Quantcast

ഗൗരിയമ്മ തരില്ലെന്ന് പറഞ്ഞ ഒരു അഭിമുഖത്തിൻ്റെ കഥ

"ഓ, ഇവിടെ ഇൻ്റർവ്യൂ ഒന്നും എടുത്തു വെച്ചിട്ടില്ല. നീ പോടാ ചെറുക്കാ" പറഞ്ഞു തീരും മുമ്പേ ഗൗരിയമ്മ വാതിലടച്ചു. ഞാൻ ഞെട്ടാൻ പോലും മറന്ന് നിന്നു പോയി. കുറേനേരം കാത്തു നിന്നിട്ടും തുറക്കുന്നില്ല എന്നു കണ്ടപ്പോൾ തലതാഴ്ത്തിയിട്ട് റോഡിലേക്കിറങ്ങി.

MediaOne Logo

പി.ടി നാസര്‍

  • Updated:

    2021-05-11 13:35:11.0

Published:

11 May 2021 1:33 PM GMT

ഗൗരിയമ്മ തരില്ലെന്ന് പറഞ്ഞ ഒരു അഭിമുഖത്തിൻ്റെ കഥ
X

"ഓ, ഇവിടെ ഇൻ്റർവ്യൂ ഒന്നും എടുത്തു വെച്ചിട്ടില്ല. നീ പോടാ ചെറുക്കാ"- ഗൗരിയമ്മ വാതിലടച്ചു. ഞാൻ ഞെട്ടാൻ പോലും മറന്ന് നിന്നുപോയി. പിന്നെ തലതാഴ്ത്തിപ്പിടിച്ച് റോഡിലേക്കിറങ്ങി.

1993 ൻ്റെ അവസാനമാണ്. അതോ 94 ആദ്യമോ. തിയ്യതി പെട്ടെന്ന് ഓർമ വരുന്നില്ല. കേരളത്തെ സംബന്ധിച്ച് പൊതുവേയും കെ. ആർ ഗൗരിയമ്മയെ വിശേഷിച്ചും രാഷ്ട്രീയം തിളച്ച് വരുന്ന കാലമാണ്. അന്ന് കേരളശബ്ദം വാരികയുടെ മലബാർ ലേഖകനാണ്.

ആഴ്ചക്കുള്ള വിഭവങ്ങൾ തയ്യാറാക്കിക്കഴിഞ്ഞാൽ അതുമായി കൊല്ലത്തെ ഓഫീസിൽ എത്തുന്നതാണ് പതിവ്. യാത്രാപ്പടി കയ്യോടെ കിട്ടും എന്നതാണ് ആ യാത്രയുടെ പ്രേരണ. തന്നെയുമല്ല, കുമാരിയമ്മയുടെ കണ്ണിൽപെട്ടാൽ കുങ്കുമം, കുമാരി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഴുതിക്കും. വട്ടച്ചെലവിന് കാശുംതരും. സാനുമാഷ്, എസ് രാമകൃഷ്ണൻ, പ്രഭാകരൻ പുത്തൂർ എന്നീ വൻമരങ്ങളുടെ തണലിൽ ഇരിക്കാം. ചിലപ്പോ, റിവ്യൂവിന് വന്ന പുസ്തകങ്ങൾ കിട്ടും. അതിനൊക്കെയാണ് കൊല്ലത്തേക്ക് രാത്രിവണ്ടിയിൽ കുതിക്കുന്നത്.

അന്ന്, പതിവുപോലെ എഴുതിക്കൊടുത്ത് തിരക്കിട്ട് ഇറങ്ങാൻ നോക്കി. ഡസ്ക്ക് ചീഫ് ആർ പവിത്രൻ തടഞ്ഞു.

"നാസറിനെ ഡോക്ടർ തിരക്കി "

കുങ്കുമം സന്ദർശനം റദ്ദാക്കി ഡോക്ടറുടെ മുറിയിലേക്ക് കയറി. ഡോക്ടർ എന്നാൽ ഡോക്ടർ രാജാകൃഷ്ണൻ. കേരളശബ്ദത്തിൻ്റെ എഡിറ്ററും പ്രിൻ്ററും പബ്ലിഷവും എല്ലാമെല്ലാമായ ഡോക്ടർ.

"ഇരിക്ക് "

ഇരുന്നു. ഡോക്ടർ ചോദിച്ചു:

" ഇയാൾക്ക് ഗൗരിയമ്മയെ അറിയുമോ "

"നേരിട്ട് പരിചയമില്ല"

" ഉണ്ടാക്കണം. ഇയാൾ ഒരു രാഷ്ട്രീയ ലേഖകനാണ്. അവർ കേരളത്തിലെ ഏറ്റവും ഉന്നതയായ രാഷ്ട്രീയ നേതാവാണ്. പരിചയമില്ല എന്ന് പറയരുത്".

