി. 71 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറി ഉൾപ്പെടെ 46 റൺസെടുത്താണ് സ്മിത്ത് മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ലബുഷൈനെ(27) വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിലെത്തിച്ച് വീണ്ടും ജഡേജയുടെ സ്‌ട്രൈക്ക്.

പിന്നീട് വന്നവർക്കൊന്നും ഇന്ത്യയുടെ സ്പിൻപൂട്ട് പൊളിക്കാനായില്ല. ഗ്ലെൻ മാക്‌സ്‌വെൽ(15), അലെക്‌സ് ക്യാരി(പൂജ്യം), കാമറോൺ ഗ്രീൻ(എട്ട്), പാറ്റ് കമ്മിൻസ്(15), ആദം സാംപ(ആറ്), എന്നിവരെല്ലാം ഒന്നിനു പിറകെ ഒന്നായി പവലിയനിലേക്കു തിരിച്ചുനടന്നു. വാലറ്റത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ(28) ഒറ്റയാന്‍ പോരാട്ടമാണ് ആസ്ട്രേലിയയെ മാന്യമായ സ്കോറിലെങ്കിലുമെത്തിച്ചത്.

Summary: World Cup 2023: KL Rahul, Virat Kohli's master class chasing knocks help India beat mighty Australia by 6 wickets in their World Cup 2023 opener

TAGS :

Next Story