Quantcast

'ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ചുംബിക്കാൻ ശ്രമിച്ചു; തടഞ്ഞപ്പോഴും വീണ്ടും ആവശ്യപ്പെട്ടു'; വിജയ് ബാബുവിനെതിരെ പുതിയ വെളിപ്പെടുത്തൽ

''ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ, അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാള്‍.''

MediaOne Logo

Web Desk

  • Updated:

    2022-04-29 11:52:26.0

Published:

29 April 2022 10:31 AM GMT

ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ചുംബിക്കാൻ ശ്രമിച്ചു; തടഞ്ഞപ്പോഴും വീണ്ടും ആവശ്യപ്പെട്ടു; വിജയ് ബാബുവിനെതിരെ പുതിയ വെളിപ്പെടുത്തൽ
X

കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗികാരോപണം. 2021 നവംബറിൽ നടന്ന സംഭവത്തെക്കുറിച്ചാണ് യുവതിയുടെ വെളിപ്പെടുത്തൽ. പ്രൊഫഷനൽ ആവശ്യവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്കിടെ മദ്യം വാഗ്ദാനം ചെയ്‌തെന്നും ചുംബിക്കാൻ ശ്രമിച്ചെന്നും യുവതി പറയുന്നു. 'വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ്' എന്ന ഫേസ്ബുക്ക് പേജിലാണ് തുറന്നുപറച്ചിൽ. ദുർബലരായ സ്ത്രീകളെ സഹായവാഗ്ദാനം നൽകി മുതലെടുക്കാൻ ശ്രമിക്കുന്നയാളാണ് വിജയ് ബാബുവെന്നും കുറിപ്പിൽ ആരോപിക്കുന്നു.

വിജയ് ബാബുവിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി യുവനടി രംഗത്തെത്തിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെ വിജയ് ബാബു വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു. താൻ ജീവിതത്തിലെ ചില പ്രശ്‌നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്കിറങ്ങിയ സമയത്താണ് ചുംബിക്കാൻ ശ്രമിച്ചതെന്നും നിരസിച്ചപ്പോഴും വീണ്ടും ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തുന്നു. പിന്നീട് മാപ്പുപറഞ്ഞ്, ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടതായും കുറിപ്പിൽ പറയുന്നു.

അതിനിടെ, ബലാത്സംഗ കേസിൽ വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇന്ന് രാവിലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയിൽ കൂടുതൽ അവസരത്തിനുവേണ്ടി താനുമായി ബന്ധം തുടർന്ന നടി ഇപ്പോൾ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും ഇവർ തനിക്കയച്ച ആയിരക്കണക്കിന് വാട്‌സ്ആപ്പ് സന്ദേശങ്ങളുൾപ്പെടെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും വിജയ് ബാബു ജ്യാമാപേക്ഷയിൽ പറയുന്നു.

കേരള പൊലീസിനു വേണ്ടി ഒരു പരസ്യചിത്രം ചെയ്തിരുന്നു. ഇതിൽ ആർട്ടിസ്റ്റായി പരാതിക്കാരി ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അവസരങ്ങൾക്കായി ഇവർ തന്നെ തുടർച്ചയായി ബന്ധപ്പെട്ടിരുന്നെന്നും സിനിമയിൽ അവസരം നൽകേണ്ടത് സംവിധായകനാണെന്ന് പലതവണ പറഞ്ഞിട്ടും പരാതിക്കാരി തന്നോടു ബന്ധം പുലർത്താനാണ് ശ്രമിച്ചതെന്നും വിജയ് ബാബു ആരോപിക്കുന്നു.

യുവതിയുടെ വെളിപ്പെടുത്തലിന്റെ പൂർണരൂപം

പ്രിയ ടീം,

എന്റെ ഒരു അനുഭവം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു. പിന്നീട് അയാൾ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു. ഞാൻ എന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്കിറങ്ങി. അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.

അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയ് ബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ! ഭാഗ്യവശാൽ, എന്റെ റിഫ്‌ലെക്‌സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽനിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു 'ഒരു ചുംബനം മാത്രം?'. ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെനിന്ന് ഇറങ്ങിയോടി. കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.

ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ, അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽനിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയ് ബാബു എന്ന നടനും നിർമാതാവും എന്നത് എന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.

അയാളിൽനിന്ന് ഈയിടെ ഒരു നടിക്കുണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്. അയാൾ തീർച്ചയായും ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എൻറെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതുകൊണ്ട് തന്നെ ഒരുപാടുപേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല. ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാളെന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതയ്ക്കു വേണ്ടി ഞാൻ ശബ്ദമുയർത്തും. എന്നും അവൾക്കൊപ്പം നിൽക്കും. അവൾക്ക് നീതി കിട്ടുന്നതുവരെ..

കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ- 'സ്ത്രീകൾക്ക് സുരക്ഷിതമല്ല' എന്നത് തെറ്റാണെന്ന് തെളിയിക്കണം. എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവയ്ക്കാൻ ഭയപ്പെടരുത്.

നന്ദി.

Summary: 'Tried to kiss me on the first meet up, and asked again when I blocked '; New revelation against Vijay Babu

TAGS :

Next Story