" ഉം "

"എന്നാൽ പരിചയപ്പെടാൻ പോയിക്കോളൂ"

അന്തംവിട്ട് ഇരുന്നപ്പോൾ ഡോക്ടറുടെ ശബ്ദം ഉയർന്നു:

" അവരുടെ ഒരു ഇൻ്റർവ്യൂ എടുക്കണം. നാളെത്തന്നെ എഴുതിക്കിട്ടണം. ഈ ആഴ്ച അതായിരിക്കണം കവർസ്‌റ്റോറി"

"ഞാൻ...." - പറഞ്ഞു തുടങ്ങിയത് മുഴുമിപ്പിക്കാൻ ഡോക്ടർ സമ്മതിച്ചില്ല.

"കൊല്ലത്താണ് താമസിക്കുന്നത് എങ്കിൽ റൂമ് പറയാം. ആലപ്പുഴയിലാണെങ്കിൽ കാശ് വാങ്ങിക്കോളൂ. രാവിലെ അവരെ ചെന്ന് കാണണം. ഇവിടെ നിന്ന് വിളിച്ചു പറയാം. ഇൻ്റർവ്യൂ എടുത്ത് വൈകുന്നേരം എഴുതിത്തരണം. ഉം"

താമസം കൊല്ലത്തു തന്നെയാക്കി. പിറ്റേന്ന് പുലർച്ചെ കൊല്ലത്തു നിന്ന് കെ.എസ്.ആർ.ടി.സിയിൽ ആലപ്പുഴ എത്തി. അന്വേഷിച്ചന്വേഷിച്ച് ചാത്തനാട്ടെ വീട്ടിലെത്തി. രാവിലെ ഏഴരക്ക് മുമ്പേ. ബെല്ലടിച്ചപ്പോൾ വന്ന് വാതിൽ തുറന്നത് മറ്റാരുമല്ല. ഗൗരിയമ്മ തന്നെ.

സംഗതി അവതരിപ്പിച്ചപ്പോഴുള്ള പ്രതികരണമാണ് ആദ്യം പറഞ്ഞത്.

"ഓ, ഇവിടെ ഇൻ്റർവ്യൂ ഒന്നും എടുത്തു വെച്ചിട്ടില്ല. നീ പോടാ ചെറുക്കാ" പറഞ്ഞു തീരും മുമ്പേ ഗൗരിയമ്മ വാതിലടച്ചു. ഞാൻ ഞെട്ടാൻ പോലും മറന്ന് നിന്നു പോയി. കുറേനേരം കാത്തു നിന്നിട്ടും തുറക്കുന്നില്ല എന്നു കണ്ടപ്പോൾ തലതാഴ്ത്തിയിട്ട് റോഡിലേക്കിറങ്ങി. കുറച്ചപ്പുറം ഒരു ചായക്കട കണ്ടു. അങ്ങോട്ടു കയറി. ചായ കുടിച്ച് കുറച്ചു നേരം പതുങ്ങിക്കളിച്ചു. പിന്നെ മടിച്ചുമടിച്ച് ചായക്കടക്കാരനോട് ചോദിച്ചു:

"ഗൗരിയമ്മക്ക് സെക്രട്ടറിയോ മറ്റോ ഉണ്ടോ?"

എന്തിനാ എന്ന് ചോദിച്ച കടക്കാരനോട് സംഗതി പറഞ്ഞു. കേരള ശബ്ദത്തിൻ്റെ ലേഖകനാണ് എന്നും ഗൗരിയമ്മയുടെ അഭിമുഖത്തിന് സമയം നിശ്ചയിക്കാനാണ് എന്നും വിശദീകരിച്ചു. അയാൾ വിസ്തരിച്ചൊന്ന് ചിരിച്ചു.

എന്നിട്ട് പറഞ്ഞു: " സെക്രട്ടറിയും പ്രസിഡണ്ടും ഒന്നുമില്ല. ഉണ്ടായിട്ടും കാര്യമില്ല. എല്ലാം തീരുമാനിക്കുന്നത് കുഞ്ഞമ്മതന്നെ. അവിടെത്തന്നെ പോയി നിന്നോ. വാതിൽ തുറക്കും".

"ആ, പിന്നേയ്, കുഞ്ഞമ്മേ എന്നു വിളിച്ചാ മതി. അങ്ങനെയാ " - തിരിച്ചു നടക്കുമ്പോൾ അയാൾ പിന്നിൽ നിന്ന് ഓർമിപ്പിച്ചു.

തിരിച്ചുപോയി. അടച്ചിട്ട വാതിൽക്കൽ കുറേനേരം നിന്നു. ഇത്തവണ ബെല്ലടിക്കാൻ ധൈര്യം വന്നില്ല. ഗ്രിൽസിൻ്റെ താഴെയായി അരച്ചുമരിന്മേൽ പത്രങ്ങളുണ്ട് ദേശാഭിമാനിയുണ്ട്, മനോരമയുണ്ട്. അതെടുത്ത് നിവർത്തി.

അപ്പോഴാണ് സംഗതിയുടെ കിടപ്പ് ശരിക്കും പിടികിട്ടിയത്. കാര്യം നിസ്സാരമല്ല. പാർട്ടി ഗൗരിയമ്മക്കെതിരെ പല കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. മാക്ഡൊവൽ കമ്പനിയിലെ യൂണിയൻ നേതൃസ്ഥാനം ഏറ്റെടുത്തത്, ആലപ്പുഴ വികസനസമിതി ഉണ്ടാക്കിയത്. സ്വീകരണയോഗത്തിൽ പങ്കെടുക്കരുത് എന്ന വിലക്ക് വകവെക്കാതിരുന്നത്.. അങ്ങനെ പലതും. കാര്യമായി വായിക്കണമല്ലോ. ചവിട്ടുപടിയിൽ ഇരുന്നു.

എത്രനേരം ഇരുന്നു എന്നറിയില്ല.

"ഇവിടെയിരുന്ന പത്രമെന്ത്യേ" എന്നു ചോദിച്ചു കൊണ്ട് വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയത്. കുഞ്ഞമ്മ. വെള്ളവേഷത്തിൽ തിളങ്ങുന്നു. എഴുന്നേറ്റ് പത്രം നീട്ടിയപ്പോൾ ഒരു ചോദ്യം:

"നീ പോയില്ലേടാ "

" പോകാൻ പറ്റില്ല കുഞ്ഞമ്മേ"

" അതെന്താ, നിൻ്റെ കയ്യിൽ കാശില്ലേ "

" അതല്ല. ഇൻ്റർവ്യൂ എടുക്കാതെ ചെല്ലരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് "

''ആര്? രാജാകൃഷ്ണനോ "

"അതെ, ഡോക്ടർ ഇങ്ങോട് വിളിക്കാമെന്ന് പറത്തിരുന്നു''

"അയാൾ വിളിച്ചാൽ ഞാനങ്ങ് ഇൻ്റർവ്യൂ എടുത്തു കൊടുക്കുമോ"

"ഇല്ല"

"പിന്നെ? "

"കുഞ്ഞമ്മയ്ക്ക് തോന്നണം"

സംഭാഷണം നിലച്ചു. നിശ്ശബ്ദത. ഞാൻ തലയുയർത്തി നോക്കി. ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് അവർ ക്ഷണിച്ചു: '' ഉം. കയറി വാ "

"നീ കാപ്പി കഴിച്ചതാണോ ചെറുക്കാ"

വരാന്തയിൽ കയറിയപ്പോൾ ആദ്യ ചോദ്യം. ഇല്ല എന്നുപറഞ്ഞപ്പോൾ ചിരി.

"പിന്നെ നീ എങ്ങോട്ടാടാ ഇറങ്ങിപ്പോയേ"

അതും ചോദിച്ചു കൊണ്ട് ആൾ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ അകത്തേക്ക് വിളിച്ചു. തീൻമേശമേൽ അപ്പവും കറിയും. പാലൊഴിച്ച ചായ. പഴുത്ത പാളയംകോടൻ. കഴിച്ചുതുടങ്ങിയപ്പോൾ ചുമരിലെ ചിത്രങ്ങളിലേക്ക് കണ്ണോടിച്ചു. ടി.വി. ഇരുന്നു ചിരിക്കുന്നു. എൻ്റെ കൗതുകം കണ്ടാകണം, കുഞ്ഞമ്മയും ചിരിക്കുന്നു.

വരാന്തയിൽ തിരിച്ചെത്തി.

"ഇൻ്റർവ്യൂ ഒന്നും ഇപ്പം ശരിയാകില്ലെടോ. നീ ഡോക്ടറോട് പറഞ്ഞേക്ക്" - എന്നു പറഞ്ഞുകൊണ്ട് ഗൗരിയമ്മതന്നെ സംസാരം തുടങ്ങി. ഞാൻ നോട്ടുബുക്കും പേനയും എടുത്ത് ടീപോയിമേൽ വെച്ചപ്പോൾ ശബ്ദം ഉയർന്നു: "വേണ്ടെന്നു പറഞ്ഞില്ലേ "

പിന്നെയും നിശ്ശബ്ദത. അത് മുറിച്ചുകൊണ്ട് വേറൊരു ചോദ്യം: "ഡാ ചെർക്കാ, ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യമായി ഉത്തരം പറയുമോ "

"പറയാം''

" ആ അയ്യനേത്ത് എഴുതുന്ന നോവലില്ലേടാ, അതിലെ ആ നായകൻ ശരിക്കും ആരാ? ബാലകൃഷ്ണപിള്ളയോ അതോ ബേബി ജോണോ?"

അയ്യനേത്ത് എഴുതിയിരുന്ന ദ്രോഹികളുടെ ലോകം എന്ന രാഷ്ടീയ ത്രില്ലർ അന്ന് ഹിറ്റാണ്. അധികാര രാഷ്ട്രീയത്തിൻ്റെ അകംകഥകൾ വാരിപുറത്തിടുന്ന തുടരൻനോവലിലെ നായകൻ ഒരു ഘടാഘടിയൻ രാഷ്ടീയ നേതാവാണ്. ആരെയാണ് നോവലിസ്റ്റ് കാരിക്കേച്ചർ ചെയ്യുന്നത് എന്ന ചോദ്യം അക്കാലത്ത് എല്ലാ രാഷ്ടീയക്കാരുടെയും ഉള്ളിലുള്ളതാണ്. ഗൗരിയമ്മ അത് ചോദിച്ചു എന്നുമാത്രം.

"എനിക്കറിയില്ല കുഞ്ഞമ്മേ, ഞാൻ വേണമെങ്കിൽ ചോദിച്ചിട്ട് പറഞ്ഞുതരാം" - എന്ന ഉത്തരം ഏശി എന്നു തോന്നുന്നു.

"നീ എന്നെ പറ്റിക്കരുത്" എന്ന് പറഞ്ഞു കൊണ്ട് സംസാരത്തിലേക്ക് കടന്നു. ചോദ്യങ്ങൾ ഇല്ലാതെതന്നെ ആദ്യം പാർട്ടിയിലെ പ്രശ്നങ്ങൾ വിശദീകരിച്ചുതന്നു. പിന്നെ ചോദ്യങ്ങൾക്ക് മറുപടി തന്നു. ഉപചോദ്യങ്ങളോട് തർക്കിച്ചു. "നിനക്ക് ഒന്നും അറിയില്ലെടാ ചെറുക്കാ" എന്ന് പലവട്ടം ദേഷ്യപ്പെട്ടു. "ഇൻ്റർവ്യൂ എഴുതിയാൽ ഡോക്ടറുടെ കയ്യിലേ കൊടുക്കാവൂ" എന്ന നിബന്ധനയോടെ നിറുത്തി.

എല്ലാം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ, "നീ ഉണ്ണാൻ നിൽക്കുന്നുണ്ടോ " എന്നായി. ഇല്ലെന്നു പറഞ്ഞപ്പോൾ ആൾ അകത്തേക്ക് പോയി. "നീ അലുവ കഴിക്കുമോടാ " എന്ന് ചോദിച്ചു കൊണ്ട് തിരിച്ചു വരുമ്പോൾ കയ്യിലൊരു പാത്രം. അതിൽ അലുവാ കഷ്ണങ്ങൾ.

ആ മധുരത്തിലിരുന്ന് എഴുതിയ ആ അഭിമുഖം ആർക്കെങ്കിലും കയ്ച്ചുവോ എന്തോ. ആ ലക്കം കേരള ശബ്ദം വാരിക പുറത്തിറങ്ങി ഏറെക്കഴിയും മുമ്പ് പാർട്ടി മുഖം കറുപ്പിച്ചു. ആ കോട്ടയുടെ വാതിൽ തുറന്നു. കെ. ആർ ഗൗരിയമ്മ പുറത്തേക്ക് എന്നതായിരുന്നു പിന്നെ വലിയവാർത്ത.

രാഷ്ട്രീയം. എന്തൊരു ഉദ്വേഗജനകമായ നാടകം. കഥയറിയാതെ ആ അരങ്ങിൻ്റെ വക്കിൽ എത്തിപ്പെട്ടപ്പോൾ ഏതൊക്കെ ഗംഭീര കഥാപാത്രങ്ങളെ കണ്ടുവെന്നോ. പലരെയും കണ്ടു. പക്ഷേ, കുഞ്ഞമ്മയെന്നാൽ കുഞ്ഞമ്മ മാത്രം.

ഇപ്പോഴും അത് വ്യക്തമായി കേൾക്കാം - " നീ പോടാ ചെർക്കാ, നിനക്ക് ഒന്നും അറിയില്ല".

Also Read:"പിളർപ്പു ഞങ്ങളെ പിരിക്കുവോളവും"

Also Read:ഗൗരിയമ്മ - ടി.വി തോമസ് പ്രണയത്തിന്റെ സാക്ഷ്യമായി ആ കിളിവാതിൽ ഇപ്പോഴുമുണ്ട്‌




TAGS :

Next Story